ഓണം-ഓം(പ്രണവ മന്ത്രം)-ണശ്ച നിര്വൃതിവാചക: ഓണം… ശ്രാവണം (ശ്രവണത്തിന്റെ മാസമാണ് ഓണം), കര്ക്കടകനിശ്ശബ്ദത ഭഞ്ജിച്ച് കിളികള്‍ പാടുന്ന കാലം, നമ്മളത് ആനന്ദത്തോടെ ശ്രവിക്കുന്ന പുണ്യകാലം. തിരുവോണദിനത്തില്‍ (വാമനമൂര്‍ത്തിയുടെ തിരുവവതാരദിനം) ഭഗവാനും (വാമനനും)ഭക്തനും (മഹാബലി) ഒന്നിച്ചെഴുന്നെള്ളുന്ന സുദിനം. അദ്വൈതത്തെ മലയാളി പ്രായോഗികമായി നേരിട്ടു കാണുന്ന, സാക്ഷാത്കരിക്കുന്ന ഉജ്വലമുഹൂര്ത്തം. തൃക്കാക്കരയപ്പന് വാമനനാണല്ലോ. മലയാളികളുടെ, സുമനസ്സുകളുടെ പുഷ്പോത്സവം, അതാണ് ശ്രാവണകാലം. ഋതു സംക്രമണകാലം. സമൃദ്ധി നിറയുന്ന വിളവെടുപ്പിന്റെ കാലം. പൊട്ടി പുറത്തേക്ക്, ശീവോതി അകത്തേക്ക് എന്ന ആഹ്വാനം നിറയുന്ന കാലം. ശ്രീഭഗവതി(ഐശ്വര്യമഹാലക്ഷ്മി) എഴുന്നെള്ളുന്ന മംഗള സന്ദര്‍ഭം. പൊന്നിന് ചിങ്ങമാസം. പൊന്ന്, (സ്വര്‍ണം) സൂര്യപ്രതീകം. വിഷുവിലും ഈ സൂര്യനുണ്ട്. വിഷുക്കണി പൊന്നുരുളി, കസവു, കണിക്കൊന്നനിറം, കണിവെള്ളരി എന്നിങ്ങനെ. പൊങ്കാലയും സൂര്യാരാധന തന്നെയാണല്ലോ. പൊന്‍കലം സൂര്യന്. പൊന്‍കലം നിറഞ്ഞു തൂവുന്ന അരിമണികള്‍ സൂര്യന്റെ ഊര്ജപ്രവാഹ ക്ഷമതയുടെ സൂചനയിലേക്ക് അന്വയിക്കുക.
ഭാഗവതത്തിലെ പ്രസ്തുത ഭാഗമൊന്നു മനസ്സിരുത്തി വായിക്കുക. വിഷ്ണു ഭഗവാന്റെ പാദമുദ്രയേറ്റുവാങ്ങി ഭക്തോത്തമനായ മഹാബലി സുതലത്തിലേക്ക് യാത്രയാവുന്നതും ഭഗവാന്റെ അനുഗ്രഹത്താല്‍ പിന്നീട് ഇന്ദ്രപദവിയിലേക്ക് എത്തിച്ചേരുമെന്ന വാക്കില്‍ നിറഞ്ഞു സന്തുഷ്ടനായി യാത്രയാവുന്നതുമൊക്കെ അപ്പോഴേ വ്യക്തമാവൂ. കൊളോണിയല്‍-ദ്രാവിഡചിന്തകളില് പെട്ടുഴലുന്നവര്‍ക്ക് യഥാര്‍ഥസത്യം ബോധ്യപ്പെടില്ല. അസത്യ നിര്‍ഭരമായ കരിമ്പുകയുടെ തുമ്പിക്കൈ നമ്മുടെ ചെരുപ്പുകള്ക്കൊക്കെയും മുമ്പിലത്തെ കുഞ്ഞിക്കാലടികളെ പോലും ചുഴറ്റിപ്പിടിച്ചിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളിലേക്കും കള്ളക്കഥകള്‍ നിക്ഷേപിച്ച് നാം ആഘോഷങ്ങളില്‍ രമിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും ഓണക്കാലത്ത് വില്പന വര്‍ധിക്കുമ്പോള്‍ ഓണത്തിന്റെ സ്വത്വമാണ് നാമാവശേഷമാകുന്നത്. കള്ളക്കഥയാകുന്ന ഈ മദയാനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഔഷധവേരുകളേറെയുള്ള നമ്മുടെ പൈതൃകത്തിലേക്ക് ഉടനടി മടങ്ങുക.
പ്രഭാതം, മധ്യാഹ്നം, സായാഹ്നം എന്നീ മൂന്നവസ്ഥകള്‍ സൃഷ്ടിച്ച് സൂര്യന് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രകൃതി തത്വം തന്നെയാണ് നാം ശ്രദ്ധിക്കേണ്ടത്. (ത്രിവിക്രമഭാവമാര്ന്ന് മൂന്നടിമണ്ണ് ആവശ്യപ്പെട്ടത് വാമനമൂര്ത്തിയാണല്ലോ) ബലിയുടെ സാമ്രാജ്യമോഹവും അഹന്തയും നിര്‍മാര്‍ജനം ചെയ്ത് ശുദ്ധീകരിച്ച വാമനന്, സുദര്‍ശനധാരിയായ സാക്ഷാല്‍ മഹാ വിഷ്ണുവിന്റെ, പാലാഴിയില്‍ പള്ളി കൊള്ളുന്ന മഹാ ചൈതന്യത്തിന്റെ, അംശാവതാരമാണല്ലോ. കര്‍ക്കടകം കഴിഞ്ഞ് ചിങ്ങമാരംഭിക്കുമ്പോള് ആകാശത്തില്‍ കാണുന്ന സൂര്യന് മനുഷ്യനേത്രത്തിന് ആകൃതി കൊണ്ട് ചെറുതാണ്. വാമന മൂര്‍ത്തിയുടെ രൂപവും ആദ്യം ചെറുതാണ്. പിന്നീടാണ് ത്രിവിക്രമ ഭാവമാര്ജ്ജിക്കുന്നത്. സൂര്യദേവന്റെയും ആകൃതി ക്രമേണ വിപുലമാവുന്നു. ഇതോടെ ഇരുട്ട് (ബലി) അകലുന്നു. സൂക്ഷ്മം ചിന്തിച്ചാല്‍ പ്രകൃതിയില്‍ നിരന്തരം, അനുദിനം വാമനാവതാരം സംഭവിക്കുന്നുണ്ട്.
ഭൂ സൂചന നല്കുന്ന വൃത്താകൃതിയില്‍ നിബന്ധിച്ച നമ്മുടെ ഓണപ്പൂക്കളത്തില് പല നിറത്തിലും മണത്തിലും വലുപ്പത്തിലുമുള്ള പൂക്കള്‍ പരസ്പരസൗഹൃദ ഭാവത്തോടെ പുലരുന്നു. ഒറ്റപ്പൂമാത്രമുള്ള പൂക്കളം അസുന്ദരമത്രേ. ഒറ്റവിളത്തോട്ടം മാത്രമായി ലോകം മാറണമെന്ന് കരുതുന്ന സങ്കുചിത ചിന്തക്കെതിരായ മലയാണ്മയുടെ ഭാവാത്മക പ്രതികരണമത്രേ നമ്മുടെ വിവിധ പുഷ്പനിര്ഭരമായ ഓണപ്പൂക്കളം.
സര്‍വധര്‍മ സമഭാവനയുടെയും പാരസ്പര്യത്തിന്റെയും മഹാസന്ദേശമാണിത്. ജാതിമത വര്ഗവര്ണരാഷ്ട്രീയത്തിനപ്പുറം നാം ഏകോദര സഹോദരന്മാരായി ജീവിക്കുമ്പോള്‍, പ്രകൃതിയെ ആദരിച്ചും സംരക്ഷിച്ചും സ്വാശ്രയത്വത്തിലൂന്നിയും തനിമയോടെ പുലരുമ്പോള്‍ മാതൃഭാഷയേയും ഇതര ഭാഷകളേയും സംസ്കാരങ്ങളെയും വിവേകബുദ്ധിയോടെ സമീപിക്കുമ്പോള്‍ നാം ഓണം ആഘോഷിക്കുവാന്‍ അര്‍ഹരായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: