ആര്. സഞ്ജയന്
ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍
പുരാവസ്തു പഠനരംഗത്തെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് കഴിഞ്ഞ ദിവസം നമ്മെ വിട്ടുപോയ ബി.ബി. ലാല്‍. ഹാരപ്പയിലും തക്ഷശിലയിലുമൊക്കെ നമ്മുടെ നാഗരികതയുടെ ആദിമ സ്രോതസ്സുകള്‍ തേടിയുള്ള അന്വേഷണത്തില്‍ പങ്കാളിയായിരുന്നു ലാല്‍. പിന്നീട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മേധാവിയായി.
ഭാരതീയ പൗരാണിക ചരിത്രപഠനരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്കിയ അഗ്രഗാമികളില് ഒരാളാണ് ബി.ബി. ലാല്‍. അദ്ദേഹം രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ ഉല്ഖനനം നടത്തുകയും, അതിന്റെയൊക്കെ ചരിത്രപശ്ചാത്തലം സ്ഥാപിക്കുകയും ചെയ്തു. ഹസ്തിനപുരം, അയോധ്യ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഉല്ഖനനം നടത്തിയിരുന്നു. എഴുപതുകളില്‍ അയോധ്യയില്‍ നടത്തിയ പുരാവസ്തു പഠനവും ഉല്ഖനനവുമാണ് അവിടുത്തെ ബാബറി മസ്ജിദ് എന്ന തര്‍ക്കമന്ദിരം നിര്‍മിച്ചത് ക്ഷേത്രസമുച്ചയത്തിന് മുകളിലാണെന്ന വ്യക്തമായ സൂചന നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് പിന്നീട് വന്ന അന്വേഷണങ്ങളും ഗവേഷണങ്ങളും വിവാദങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്.
ഭാരതത്തിന്റെ പൗരാണിക ചരിത്രത്തെയും നാഗരികതയെയും ചരിത്രവസ്തുതകളായി അടയാളപ്പെടുത്തുന്ന ലാലിന്റെ പഠനങ്ങള്‍ ഇടതുപക്ഷ ചരിത്രകാരന്മാരെ പ്രകോപിപ്പിച്ചതില്‍ അതിശയിക്കാനില്ല. ശാസ്ത്രബോധവും സത്യനിഷ്ഠയും ധാര്‍മിക നിലപാടുമുള്ള ലാലിനെപ്പോലുള്ള ചരിത്രപുരാവസ്തു പണ്ഡിതന്മാര് അവസരവാദപരമായ നിലപാടുകള്‍ കൈക്കൊള്ളുന്ന ഇടതു ചരിത്രകാരന്മാരുടെ ശത്രുവായത് സ്വാഭാവികം. പ്രത്യയശാസ്ത്ര നിലപാടുകളെ സ്ഥാപിക്കാന്‍ ചരിത്രത്തെ വക്രീകരിക്കുന്ന ഇക്കൂട്ടരില്‍നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ലാല്‍. ഭാരതത്തിന്റെ പൗരാണിക ചരിത്രത്തിലും സംസ്കാരത്തിലും അഭിമാനം കൊള്ളുന്നവരാണ് ലാലിനെപ്പോലുള്ള പണ്ഡിതന്മാര്. അവര്‍ തങ്ങളുടെ നാടിന്റെ മഹത്വം സ്ഥാപിക്കുന്നത് ഏതെങ്കിലും കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിച്ചല്ല. മറിച്ച് അതുസംബന്ധിച്ചുളള തെളിവുകള്‍ വല്ലതും ഉണ്ടോ എന്ന് സത്യസന്ധമായി അന്വേഷിച്ചാണ്. ജനവാസകേന്ദ്രങ്ങളുടെ വികാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ പഠനത്തെ അവര്‍ സഫലമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് മഹാഭാരത-രാമായണ സൈറ്റുകള്‍ ഭാരതത്തിന്റെ പൗരാണിക ചരിത്രത്തിലെ നാഴികക്കല്ലുകളായി ഇപ്പോള്‍ എണ്ണപ്പെടുന്നത്.
പുരാവസ്തു മേഖലയ്ക്കു മാത്രമല്ല, മുഴുവന്‍ രാഷ്ട്രത്തിനും അഭിമാനിക്കാവുന്ന സംഭാവനകളാണ് ബി.ബി. ലാല്‍ നല്‍കിയിട്ടുള്ളത്. അദ്ദേഹം സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലുള്പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ ഉന്നത അക്കാദമിക പദവികള്‍ വഹിച്ചിട്ടുമുണ്ട്. രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി ആദരിച്ച ലാലിന്റെ കൃതികള്‍ പലതും ഭാരതത്തിന്റെ ചരിത്രത്തില്‍ ശരിയായ താല്പര്യമുള്ള ആധുനിക ഗവേഷകര്‍ക്ക് വഴികാട്ടിയായി മാറിയിട്ടുണ്ട്. ഹിസ്റ്റോറിസിറ്റി ഓഫ് മഹാഭാരത-എവിഡന്‍സ് ഓഫ് ലിറ്ററേച്ചര്‍ ആര്‍ട്ട് ആന്റ് ആര്‍ക്കിയോളജി’- ഇത്തരത്തിലുള്ള ഒരു കൃതിയാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഭാരതീയ വിചാരകേന്ദ്രം അനുശോചനം രേഖപ്പെടുത്തുന്നു. ആ സ്മരണക്കു മുന്നില്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: