ന്യൂദല്‍ഹി : മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ കണ്ടെന്നാരോപിച്ച് ഒരാളുടെ ഡിഎന്‍എ മാറില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ളതായി അടുത്തിടെ കോണ്‍ഗ്രസ് പുറത്തുവിട്ട പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സില്‍ നിന്നുള്ള രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് ഗുലാം നബി ആസാദിന് മോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ച് രംഗത്ത് എത്തുകയായിരുന്നു.
രാജ്യസഭയില്‍നിന്ന് ഗുലാം നബി ആസാദ് പടിയിറങ്ങുന്ന ദിവസം മോദി നടത്തിയ പ്രസംഗം ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍. ആസാദിന്റെ ഡിഎന്‍എ ‘മോദി-ഫൈ’ ചെയ്യപ്പെട്ടുവെന്നാണ് അവര്‍ ആരോപിച്ചത്. എന്നാല്‍ മറ്റുപാര്‍ട്ടികളിലെ നേതാക്കളെ കണ്ടുവെന്നോ സംസാരിച്ചുവെന്നോവച്ച് ഒരാളുടെ ഡിഎന്‍എ മാറില്ലെന്ന് ഗുലാം നബി ആസാദ് മറുപടി നല്കി.
രാജ്യസഭയില്‍നിന്ന് താന്‍ പടിയിറങ്ങുന്ന ദിവസം 22 പാര്‍ട്ടികളിലെ എം.പിമാരും അന്ന് തന്നെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതില്‍ പ്രധാനമന്ത്രി പറഞ്ഞതിനെ മാത്രം ചൂണ്ടിക്കാട്ടി പ്രാധാന്യത്തോടെ വിമര്‍ശിക്കുകയായിരുന്നു. രാജ്യസഭയിലെ മൂന്നിലൊന്ന് അംഗങ്ങളും ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും വിരമിക്കുന്നത് പതിവാണ്. വിടവാങ്ങല്‍ ചടങ്ങില്‍ വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ പ്രസംഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021ലായിരുന്നു മോദിയുടെ പ്രസംഗം ‘ആസാദ് ജി, സഭയില്‍ നിന്ന് പോയാലും എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിടും. താങ്കളെ ദുര്‍ബലനാകാന്‍ ഞാന്‍ അനുവദിക്കില്ല’ എന്നായിരുന്നു മോദി പറഞ്ഞത്. ഇതാണ് ഗുലാം നബി ആസാദിന്റെ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനായി കോണ്‍ഗ്രസ് ഉയര്ത്തിക്കാട്ടുനനത്.
അതേസമയം കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച ആസാദിന്റെ ആദ്യ പൊതുറാലി ഞായറാഴ്ച ജമ്മു കശ്മീരില്‍ നടക്കും. കോണ്‍ഗ്രസ്സിലെ പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ഗുലാം നബി ആസാദിന്റെ പൊതു സമ്മേളനത്തെ കോണ്‍ഗ്രസ് അല്പം ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ഗുലാം നബിക്ക് പിന്തുണയുമായി ജമ്മു കശ്മീരിലെ മുന്‍ ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എഴുപതോളം നേതാക്കളും കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ രണ്ടാഴ്ചയ്ക്കകം പുതിയപാര്‍ട്ടി രൂപവത്കരിക്കുമെന്ന് ഗുലാംനബി നേരത്തേ പറഞ്ഞിരുന്നു. റാലിയില്‍ അതിന്റെ പ്രഖ്യാപനം ഉണ്ടാകുമോയെന്നും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: