തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്ന സമീപനം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വാക്‌സീന്‍ എടുത്ത ശേഷം നിരവധിപേര്‍ക്കാണ് വിഷബാധയേറ്റത്. തെരുവ് നായിക്കളുടെ കടിയേറ്റ് കഴിഞ്ഞ മാസം എട്ടുപേരാണ് മരിച്ചത്. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ട പെരുനാട് 12 വയസുകാരി അഭിരാമിയുടെ മരണം ഒടുവിലത്തെ ഉദ്ദാഹരണമാണ്. വാക്‌സിന്‍ എടുത്ത ശേഷം ആളുകള്‍ മരിക്കുന്നത് ഗൗരവതരമാണ്.
കേരളത്തില്‍ ഉപയോഗിക്കുന്ന പേ വിഷവാക്‌സിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വാക്‌സിന്റെ വിശ്വാസതയെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗം നടത്തിയാല്‍ മാത്രം പോര. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇടപെടേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖല പൂര്‍ണമായും പരാജയപ്പെട്ടു കഴിഞ്ഞു. ആരോഗ്യമന്ത്രിയെ പുറത്താക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.
അഭിരാമി മരിച്ച സംഭവത്തില്‍ കുടുംബം ചികിത്സാ പിഴവ് ആരോപിച്ചിരിക്കുകയാണ്. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്നാണ് ആശുപത്രി ജീവനക്കാര്‍ അറിയിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എന്ത് പരിമിതിയാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: