തൃശൂര്‍: 200 വര്‍ഷം മുന്‍പ് തകര്‍ന്നുപോയ ക്ഷേത്രം അഷ്ടമംഗലപ്രശ്നത്തിലെ കണ്ടെത്തലിലൂടെ പുനര്‍ജ്ജനിക്കുന്നു. ഈയിടെ നടത്തിയ അഷ്ടമംഗലപ്രശ്നത്തിലാണ് തൃശൂരിലെ നെല്ലങ്കരയില്‍ ക്ഷേത്രമുണ്ടെന്ന പ്രവചനമുണ്ടായത്. കാടുവെട്ടിത്തെളിച്ച് നോക്കിയപ്പോള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ധന്വന്തരീ മൂര്‍ത്തിയുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
900 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നും പറയുന്നു. ഒരു പ്രളയത്തിലാണ് ഈ ക്ഷേത്രം തകര്‍ന്നത്. ഇപ്പോള്‍ നാടിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ക്ഷേത്രം പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ് നെല്ലങ്കര സ്വദേശികള്‍. നാട്ടില്‍ തുടര്‍ച്ചയായ ചില ദുര്‍നിമിത്തങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അഷ്ടമംഗലപ്രശ്നം നടത്താന്‍ തീരുമാനിച്ചത്. ക്ഷേത്രം വീണ്ടെടുത്താല്‍ മാത്രമേ ദുര്‍നിമിത്തങ്ങള്‍ക്ക് പരിഹാരമുള്ളൂ എന്നാണ് അഷ്ടമംഗലപ്രശ്നത്തില്‍ തെളിഞ്ഞത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായാണ് ധന്വന്തരീ മൂര്‍ത്തിയുടെ ക്ഷേത്രങ്ങള്‍ കാണപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ഔഷധത്തിന്റെയും ആരോഗ്യത്തിന്റെയും ദേവനാണ് ധന്വന്തരി. മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നു. അതിനാൽ രോഗികളും ആതുരസുശ്രൂഷകരും ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി. ഇതാണ് മരുന്നും മന്ത്രവും എന്ന ചൊല്ലിന് ആധാരം.
പാലാഴിമഥനം നടക്കുമ്പോള്‍ അമരത്വം പ്രദാനം ചെയ്യുന്ന അമൃതകുംഭവുമായി ധന്വന്തരി അവതരിച്ചു എന്ന് ഭാഗവതം പറയുന്നു. പൊതുവേ ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. കർക്കിടക മാസത്തിൽ ആയൂർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ഠാനം വൈദ്യന്മാർക്ക് ഇടയിലുണ്ടായിരുന്നു. ധന്വന്തരിയെ ആരാധിച്ചാൽ രോഗങ്ങൾ അകന്ന് ആരോഗ്യവും ആയുസും സിദ്ധിക്കും എന്നാണ് ഹൈന്ദവവിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: