ന്യൂദല്‍ഹി: ശശി തരൂര്‍ എംപി കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ തമാശയായി കാണുകയാണ് ദല്‍ഹിയിലെ മാധ്യമലോകം. കാരണം ഒരിയ്‌ക്കലും സംഘടനചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാനറിയാത്ത, സ്വതന്ത്രവിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്നതില്‍ അഭിരമിയ്‌ക്കുന്ന ശശി തരൂരിന് എങ്ങിനെയാണ് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാവുക എന്ന് അല്‍പം തമാശയോടെയാണ് ദല്‍ഹിയിലെ ഒരു വിഭാഗം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്.
വാസ്തവത്തില്‍ ശശി തരൂര്‍ ഉയര്‍ത്തുന്ന ഈ കാറ്റും കോളും അദ്ദേഹത്തിനെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരെങ്കിലും നാമനിര്‍ദേശം ചെയ്യുന്നതിനുള്ള തന്ത്രമായും ചിലര്‍ ഇതിനെ കാണുന്നു. എന്തായാലും സോണിയയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത ജി-23 എന്ന വിമത വിഭാഗത്തില്‍പ്പെട്ട ഒരാളാണ് ശശി തരൂര്‍. ഈ വിഭാഗത്തില്‍ പെട്ട ഒരു വിധം പേര്‍ പുറത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഗുലാം നബി ആസാദ് രാജിവെച്ചു. കപില്‍ സിബല്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന് എംപിയായി. മനീഷ് തിവാരിയും കോണ്‍ഗ്രസ് വിരുദ്ധ അഭിപ്രായങ്ങള്‍ ഓരോ നിമിഷവും ഉയര്‍ത്തുകയാണ്. ആനന്ദ് ശര്‍മ്മയും സംഘടനയിലെ ചില ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെച്ചുകഴിഞ്ഞു. ഒരു പക്ഷെ ശശി തരൂരും കോണ്‍ഗ്രസ് രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ പോകുന്നതിന്റെ സൂചനയായും ചിലര്‍ ഇതിനെ കാണുന്നു. ഈയിടെ മുഴുവന്‍ സമയ എഴുത്തിലേക്ക് മടങ്ങിപ്പോകണമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടത് ഇതിന്റെ മുന്നോടിയാണെന്നും ചിലര്‍ കാണുന്നു.
കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ബഹളം കൂട്ടുന്നത് ഒരു പക്ഷെ ജോലിക്ക് അപേക്ഷ നല്‍കി നല്‍കി ഒരു മറുപടിയും കിട്ടാത്ത ചില ഉദ്യോഗാര്‍ത്ഥികളെപ്പോലെ ശശി തരൂരിനെയും അധപതിപ്പിക്കുമെന്നും ചിലര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസിനകത്ത് പുറത്ത് നിന്നുള്ളവര്‍ക്ക് മത്സരിച്ച് ജയിക്കാന്‍ എളുപ്പമല്ല. അത്രയ്‌ക്ക് മേല്‍ക്കോയ്മയാണ് ഗാന്ധികുടുംബത്തിന്. അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നവര്‍ മണ്ണുകപ്പുകയാണ് പതിവ്. പണ്ട് സീതാറാം കേസരി എന്ന ഗാന്ധികുടുംബത്തിന്റെ നോമിനി ശക്തരായ രാജേഷ് പൈലറ്റിനെയും ശരത് പവാറിനെയും മൃഗീയഭൂരിപക്ഷത്തിനാണ് തോല്‍പിച്ചത്. സീതാറാം കേസരിക്ക് അന്ന് 99 ശതമാനം വോട്ടു കിട്ടിയിരുന്നു.
സോണിയാഗാന്ധി 97ല്‍ ജിതേന്ദ്ര പ്രസാദയെ 99.9 ശതമാനം വോട്ട് നേടിയാണ് തോല്‍പിച്ചത്. ചിലപ്പോള്‍ ഗാന്ധി കുടുംബം അവരുടെ സ്ഥാനാര്‍ത്ഥിയ മൃഗീയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചെടുക്കാന്‍ കണ്ടെത്തിയ ഇരയായിരിക്കാം ശശി തരൂരെന്നും കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: