ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ മെദ്വദേവ് പുറത്തായതിനു പിന്നാലെ ലോക രണ്ടാം നമ്പര്‍ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും പ്രീ ക്വാര്‍ട്ടറില്‍ മടങ്ങി.
നദാലിനെ ലോക 22-ാം നമ്പര്‍ താരമായ അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയാണ് അട്ടിമറിച്ചത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ വിജയം. സ്കോര്‍: 6-4, 4-6, 6-4, 6-3. വിജയത്തോടെ ടിയാഫോ ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക എട്ടാം നമ്പര്‍ താരമായ ആന്ദ്രെ റുബലേവാണ് ടിയാഫോയുടെ എതിരാളി. കാമറൂണ്‍ നോറിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് റുബലേവ് ക്വാര്‍ട്ടറിലെത്തിയത്.
ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ടിയാഫോ കാഴ്ചവച്ചത്. മത്സരത്തില്‍ നദാല്‍ അനായാസ വിജയം നേടുമെന്നാണ് ഏവരും കണക്കുകൂട്ടിയത്. എന്നാല്‍ കോര്‍ട്ടില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന ടിയാഫോ അര്‍ഹിച്ച വിജയം സ്വന്തമാക്കി. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനമാണിത്.
മൂന്നാം സീഡ് കാര്‍ലോസ് അല്‍കാരസും ക്വാര്‍ട്ടറിലെത്തി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 15-ാം സീഡ് മാരിന് സിലിച്ചിനെ കീഴടക്കിയാണ് അല്‍കാരസ് അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-4, 6-3, 4-6, 6-4, 3-6. 11-ാം സീഡ് യാനിക് സിന്നറും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. 6-1, 5-7, 6-2, 4-6, 6-3 എന്ന സ്കോറിന് ലിയ ഇവാഷ്കയെ തോല്‍പ്പിച്ചു. സിന്നറാണ് അല്‍കാരസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളി.
വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് ഇഗ സ്വയ്ടെകും എട്ടാം സീഡ് ജെസിക പെഗുലയും 22-ാം സീഡ് കരോലിന പ്ലിസ്കോവയും അര്യാന സബലെങ്കയും ക്വാര്‍ട്ടറിലേക്ക് മുന്നേറി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 2-6, 6-4, 6-0 എന്ന സ്കോറിന് സ്പാനിഷ് താരം ജൂള്‍ നീമിയറെ തകര്‍ത്താണ് ഇഗ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ലോക ഒന്നാം നമ്പറിന്റെ തിരിച്ചുവരവ്. 21-ാം സീഡ് പെട്ര ക്വിറ്റോവയെ 6-3, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പെഗുല മുന്നേറിയത്. കരോലിന പ്ലിസ്കോവ 7-5, 6-7 (7-5), 6-2 എന്ന് സ്കോറിന് വിക്ടോറിയ അസരങ്കയെയും ബെലറൂസ് താരമായ സബലെങ്ക, അമേരിക്കന്‍ താരം ഡാനിയേല കോളിന്സിനെയും തോല്‍പ്പിച്ചാണ് അവസാന എട്ടില്‍ ഇടംനേടിയത്. ക്വാര്‍ട്ടറില്‍ ഇഗയുടെ എതിരാളി ജെസിക്ക പെഗുലയും കരോലിന പ്ലിസ്കോവയുടെ എതിരാളി സബലെങ്കയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: