ന്യൂദല്‍ഹി : സാധാരണക്കാര്‍ക്ക് ആശ്വാസമേകി അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്ക്കുപയോഗിക്കുന്നത് ഉള്‍പ്പടെ 34 മരുന്നുകളെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചത്.
പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഗിന്‍, ടെനിഗ്ലിറ്റിന്‍ മരുന്നുകളും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ്, ക്യാന്‍സര്‍ ചികിത്സക്കുള്ള മൂന്ന് മരുന്നുകളും രണ്ട് ആന്റി ഫങ്കല്‍ മരുന്നുകളും ടിബിയെ പ്രതിരോധിക്കുന്നവയും പുതിയതായി ചേര്‍ത്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യയാണ് പരിഷ്കരിച്ച പട്ടിക പുറത്തുവിട്ടത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും. ദേശീയ മരുന്ന് വില നിര്‍ണയ അതോറിറ്റി നിശ്ചയിക്കുന്ന വിലയില്‍ കുറഞ്ഞ നിരക്കില്‍ മാത്രമേ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ വില്ക്കാന് കഴിയൂ.
മൂന്ന് വര്‍ഷം കൂടുമ്പോഴാണ് അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്കരിക്കുന്നത്. 2015 ലാണ് ഇതിന് മുന്‍പ് പട്ടിക പരിഷ്കരിച്ചത്. പിന്നീട് മൂന്ന് വര്‍ഷം കൂടുമ്പോള്‍ പരിഷ്കരിക്കേണ്ടതാണെങ്കിലും കോവിഡിനെ തുടര്‍ന്ന് ഇത് നീണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം പട്ടിക പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഐസിഎംആറും അവശ്യ മരുന്നുകളുടെ വില നിര്‍ണയിക്കാനുള്ള കമ്മിറ്റിയും ചേര്‍ന്ന് മരുന്നുകളുടെ പട്ടിക കരട് രൂപത്തില്‍ ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.
350 വിദ്ഗധരുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയത്. 27 വിഭാഗങ്ങളിലായി 384 മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതുകൂടാതെ അവശ്യമരുന്നുകളുടെ പട്ടികയിലുളള ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വില വര്‍ധിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. മറ്റ് മരുന്നുകള്‍ക്ക് ഓരോ വര്‍ഷവും പത്ത് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാന്‍ അനുമതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: