ന്യൂദല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഗുരുഗ്രാമില്‍ നടത്താനിരുന്ന പരിപാടി ഹരിയാനയിലെ സംഘാടകര്‍ റദ്ദാക്കി. പരിപാടി നടത്തിയാല്‍ വേദിയ്ക്ക് പുറത്ത് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിശ്വ ഹിന്ദുപരിഷത്ത് ഭീഷണിപ്പെടുത്തിയിരുന്നു.
ആരുടെയും മതവികാരം വ്രണപ്പെടുത്തുന്ന പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി മോദിയേയും ഹിന്ദു ദൈവങ്ങളെയും അപഹസിക്കുന്ന പരിപാടികളാണ് കുനാല്‍ കമ്ര അവതരിപ്പിക്കുന്നത്. ഈ പരിപാടിയുടെ സംഘാടകനായ സാഹില്‍ പറയുന്നത് ഇതാണ്:”ബജ്റംഗ് ദളില്‍ നിന്നും ചിലര്‍ വന്നു. അവര്‍ കുനാല്‍ കമ്ര എന്ന കൊമേഡിയനെക്കുറിച്ചു പറഞ്ഞു. അദ്ദേഹം ഹിന്ദുമതത്തെ കളിയാക്കുന്ന തമാശകള്‍ പറയുന്നുവെന്ന് പരാതിപ്പെട്ടു. അതുകൊണ്ടാണ് മാനേജ് മെന്റ് ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുന്ന പരിപാടി റദ്ദാക്കാമെന്ന് തീരുമാനിച്ചു.”
നേരത്തെ വിഎച്ച് പിയും ബജ്രംഗ്ദളും കുനാല്‍ കമ്രയുടെ പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗുരുഗ്രാം ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പരിപാടി അലങ്കോലപ്പെടുത്തുമെന്നും വിശ്വഹിന്ദു പരിഷത്ത് താക്കീത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: