ഏഷ്യയുടെ നൊബേല്‍ പുരസ്കാരമായി അറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡ് സ്വീകരിക്കുന്നതിന് മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയെ വിലക്കിയതിന് സിപിഎം പറഞ്ഞ കാരണങ്ങള്‍ പാര്‍ട്ടി അണികള്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം പരിഹാസ്യമായിരുന്നു. കമ്യൂണിസ്റ്റുകളെ കൊന്നൊടുക്കിയ ഫിലിപ്പീന്‍സ് ഭരണാധികാരിയായ റമോണ്‍ മാഗ്സസെയുടെ പേരിലുള്ള അവാര്‍ഡായതിനാല്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചു എന്നാണ് സിപിഎം കേന്ദ്രനേതൃത്വം പറഞ്ഞത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയെന്ന നിലയ്ക്ക് കൂട്ടായ പ്രവര്‍ത്തനമാണ് ശൈലജ നടത്തിയതെന്നും, അതിന്റെ പേരില്‍ വ്യക്തിപരമായി അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ലെന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. തീരുമാനം ശൈലജയുടെതാണെന്നു വരുത്താന്‍ അവരെക്കൊണ്ടുതന്നെ പറയിപ്പിക്കുകയും ചെയ്തു. മാഗ്സസെ അവാര്‍ഡിന് പരിഗണിക്കുക മാത്രമല്ല, അത് സ്വീകരിക്കാന്‍ സമ്മതമാണെന്ന് ശൈലജ അറിയിച്ചതിനെത്തുടര്‍ന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. കേന്ദ്ര കമ്മിറ്റിയുടെ അറിവോടെയായിരുന്നു ഇതെന്നും കേള്‍ക്കുന്നു. ഇതിനുശേഷമാണ് കേരള ഘടകത്തിന്റെ വിലക്കു വരുന്നതും കേന്ദ്ര നേതൃത്വം അത് അംഗീകരിച്ച് ശൈലജയെ നിവൃത്തികേട് അറിയിച്ചതും.
ഫിലിപ്പീന്‍സിന് കമ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തിയ ചരിത്രമുള്ളതുകൊണ്ട് അവിടുത്തെ ഭരണാധികാരിയുടെ പേരിലുള്ള അവാര്‍ഡ് സ്വീകാര്യമല്ലെന്ന് സിപിഎം പറയുന്നതില്‍ വലിയ യുക്തിയൊന്നുമില്ല. കാരണം ഈ സംഭവം നടക്കുന്നത് 1950 കളിലാണ്. 1957 മുതല്‍ ഏര്‍പ്പെടുത്തിയ മാഗ്സസെ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരില്‍ പലരും അത് ലഭിച്ച കാലത്തോ പിന്നീടോ സിപിഎമ്മിന് സ്വീകാര്യരായിട്ടുമുണ്ട്.
കമ്യൂണിസത്തോട് ഒരു കാലത്തും അനുഭാവം പുലര്‍ത്താത്ത സാമ്രാജ്യത്വ ശക്തിയായ അമേരിക്ക സ്വന്തം നാട്ടിലെ മാത്രമല്ല, മറ്റിടങ്ങളിലെയും കമ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തുകയും കൊന്നൊടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ടല്ലോ. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ജോസഫ് മക്കാര്‍ത്തി ശീതസമരകാലത്ത് നടത്തിയ കമ്യൂണിസ്റ്റുവേട്ട ‘മക്കാര്ത്തിസം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. റൊണാള്‍ഡ് റീഗണ് പ്രസിഡന്റായിരുന്ന അമേരിക്കയാണ് ‘ചെകുത്താന്റെ സാമ്രാജ്യം’ എന്നു മുദ്രകുത്തി സോവിയറ്റുണിയനെ തകര്ത്തതെന്നാണല്ലോ സിപിഎമ്മും ഇടതുപാര്‍ട്ടികളും ഇന്നും വിശ്വസിക്കുന്നത്.
വിമോചനസമരത്തിന് ആളും അര്‍ത്ഥവും നല്കി കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ചത് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആണെന്ന കഥ സിപിഎം ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വത്തിന്റെ ഈറ്റില്ലമായ ഇതേ അമേരിക്കയില്‍ പോയി നിപ വൈറസ് വ്യാപനം തടയാന്‍ കഴിഞ്ഞതിനുള്ള ആദരവ് ഡോ. റോബര്‍ട്ട് ഗാലോയില് നിന്ന് മുഖ്യമന്ത്രിയായ പിണറായി വിജയനും ആരോഗ്യമന്ത്രിയായിരുന്ന ശൈലജയും ഏറ്റുവാങ്ങിയതാണ്. മാനവരാശിക്കെതിരെ അമേരിക്ക നിര്‍മിച്ചതെന്ന് പണ്ടത്തെ സോവിയറ്റ് യൂണിയന് ആരോപിക്കുകയും, ഇന്ത്യയിലടക്കം പ്രചരിപ്പിക്കുകയും ചെയ്ത എച്ച്ഐവി വൈറസ് കണ്ടുപിടിച്ചത് ഈ ഗാലോയുടെ നേതൃത്വത്തിലുള്ള സംഘമാണ്. സിപിഎമ്മിന്റെ യുക്തിയനുസരിച്ച് നിപ വൈറസ് വ്യാപനം തടഞ്ഞതും കൂട്ടായ പ്രതിരോധമായിരുന്നുവല്ലോ. അതിന്റെ പേരില്‍ പിണറായിക്കും അന്നത്തെ ആരോഗ്യമന്ത്രി ശൈലജയ്ക്കും ആദരവ് സ്വീകരിക്കാമെങ്കില്‍ കൊവിഡിന്റെ കാര്യത്തില്‍ ശൈലജയ്ക്കു മാത്രമായി ഈ അവകാശം നിഷേധിക്കുന്നത് നീതിപൂര്‍വമല്ല.
റമോണ്‍ മാഗ്സസെയുടെ കമ്യൂണിസ്റ്റ് വിരോധമെന്നത് വെറുതെ ഒരു കാരണമായി പറയുന്നതാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ കെമിക്കല്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഇന്തോനേഷ്യന്‍ കമ്പനിയായ സാലിം ഗ്രൂപ്പിനെ ക്ഷണിച്ചുകൊണ്ടുവന്നപ്പോള് അതിനെതിരെ ഈ കമ്പനിയുടെ പൂര്‍വകാല ചരിത്രം ചിലര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതില്‍ സാലിം ഗ്രൂപ്പ് ഒത്താശ ചെയ്ത കാര്യമായിരുന്നു അത്. പക്ഷേ ബുദ്ധദേവ് സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. ബുദ്ധദേവ് വിരുദ്ധനായി അറിയപ്പെട്ട അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുപോലും അനുകൂലിച്ചു. പ്രതിഷേധത്തിനെതിരെ നന്ദിഗ്രാമില്‍ നടന്ന വെടിവയ്പ്പില്‍ പാര്ട്ടിക്കാര് തന്നെയാണ് കൊല്ലപ്പെട്ടത്. സാലിഗ്രൂപ്പ് ഇന്തോനേഷ്യയില്‍ ചെയ്തത് ഇടതുപക്ഷ സര്‍ക്കാര്‍ ബംഗാളില്‍ ചെയ്യുകയായിരുന്നു.
കൊവിഡ് പ്രതിരോധത്തില്‍ സിപിഎമ്മും സര്‍ക്കാരുമാണ് ശൈലജയെ ഉയര്‍ത്തിക്കാട്ടിയത്. ലോക രാജ്യങ്ങള്‍ക്ക് മാതൃകയെന്നായിരുന്നു അവകാശവാദം. പക്ഷേ വളരെ പെട്ടെന്നാണ് അതിന്റെ അപകടം മനസ്സിലായത്. ശൈലജയെ പാര്‍ട്ടിക്കകത്തും പുറത്തും ഇങ്ങനെ വളരാന്‍ വിട്ടാല്‍ ഭാവിയില്‍ അത് ഭീഷണിയാവുമെന്ന് ചിലര്‍ തിരിച്ചറിഞ്ഞു. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ പല പ്രമുഖര്‍ക്കും സീറ്റ് നിഷേധിച്ചപ്പോള്‍ ശൈലജയ്ക്ക് അവസരം നല്‍കേണ്ടിവന്നത് ജനവികാരം ഭയന്നാണ്. മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ ഭീതി ശരിവയ്ക്കുന്നതായിരുന്നു.
ഇടതുമുന്നണിക്ക് അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ ശൈലജ വീണ്ടും മന്ത്രിയാകുമെന്ന് പാര്ട്ടിക്കാര് ഉറപ്പിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ശൈലജയെ വെട്ടിനിരത്തിയത്. ശൈലജയെ ഒരിക്കല്‍ക്കൂടി മന്ത്രിയാക്കിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ചിലര്‍ തിരിച്ചറിയുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിലെ ആശ്രിതര്‍ക്കും കുടുംബത്തിലെ അനന്തരാവകാശിക്കുമൊക്കെ മന്ത്രിപദവിയിലേക്ക് നറുക്കുവീണപ്പോള്‍ ഒരു നന്ദിവാക്കുപോലും കിട്ടാതെ ശൈലജ പരസ്യമായി അപമാനിക്കപ്പെട്ടു. ഇവിടെയും അവസാനിച്ചില്ല. എം.വി.ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായപ്പോള്‍ വന്ന ഒഴിവുനികത്താന് മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും, ശൈലജയെ ഉള്‍പ്പെടുത്തുമെന്നുമുള്ള വാര്‍ത്തകള്‍ മുളയിലെ നുള്ളിക്കളഞ്ഞു. ഇതിനു പിന്നാലെയാണ് മാഗ്സസെ അവാര്‍ഡും വേണ്ടെന്നു വയ്പ്പിച്ചത്.
മാഗ്സസെ അവാര്‍ഡ് നല്കുന്ന അമേരിക്കയിലെ റോക്ഫെല്ലര്‍ ഫൗണ്ടേഷന് സാമ്രാജ്യത്വബന്ധമുണ്ടെന്നും, ഇതിനുപയോഗിക്കുന്നത് സിഐഎ ഫണ്ടാണെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ മുന്‍കാലത്ത് നടന്നിട്ടുണ്ട്. അപ്പോഴൊന്നും സിപിഎം ഏതെങ്കിലും തരത്തില്‍ പ്രതികരിച്ചതായി കേട്ടിട്ടില്ല. അതുകൊണ്ടാണ് ശൈലജയുടെ കാര്യത്തില്‍ പാര്‍ട്ടിക്കുണ്ടായ വെളിപാട് വിചിത്രമായി തോന്നുന്നതും, അതിന്റെ കാരണം മറ്റു ചിലതാണെന്ന് സംശയിക്കേണ്ടിവരുന്നതും.
കൊവിഡാണ് ശൈലയ്ക്ക് വിനയായത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം അത്ര മികച്ചതൊന്നുമല്ല എന്നതാണ് നേരനുഭവം. പക്ഷേ വലിയ സംഭവമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും, ശൈലജയ്ക്ക് തിളക്കമുള്ള ഒരു പ്രതിച്ഛായ ലഭിക്കുകയും ചെയ്തു. അവരില്‍ ഒരു ‘ചീഫ് മിനിസ്റ്റീരിയല്‍ മെറ്റീരിയല്‍’ ഉണ്ടെന്ന് പാര്‍ട്ടി പിടിച്ചടക്കിയിരിക്കുന്നവര്ക്ക് തോന്നി. ഉടന്‍തന്നെ കൊവിഡ് കാലത്തെ പതിവു പത്രസമ്മേളനത്തില്‍ കസേരമാറ്റം സംഭവിച്ചു. പിന്നീടങ്ങോട്ട് അപാരമായ പക്വതയോടെ അമര്‍ഷം ഉള്ളിലൊതുക്കി മൂകസാക്ഷിയായി ശൈലജയ്ക്ക് ഇരിക്കേണ്ടിവന്നു.
കെ.കെ. ശൈലജയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കിയാല് മറ്റൊരു ഗൗരിയമ്മയാവാനുള്ള സാധ്യത പാര്‍ട്ടിയെ ഭരിക്കുന്നവര്‍ കടന്നുകണ്ടു. കേരം തിങ്ങും കേരളനാട് കെ.ആര്.ഗൗരി ഭരിക്കുമെന്ന് അവര്‍ക്കും ജനങ്ങള്‍ക്കും ആശ കൊടുത്തശേഷം തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ പാര്‍ട്ടി മറുകണ്ടം ചാടുകയായിരുന്നുവല്ലോ. ഈ വഞ്ചന ‘വിപ്ലവ നായിക’യെ പിടിച്ചുലച്ചു. ഇതാണ് പടിപടിയായി അവരെ പാര്‍ട്ടിക്ക് പുറത്തേക്ക് നയിച്ചത്. അനുസരിച്ചില്ലെങ്കില്‍ ഇതുതന്നെയാവും ശൈലജയെയും കാത്തിരിക്കുന്നത്. മന്ത്രിസ്ഥാനം നിഷേധിച്ചതും മാഗ്സസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്ന് വിലക്കിയതും വ്യക്തമായ സൂചനയാണ്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗം എന്ന ഉന്നതപദവിയൊന്നും രക്ഷയ്ക്കെത്തുകയില്ല. മുസ്ലിംലീഗിനെപ്പോലെ കേരള ഘടകത്തിന്റെ ചെലവില്‍ കഴിയാന്‍ വിധിക്കപ്പെട്ട അഖിലേന്ത്യാ നേതൃത്വമാണല്ലോ സിപിഎമ്മിനുമുളളത്. പൊളിറ്റ് ബ്യൂറോയെക്കാള്‍ ശക്തമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്ക് അതിജീവിക്കാന്‍ ചില സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കുകയും, കുറെയൊക്കെ വിജയിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കേരളഘടകത്തെ അനുസരിക്കാന്‍ സീതാറാം യെച്ചൂരിയും ബാധ്യസ്ഥനാണ്. ദല്‍ഹിയിലെ എകെജി ഭവനിലിരുന്ന് മാഗ്സസെയുടെ കാര്യത്തില്‍ മാത്രമല്ല, മാര്‍ക്സിന്റെ കാര്യത്തില്‍പോലും യെച്ചൂരിക്ക് ഒരു തീരുമാനമെടുക്കണമെങ്കില്‍ തിരുവനന്തപുരത്തെ എകെജി സെന്ററിന്റെ അനുമതി വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: