ഷാജന് സി. മാത്യു
കൊച്ചി: പേവിഷ ബാധയേറ്റവര്‍ക്ക് ഒരു മാസമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്നത് തെറ്റായ ആന്റി റാബിസ് വാക്സിന്. 16 വര്‍ഷമായി സംസ്ഥാനത്ത് ഐഡി അഥവാ ഇന്‍ട്രാ ഡെര്‍മല്‍ (തൊലിക്കടിയില്‍ കുത്തി വയ്ക്കുന്നത്) വാക്സിനാണ് നല്‍കുന്നത്. എന്നാല്‍ ഒരു മാസമായി ഐഎം അഥവാ ഇന്‍ട്രാ മസ്കുലര്‍ (പേശിയില്‍ കുത്തി വയ്ക്കുന്നത്) വാക്സിന് റാബി വാക്സ്-എസ് ആണു നല്‍കുന്നത്. കുത്തി വയ്ക്കേണ്ട ഡോസിന്റെ കാര്യത്തില്‍ ഇവ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. അതിനാല്‍ ഒരു മാസത്തിനിടെ, വാക്സിനെടുത്തിട്ടും പേപ്പട്ടിയുടെ കടിയേറ്റവര്‍ മരിക്കുന്നതിന് ഇതു കാരണമായിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഐഎം വാക്സിന് ഐഡി വാക്സിനെക്കാള്‍ വിലക്കുറവാണ്. ഐഎം വാക്സിന് ഒരു എംഎല് ആണ് ഒരു തവണ ഉപയോഗിക്കേണ്ടത്. ഐഡി വാക്സിനാകട്ടെ 0.1 എംഎല് വീതം രണ്ടു തോളിലും അല്ലെങ്കില്‍ 0.2 എംഎല് ഒരു തവണ ഉപയോഗിക്കണം. അതായത് ഐഎം വാക്സിനെങ്കില്‍ കൂടുതല്‍ അളവിലാണ് കുത്തി വയ്ക്കേണ്ടത്.
എന്നാല്‍ പേശികളില്‍ കൂടുതല്‍ അളവില്‍ കുത്തിവയ്ക്കേണ്ട ഐഎം വാക്സിന് ഐഡി വാക്സിന്റെ ഡോസില്‍ (കുറഞ്ഞ ഡോസ്) ചര്‍മത്തിനടിയില്‍ കുത്തിവയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തത്. അങ്ങനെ ചെയ്യുമ്പോള്‍ അഞ്ചിരട്ടിപ്പേര്‍ക്കു വാക്സിന് നല്‍കാം. ഐഎം വാക്സിന്റെ വിലക്കുറവു കൂടിയാകുമ്പോള്‍ സര്‍ക്കാരിനു വമ്പന്‍ ലാഭം, സാധാരണക്കാരുടെ ജീവന്റെ വിലയില്‍. വീര്യം കുറഞ്ഞ വാക്സിന് കൂടുതല്‍ ഡോസ് നല്കേണ്ടതിനു പകരം കുറഞ്ഞ ഡോസ്, അതും തെറ്റായ രീതിയിലാണ് (പേശിയില്‍ കുത്തി വയ്ക്കേണ്ടതിനു പകരം തൊലിക്കടിയില്‍) നല്‍കിയതെന്ന് അര്‍ഥം.
‘1 ഡോസ് – 1 എംഎല്’ എന്ന നിര്‍ദേശം രേഖപ്പെടുത്തിയിരിക്കുന്ന വാക്സിനെത്തിയപ്പോഴേ ഡോക്ടര്‍മാര്‍ പിഴവു ചൂണ്ടിക്കാട്ടുകയും കുത്തിവയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍, ‘ക്ലിനിക്കല്‍ ട്രയല്‍സില്‍ ഇതിനും ഐഡി വാക്സിന്റെ ഗുണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്’ എന്ന വിചിത്രമായ ന്യായം മുന്നോട്ടുവച്ച് കുത്തിവയ്ക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ലിമിറ്റഡ് എംഡി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നു സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതു കുത്തിവച്ചു തുടങ്ങി. കടുത്ത സാമ്പത്തിക ഞെരുക്കമാണ് ഈ തീരുമാനത്തിനു സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
അതേസമയം പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. കേന്ദ്ര ഡ്രഗ് ലബോറട്ടറിയില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ അഞ്ചു പേര്‍ക്കും നല്‍കിയതെന്നാണ് വീണാജോര്‍ജിന്റെ വാദം. കെഎംഎസ്സിഎല്‍നോട് വീണ്ടും വാക്സിന് പരിശോധനയ്ക്കയ്ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: