അമ്പിളി പുരയ്‌ക്കല്‍
മുവാറ്റുപുഴ: തെരുവുനായ്‌ക്കളുടെ അനിയന്ത്രിത പെറ്റുപെരുകല്‍ തടയുന്നതിനുള്ള എബിസി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയില്‍ സംസ്ഥാനം പാഴാക്കിയത് 10 കോടി. 2017ലാണ് കേരളത്തില്‍ എബിസി പദ്ധതി തുടങ്ങിയത്. നിര്‍വഹണ ഏജന്‍സിയായി കുടുംബശ്രീയെ നിശ്ചയിച്ചു 10 കോടി രൂപ കൈമാറിയെങ്കിലും പ്രയോജനം ഉണ്ടായില്ല. കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രം നടത്തേണ്ട പദ്ധതിയെ ഉദാസീനതയോടെ സമീപിച്ചതിന്റെ ഫലമായി അഞ്ചു വര്‍ഷത്തിനിടെ നായ്‌ക്കളുടെ എണ്ണത്തില്‍ കുറവ് വന്നില്ലെന്നു മാത്രമല്ല, പെരുകുകയും ചെയ്തു. കുടുംബശ്രീ വന്ധീകരണം നടത്തിയ നായ്‌ക്കള്‍ പിന്നീട് പ്രസവിച്ചതും ചര്‍ച്ചയായി.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും എല്ലാ വര്‍ഷവും തെരുവ് നായ വന്ധീകരണത്തിനുള്ള തുക അതത് ജില്ലാ പഞ്ചായത്തിലേക്ക് നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഇതു മൃഗസംരക്ഷണ വകുപ്പിനു കൈമാറും. എന്നാല്‍, മൃഗ സംരക്ഷണ വകുപ്പില്‍ ഇത് ചെയ്യാന്‍ പ്രാപ്തരായ വെറ്ററിനറി സര്‍ജന്‍മാരോ സൗകര്യങ്ങളോ ഇല്ല. ഇതാണു പദ്ധതി താളം തെറ്റാന്‍ കാരണം.
സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം തെരുവുനായ്‌ക്കള്‍ ഉണ്ടെന്നാണ് കണക്ക്. നായ്‌ക്കളടക്കം രാജ്യത്തെ വിവിധ മൃഗങ്ങളുടെ അനിയന്ത്രിത വംശവര്‍ധന തടയുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളില്‍ കുരങ്ങ്, മാന്‍, പന്നി, കഴുത തുടങ്ങിയ മൃഗങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്.
ഇടതടവില്ലാതെ മൂന്ന് വര്‍ഷം കൃത്യമായി പദ്ധതി നടപ്പിലാക്കിയാല്‍ മൃഗങ്ങളുടെ പെറ്റുപെരുകല്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതേയുള്ളൂ എന്ന് സറാ (സിക്കിം ആന്റി റാബീസ് ആക്ഷന്‍) പദ്ധതിയിലൂടെ സിക്കിം തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ പേവിഷ വിമുക്ത സംസ്ഥാനമാണു സിക്കിം. ഈ മാതൃകയില്‍ നടപടി സ്വീകരിക്കാതെ മൃഗക്ഷേമ പ്രവര്‍ത്തകരെ കുറ്റം പറഞ്ഞു തടിതപ്പുകയാണ് ഭരണകൂടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: