തിരുവനന്തപുരം: ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച ലിറ്ററിന് നാലു രൂപ വീതമുള്ള ഇന്‍സെന്റീവ് സപ്തംബര്‍ മുതല്‍ അക്കൗണ്ടില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2023 മാര്‍ച്ച് വരെ ഇത് തുടരും. ജൂലൈ, ആഗസ്ത് മാസത്തിലെ തുകയും ഓണത്തിന് മുന്നേ നല്‍കും.
ക്ഷീരവികസന വകുപ്പ് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു രൂപയും (ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന) തദ്ദേശസ്വയംഭരണ സ്ഥാപന ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൂന്നു രൂപയും (സാംഖ്യ സോഫ്റ്റ്‌വെയര്‍ മുഖേനെ) ചേര്‍ത്താണ് നാല് രൂപ നല്‍കുന്നത്. ഇതിനായി 25.35 കോടി അനുവദിച്ചിട്ടുണ്ട്.
ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നീ ലോക്കല്‍ ബോഡികളുടെ പദ്ധതി വിഹിതം ഉപയോഗിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 190 കോടി രൂപ ഇതിനായി വിനിയോഗിക്കും. ക്ഷീരകര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: