കണ്ണൂര്‍ : ജന്മത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലന്നു പറഞ്ഞ ഇ.പി.ജയരാജന്‍ ശപഥത്തില്‍ നിന്ന് പിന്മാറുന്നു. എങ്ങനെയെങ്കിലും ഇന്‍ഡിഗോ വിമാനത്തില്‍ കയറിക്കൂടാനുള്ള വഴിതേടുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍. കണ്ണൂരില്‍ നിന്ന് ആഭ്യന്തരയാത്രയക്ക് ഇന്‍ഡിഗോ മാത്രമാണ് ആശ്രയമെന്നത് മനസിലാക്കാതെയായിരുന്നു ജയരാജന്റെ പ്രഖ്യാപനം. അതു തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ നീക്കം.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി തന്നോടു മാപ്പു പറഞ്ഞെന്നാണ് ഇ.പി.ജയരാജന്റെ പുതിയ വെളിപ്പെടുത്തല്‍. ഇന്‍ഡിഗോയുടെ മുംബൈ ഓഫിസില്‍നിന്ന് റീജനല്‍ മാനേജര്‍ പദവിയിലുള്ള മലയാളിയായ ഉദ്യോഗസ്ഥന്‍ വിളിച്ചെന്നും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതു തങ്ങള്‍ക്കു പറ്റിയ പിശകാണെന്ന രീതിയില്‍ സംസാരിച്ചെന്നുമാണ് ഇ.പി.ജയരാജന്‍ പറഞ്ഞത്.
വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തുന്ന യാത്രാ വിലക്കു സംബന്ധിച്ച നടപടി തെറ്റായിപ്പോയെന്ന തരത്തില്‍ വിളിച്ചു മാപ്പു പറയുന്ന കീഴ്‌വഴക്കം ഇല്ലെന്നാണ് ഇന്‍ഡിഗോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വ്യക്തമാക്കുന്നത്.
മുംബൈ ഓഫിസില്‍ ജയരാജന്‍ പറഞ്ഞതുപോലെ റീജനല്‍ മാനേജര്‍ പദവിയില്‍ മലയാളിയായ ഉദ്യോഗസ്ഥന്‍ ഇല്ലെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്ന ഒരേയൊരു കമ്പനി ഇന്‍ഡിഗോയാണ്. ഒരിയ്‌ക്കലും കയറില്ലെന്ന പ്രഖ്യാപനം മൂലം വലിയ യാത്രാബുദ്ധിമുട്ട് ജയരാജന്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ ട്രെയിനിലാണ് ജയരാജന്റെ യാത്ര. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സുഖമെന്നും സാമ്പത്തികലാഭവും ആരോഗ്യലാഭവും നല്ല ഉറക്കവും കിട്ടുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
തനിക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്നും എന്നാല്‍ ഈ ക്ഷമാപണം എഴുതിത്തന്നാല്‍ താന്‍ വീണ്ടും ഇന്‍ഡിഗോയില്‍ യാത്രചെയ്യുമെന്നും പരോക്ഷ സൂചന നല്‍കിയിരിക്കുകയാണ് ജയരാജന്‍.
ജൂലൈ 18നാണ് ഇ.പി.ജയരാജന് ഇന്‍ഡിഗോ 3 ആഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയത്. തനിക്ക് യൂത്ത് കോണ്‍ഗ്രസകാരേക്കാള്‍ കൂടുതല്‍ ദിവസങ്ങളുടെ വിലക്ക് ഏര്‍പ്പെടുത്തിയതാണ് ജയരാജനെ പ്രകോപിപ്പിച്ചത്. ഇന്‍ഡിഗോയുടെ യാത്രാവിലക്കിന്റെ കാലാവധി അവസാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: