കണ്ണൂര്‍: തിരുവോണത്തിനിനി രണ്ടുനാള്‍. മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. കൊറോണ പിടിവിട്ടതിന്റെ സന്തോഷത്താല്‍ ഓണം ഇത്തവണ ആഘോഷമാക്കാനുള്ള ഓട്ടത്തിലാണ് നാടും നഗരവും. അതുകൊണ്ടു തന്നെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ അടച്ചുപൂട്ടലിനുശേഷം തീരെ അനക്കമില്ലാതിരുന്ന വിപണി ഇത്തവണ സജീവമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴില്‍ നഷ്ടങ്ങളും ഉണ്ടായിട്ടുട്ടെങ്കിലും കാണം വിറ്റും ഓണമുണ്ണണമെന്ന ആപ്തവാക്യം നെഞ്ചേറ്റി ഇക്കുറിയും ഓണ പൊലിമ കൂട്ടാനുളള തയ്യാറെടുപ്പിലാണ് ജനം.
വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് വലിയ വിലക്കയറ്റം ഇല്ല എന്നത് സാധാരണക്കാര്‍ക്ക് ആശ്വാസകരമാണ്. സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ പ്രത്യേക ഓണച്ചന്തകളിലൂടെ വിലക്കുറവില്‍ ധാന്യങ്ങളും മറ്റു പലവ്യഞ്ജനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഓണം വിഭവസമൃദ്ധമാക്കാനുള്ള തിരക്കില്‍ ഓണക്കാല സ്പെഷ്യല്‍ സബ്സിഡി ചന്തകളിലും ഇന്നലെ മുതല്‍ തിരക്കേറിയിട്ടുണ്ട്. റേഷന്‍കടകളില്‍ നിന്ന് ലഭിക്കുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ സൗജന്യകിറ്റിന്റെ വിതരണം തുടരുകയാണ്.
സംസ്ഥാനത്ത് മേളകളുടെ പൊടിപൂരമാണ്. കൈത്തറി സംഘങ്ങളുടേയും ഖാദി, കുടുംബശ്രിയും അടക്കമുളള നിരവധി മേളകളാണ് നടക്കുന്നത്. അവധി ദിവസമായ ഇന്നലെ മേളകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രാലയങ്ങളും ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ ഷോറുമുകളും നിരവധി ഓഫറുകളുമായി മത്സരബുദ്ധിയോടെയാണ് ഓണ വിപണിയൊരുക്കിയിരിക്കുന്നത്. ഇവിടങ്ങളിലുമെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
വിലക്കയറ്റം വിപണിയെ കീഴടക്കാതിരിക്കാന്‍ ഭക്ഷ്യവകുപ്പ് ഇടപെടല്‍ നടത്തുന്നുണ്ടെന്നും പൊതുവിപണിയില്‍ വിലപിടിച്ചു നിര്‍ത്താന്‍ സാധിക്കന്നുണ്ടെന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സഹകരണ ബാങ്കുകളും അഞ്ചുകിലോ അരി ഉള്‍പ്പെടെയുള്ള കിറ്റ് നല്‍കുന്നുണ്ട്. 790, 1050 വിലയില്‍ വിവിധ ബാങ്കുകള്‍ വിത്യസ്ത സാധനങ്ങള്‍ കിറ്റുകളില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. കിറ്റില്‍ ബിരിയാണി അരി, പച്ചരി, പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്നുപരിപ്പ്, വന്‍പയര്‍, തുവരപരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ, ചെറുപയര്‍ പരിപ്പ്, വെല്ലം, ചായപ്പൊടി, പായസം മിക്സ് എന്നിവയുണ്ട്.
ഇതുകൂടാത വിവിധ മേളകളില്‍ ലഭിക്കുന്ന വിലക്കുറവ് വസ്ത്രങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ലഭിക്കുന്നത് ഉപഭോക്താവിന് ആശ്വാസകരമായിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്-വാഹനവിപണികളിലാണ് ഇക്കുറി ഏറ്റവും വലിയ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ബിഗ്സീസണ് സെയിലിന്റെ സൂചനയാണ് മിക്കയിടങ്ങളിലും ദൃശ്യമാകുന്നത്. പ്രത്യേക ഓഫറുകളും പാക്കേജുകളും വിലക്കുറവും കൊണ്ടു മത്സരിക്കാന്‍ മിക്കഷോറൂമുകളും മുന്പോട്ടുവന്നതോടെയാണ് ഈ വിപണിയുമുയര്ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: