തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡ് മെമ്പറായിരുന്ന എം.ജി. നാരായണന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയും വിവാദവും ഏറുന്നു. ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്തോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നാരായണന്റെ മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയതായാണ് പുറത്തുവരുന്ന വിവരം.
ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരാണ് ആത്മഹത്യാക്കുറിപ്പ് എടുത്തുമാറ്റിയത്. പോലീസിന് ഇതു സംബന്ധിച്ച് വിവരം ലഭിച്ചുവെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കോളജുകളില്‍ അധ്യാപക നിയമനം തരപ്പെടുത്താമെന്ന് വാക്ക് നല്കി നാരായണന് പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. ഈ പണം സിപിഐ നേതൃത്വത്തിലെ ചിലര്‍ക്ക് കൈമാറിയെന്നാണ് നാരായണന്റെ ബന്ധുക്കള്‍ പറയുന്നത്.
ജോലി ലഭിക്കാതായതോടെ പണം നല്കിയവര് നാരായണന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയിരുന്നു. പണം കൈമാറിയത് ആര്‍ക്ക് എന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നതായാണ് സൂചന. നാരായണന് പണം വാങ്ങിയത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വം. പാര്‍ട്ടിക്ക് ഇടപാടില്‍ പങ്കില്ലെന്നും നേതൃത്വം അവകാശപ്പെടുന്നു. അതേസമയം പണം നല്കിയവര് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പക്ഷേ അവര്‍ സിപിഐ നേതാക്കളെ സമീപിച്ചിട്ടുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ ഒരു പൈസ പോലും തിരികെ ലഭിക്കില്ലെന്ന് ചില പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതായും പണം നല്കിയവര് വെളിപ്പെടുത്തി.
സംഭവം വിവാദമായതോടെ നാരായണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും സിപിഐ നേതൃത്വം ആലോചിച്ചിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജില്ലാ നേതൃത്വം ഇക്കാര്യം നാരായണനോട് പറഞ്ഞിരുന്നതായാണ് വിവരം. തൃപ്രയാറില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും നേതൃത്വം പറഞ്ഞിരുന്നതായാണ് വ്യക്തമായിട്ടുള്ളത്.
അതേസമയം, വിഷയത്തില്‍ സിപിഐ നേതൃത്വം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറാവാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: