ഷാജന് സി. മാത്യു
കൊച്ചി: കൊളോണിയല്‍ കാലത്തിന്റെ അവശേഷിക്കുന്ന മുദ്രകളോടു രാജ്യം ഒന്നൊന്നായി വിടപറയുന്നു. ഇന്ത്യന്‍ നേവല്‍ഷിപ് പതാകയായ എന്‍സൈന്‍ ബ്രിട്ടീഷ് ചിഹ്നങ്ങള്‍ ഉപേക്ഷിച്ചു നവീകരിക്കും. പുതിയ പതാകയുടെ ഉദ്ഘാടനം ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൊച്ചിയില്‍ നിര്‍വഹിക്കും. തുടര്‍ന്ന് നാവിക സേനയുടെ മുഴുവന്‍ കപ്പലുകളും പുതിയ പതാക സ്വീകരിക്കും. 1879ല്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ നാവിക കപ്പലുകള്‍ക്ക് ആദ്യമായി പതാക ഏര്‍പ്പെടുത്തിയത്.
ബ്രിട്ടന്റെ ദേശീയ പതാക ആലേഖനം ചെയ്ത നീല പതാക ആയിരുന്നു അത്. 1928ല്‍ അത് ‘വൈറ്റ് എന്‍സൈന്‍’ എന്നറിയപ്പെടുന്ന വെള്ള പതാകയായി മാറി. പതാകയെ സെന്റ് ജോര്‍ജ് ക്രോസ് എന്ന ചുവന്ന കുരിശു രൂപം കൊണ്ട് നാലായി വിഭജിക്കുന്ന ഡിസൈന്‍ അന്നാണു നിലവില്‍ വന്നത്. നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക ആലേഖനം ചെയ്യുകയും ബാക്കി ഭാഗം വെള്ള നിറത്തിലുമായിരുന്നു. അന്നു മുതല്‍ ഇന്നുവരെ ഈ വെള്ള പതാകയാണ് നേവി ഉപയോഗിക്കുന്നത്. ഇന്ത്യ റിപ്പബ്ലിക്കായ 1950ല്‍ ഇതിലെ നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക മാറ്റി ഇന്ത്യന്‍ പതാക ആലേഖനം ചെയ്തു. റിപ്പബ്ലിക്കിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ച സമയത്ത,് കോളോണിയല്‍ ചിഹ്്നമായ സെന്റ് ജോര്‍ജ് ക്രോസ് പേറുന്ന പതാക ഇന്ത്യ ഉപയോഗിക്കുന്നതിനെതിരെ വലിയ വിമര്‍ശനം ഉണ്ടാവുകയും 2001ല്‍ ക്രോസ് മാറ്റുകയും പതാകയില്‍ നാവികസേനയുടെ നീലമുദ്ര ആലേഖനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് അകലെനിന്നു കാണാനാവുന്നില്ലെന്നു നാവികര്‍ തന്നെ വ്യാപകമായി പരാതി ഉയര്‍ത്തി. ആകാശത്തിന്റെയും കടലിന്റെയും നീല നിറത്തിനൊപ്പം ചേര്‍ന്നു കാണുന്നതിനാല്‍ നേവിയുടെ നീലനിറത്തിലുള്ള മുദ്ര അകലെനിന്നു വ്യക്തമാവാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്.
തുടര്‍ന്ന് 2004ല്‍ സെന്റ് ജോര്‍ജ് ക്രോസ് ഉള്ള പഴയ പതാക തിരികെ കൊണ്ടുവന്നു. ഭാരതീയവല്‍ക്കരിക്കാനായി കൃത്യം നടുവില്‍ അശോകസ്തംഭം ആലേഖനം ചെയ്തു. 2014ല്‍ ഇന്ത്യയുടെ ദേശീയ വാക്യമായ ‘സത്യമേവ ജയതേ’ എന്ന് ദേവനാഗരി ലിപിയില്‍ അശോകസ്തംഭത്തിന്റെ അടിയില്‍ ആലേഖനം ചെയ്തു. ഈ പതാകയാണ് കൊളോണിയല്‍ ചിഹ്നമായ സെന്റ് ജോര്‍ജ് ക്രോസ് എടുത്തുകളഞ്ഞ് ഇപ്പോള്‍ പരിഷ്കരിക്കുന്നത്. ഐഎന്‍എസ് വിക്രാന്തിന്റെ ക്വാര്‍ട്ടര്‍ ഡെക്കിലാണ് പ്രധാനമന്ത്രി പുതിയ പതാക ഉയര്‍ത്തുന്നത്. ഈ പതാകയ്ക്ക് അദ്ദേഹം സല്യൂട്ട് നല്‍കുന്നതോടെ വിക്രാന്ത് നാവിക സേനയുടെ ഭാഗമാവും. തദ്ദശീയമായി നിര്‍മിച്ച വിമാനവാഹനിയില്‍ തദ്ദേശീയ പതാക പാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: