കോണ്‍ഗ്രസ് വലിയൊരു യാത്രയുടെ ഒരുക്കത്തിലാണ്. ഇന്ന് കന്യാകുമാരിയില്‍ നിന്നാണത് തുടങ്ങുന്നത്. ‘ഭാരത് ജോഡോ യാത്ര’ എന്ന് പേരിട്ടിട്ടുള്ള യാത്ര നയിക്കുന്നത് രാഹുലാണ്. പിതാവിന്റെ അന്ത്യം സംഭവിച്ച പെരുമ്പത്തൂരില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും യാത്ര തുടങ്ങുക. മൂന്നുദിവസം തമിഴ്നാട്ടിലെ സന്ദര്‍ശനത്തിന് ശേഷം 11ന് കേരളത്തില്‍ കടക്കും. യാത്രയില്‍ ഉടനീളം കേന്ദ്ര സര്‍ക്കാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിച്ചുകൊണ്ടാവും പോവുക. അതിന്റെ സൂചനയാണ് അവരുടെ നേതാക്കള്‍ പുറപ്പെടുവിച്ചിട്ടുള്ള പ്രസാവനകള്‍ നല്‍കുന്നത്. പ്രശ്നങ്ങളോട് തുറന്ന സമീപനം സ്വീകരിക്കുന്നതിനുപകരം വിദ്വേഷവും വെറുപ്പും വളര്‍ത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ നേതാക്കളോരോന്നും നടത്തുന്ന പ്രതികരണങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയാണ് മുഖ്യ ചര്‍ച്ചാവിഷയമെന്നാണ് മുന്‍കേന്ദ്രമന്ത്രിയും എഐസിസി നേതാവുമായ പള്ളം രാജു അറിയിച്ചത്. മഹാമാരിമൂലം ലോകമെമ്പാടും കടുത്ത പ്രശ്നങ്ങളാലും പ്രതിസന്ധികളാലും നട്ടം തിരിയുകയാണ്. വിലക്കയറ്റം അതിന്റെ ഉപഉല്‍പ്പന്നമാണ്. തൊഴില്‍രംഗത്ത് മരവിപ്പും സാമ്പത്തിക ക്ലേശവും അതിരൂക്ഷമാണത്രെ. ഇതൊക്കെയാണ് വാദങ്ങള്‍. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ കഴിവും കരുത്തും കാട്ടിയ ഭരണമാണ് കേന്ദ്രത്തിലുള്ളത്. സാമ്പത്തികരംഗത്തെ കുതിപ്പ് അസൂയാവഹമാണ്. അഞ്ചാം സ്ഥാനത്തെത്തി ഇന്ന് ഭാരതം. മറ്റ് കാലങ്ങളിലെല്ലാം ഭാരതത്തിന്റെ സ്ഥാനം പത്തിന് മുകളിലാണെന്നറിയണം. മോദി ഭരണകൂടം ജനകീയ പ്രശ്നങ്ങളൊന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നാണ് പരാതി. എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ, പാര്‍ലമെന്റിലിരിക്കാനും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും കോണ്‍ഗ്രസ് തയ്യാറാകേണ്ടേ? പാര്‍ലമെന്റില്‍ പ്ലക്കാടും പിടിച്ച് മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം മുഴക്കാനും മാത്രമാണ് പ്രതിപക്ഷത്തിന്റെ ശ്രദ്ധയും ശ്രമവും.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ അനുവദിക്കുന്നില്ലെന്നും പള്ളം രാജു കുറ്റപ്പെടുത്തുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലമാണ് ഇപ്പോഴും മനസ്സിലെന്നുവേണം അനുമാനിക്കാന്‍. ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകനെ അകാരണമായി അറസ്റ്റുചെയ്തു, തടവിലിട്ടു എന്നുപറയാന്‍ കഴിയുമോ? വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍ വിളിച്ചുപറയുന്നത് ശരിയാണോ?
ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരിക്കുക എന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത് എന്നുപറയുന്ന കോണ്‍ഗ്രസിന് അതിനുള്ള ഒരു ഉദാഹരണമെങ്കിലും എടുത്തുകാട്ടാനാകുമോ? രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുകയാണത്രെ. അതാരാണ് ചെയ്യുന്നത് എന്ന് പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. കോണ്‍ഗ്രസും അതിനുചുറ്റം വട്ടമിട്ട് പറക്കുന്ന ഈയാംപാറ്റകളുമാണ് അതിനായി ശ്രമിക്കുന്നത്. ഭാരത് ജോഡോ യാത്രതന്നെ അതിന്റെ ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ സാധിക്കുമോ? രാജ്യരക്ഷപോലും അപകടത്തിലാണെന്ന് വിലപിക്കുന്നവരല്ലെ അതിന് ഉത്തരം നല്‍കേണ്ടത്. രാജ്യത്തിന്റെ സുരക്ഷ അപകടപ്പെടുത്താന്‍ നോക്കുന്നവരുടെ തോളത്ത് കയ്യിട്ടല്ലെ കോണ്‍ഗ്രസ് നേതൃത്വം നടക്കുന്നത്. അതിന്റെ ഉദാഹരണം എത്രവേണമെങ്കിലും ഉണ്ടല്ലോ. രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി പറഞ്ഞല്ലൊ. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്.
വെറുപ്പും വിദ്വേഷവും വളര്‍ത്തുക, ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവ് സൃഷ്ടിക്കുകയും അത് പരമാവധി വര്‍ധിപ്പിക്കുകയും ചെയ്യുക. അതല്ലെ കോണ്‍ഗ്രസ് ചെയ്യുന്നത്. വിഷം വിറ്റ് വീര്‍പ്പിക്കാനല്ലെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആരോപിച്ചത്. ഏത് ന്യൂനപക്ഷത്തെ എപ്പോള്‍ ശത്രുപക്ഷത്ത് നിര്‍ത്തി പ്രചാരണം നടത്തി എന്ന് സതീശന് പറയാമോ? കോണ്‍ഗ്രസിന്റെ സങ്കുചിത താല്പര്യവും ലക്ഷ്യവും നിറവേറ്റാനുള്ള ഈ സംഘടിത നീക്കത്തെ ജനം പുച്ഛിച്ചു തള്ളുന്നതിനലെ നിരാശയില്‍ നിന്നാണ് ഇമ്മാതിരി പ്രചാരണങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് വ്യക്തമാണ്.
ബിജെപി വിരുദ്ധചേരിക്കു രൂപംനല്‍കാനുള്ള ചര്‍ച്ചകള്‍ക്കായാണ് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാര്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയതെന്ന് വ്യക്തമാണ്. അദ്ദേഹം കോണ്‍ഗ്രസ് നേതാവ് രാഹുലുമായി ചര്‍ച്ചനടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്‍പ് പ്രതിപക്ഷം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളും ചര്‍ച്ചയായി. കോണ്‍ഗ്രസിന്റെ ഭാരത ഐക്യയാത്രയ്ക്ക് നിതീഷ് ആശംസയറിയിച്ചു. ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ബിഹാര്‍ മന്ത്രിയും ജെഡിയു നേതാവുമായ സഞ്ജയ് കുമാര്‍ ഝായും പങ്കെടുത്തു. ബിജെപിയുമായി കഴിഞ്ഞമാസം വരെ അധികാരം പങ്കിട്ട വ്യക്തിയാണ് നിതീഷെന്ന് ഓര്‍ക്കണം.
ജനതാദള്‍(എസ്) നേതാവ് എച്ച്.ഡി. ദേവഗൗഡയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുകണ്ട് ചര്‍ച്ചനടത്തി. ബുധനാഴ്ചവരെ അദ്ദേഹം ഡല്‍ഹിയിലുണ്ടാകും. എന്‍സിപി നേതാവ് ശരദ് പവാര്‍, ആംആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ലോക്ദള്‍ നേതാവ് ഓംപ്രകാശ് ചൗട്ടാല എന്നിവരെയും ചൊവ്വാഴ്ച കാണുന്നുണ്ട്. ബിജെപിക്കെതിരെ ഏത് ചെകുത്താനുമായും സഖ്യം എന്ന ചിന്തയാണ് ഈ വെറിപിടിച്ച നീക്കത്തിനെല്ലാമെന്ന് പകല്‍പോലെ വ്യക്തമാണ്.
ബിജെപിയുമായി ഉടക്കിപ്പിരിഞ്ഞ് ബിഹാറില്‍ പുതിയ സര്‍ക്കാരുണ്ടാക്കിയതിനു പിന്നാലെയാണ് നിതീഷ്കുമാര്‍ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായി മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചത്. വിശാലചര്‍ച്ചകള്‍ക്കായി പട്നയില്‍ കഴിഞ്ഞദിവസം നടന്ന ജെഡിയു ദേശീയകൗണ്‍സില്‍ യോഗം നിതീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ഡല്‍ഹി ദൗത്യത്തിനു പുറപ്പെടുംമുമ്പ് പട്നയില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ സന്ദര്‍ശിച്ച് നിതീഷ് ചര്‍ച്ചനടത്തി. ബിജെപിയുടെ സഖ്യകക്ഷിയാകാനുള്ള 2017ലെ തീരുമാനം വിഡ്ഢിത്തമായെന്ന് അദ്ദേഹം പട്നയില്‍ പറഞ്ഞു. പല തട്ടിലുള്ള നേതാക്കളുമായുള്ള ചര്‍ച്ചയുടെ മുഖ്യ അജണ്ട ബിജെപി വിരുദ്ധതയും വിദ്വേഷവുമാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: