കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷന്‍ കെട്ടിടാനുമതി ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായി ജീവനക്കാരെ തിരിച്ചെടുത്തു. എന്നാല്‍ ക്രമക്കേട് കണ്ടെത്തി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനില്‍ തന്നെ തുടരുകയാണ്.
സസ്‌പെന്‍ഷനിലായ ബേപ്പൂര്‍ സോണല്‍ ഓഫീസര്‍ കെ കെ സുരേഷ്, റവന്യൂ സൂപ്രണ്ട് കൃഷ്ണമൂര്‍ത്തി, റവന്യൂ ഇന്‍സ്‌പെക്ടര്‍ മുസ്തഫ, എലത്തൂര്‍ നഗരസഭയിലെ റവന്യൂ ഉന്‍സ്‌പെക്ടര്‍ പ്രീത എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. വകുപ്പുതല അന്വേഷണം പൂര്‍ത്തിയായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. കെട്ടിട നിര്‍മാണ അനുമതിക്കായി ഉപയോഗിക്കുന്ന സഞ്ജയ ആപ്ലിക്കേഷനിലെ പിഴവ് ദുരുപയോഗം ചെയ്താണ് ഇവര്‍ ക്രമക്കേട് നടത്തിയത്.
ജൂണ്‍ മാസത്തിലാണ് കെട്ടിടാനുതി ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തത്. തുടക്കത്തില്‍ ഫറോക് അസി. കമ്മീഷണര്‍ അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഏഴ് പേരെ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ അറസ്റ്റ് ചെയ്യാനായത്.
റവന്യൂ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസനാണ് ക്രമക്കേട് ആദ്യം കണ്ടെത്തിയത്. സഞ്ജയ ആപ്ലിക്കേഷനില്‍ പിഴവുള്ളതായി ഈ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ വര്‍ഷമവസാനം തന്നെ കണ്ടെത്തി സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ ലോഗിന്‍ വിവരങ്ങളുപയോഗിച്ചാണ് ഡിജിറ്റല്‍ സിഗ്‌നേചര്‍ പതിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഓഫീസ് പ്രവര്‍ത്തന സമയം കഴിഞ്ഞും ശ്രീനിവാസന്റെ വിവരങ്ങള്‍ ഉപയോഗിച്ച് അനുമതി നല്‍കുന്നതില്‍ കൃത്രിമം കാണിക്കുകയായിരുന്നു. ഇക്കാര്യം ശ്രീനിവാസന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. എന്നിട്ടും അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ഒഴികെ എല്ലാവരേയും തിരിച്ചെടുക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുകയായിരുന്നു. കോര്‍പ്പറേഷന്റേത് പ്രതികാര നടപടിയാണെന്നാണ് ആരോപണം ഉയരുന്നത്.
അതേസമയം ശ്രീനിവാസന്റെ ലാപ് ടോപ് വിവരങ്ങള്‍, ഡിജിറ്റല്‍ സിഗ്‌നേചര്‍ നല്‍കിയതിന്റെ വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതെന്നാണ് കോര്‍പ്പറേഷന്‍ വിശദീകരണം നല്‍യിരിക്കുന്നത്. നാല് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഇവര്‍ക്കെതിരെയുളള അന്വേഷണം തുടരുമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: