ഹൈദരാബാദ്: ഹോം ഫര്‍ണിഷിംഗ് സേവനം നല്‍കുന്ന ആഗോളകമ്പനിയായ ഐകിയയുടെ ഹൈദരാബാദ് ശാഖയില്‍ വംശീയവിവേചനമെന്ന് പരാതി. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തുപോവുകയായിരുന്ന ഒരു മണിപ്പൂര്‍ വനിതയുടെ മുഴുവന്‍ സാധനങ്ങളും ഒന്നൊന്നായി വിശദമായി പരിശോധിച്ചുവെന്നാണ് പരാതി. ഇവര്‍ക്ക് മുന്‍പോ പിന്‍പോ വന്നുപോയ ആരെയും പരിശോധിച്ചതുമില്ല.
ഇതോടെ ഏറെ കൊട്ടിഘോഷിച്ച് ഐകിയ കമ്പനിയെ ഹൈദരാബാദിലെത്തിച്ച മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും അദ്ദേഹത്തിന്റെ മകനും വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവുവും പ്രതിരോധത്തിലായി.
അപമാനമായി അനുഭവപ്പെടുംവിധം പരിശോധനയ്‌ക്ക് വിധേയയായ മണിപ്പൂരുകാരിയുടെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ നിതിന്‍ സേഥി സ്വീഡിഷ് കമ്പനിയായ ഐകിയയുടെ ഹൈദരാബാദിലെ ശാഖയില്‍ നിന്നുണ്ടായ ഈ വംശീയവിവേചനത്തിന്റെ ദുരനുഭവം ട്വിറ്ററില്‍ പങ്കുവെച്ചതോടെ വൈറലായി. പതിനായിരക്കണക്കിന് പേര്‍ ഈ വംശീയവിവേചനത്തിന്റെ ട്വീറ്റ് പങ്കുവെച്ചതോടെ തെലുങ്കാന സര്‍ക്കാര്‍ വെട്ടിലായി. ഐകിയയുടെ സ്റ്റോര്‍ സന്ദര്‍ശിക്കാനെത്തിയ മറ്റ് കസ്റ്റമര്‍മാരെ ഒന്നും പരിശോധിക്കാതെ മണിപ്പൂരുകാരിയായതുകൊണ്ട് മാത്രം ജീവനക്കാര്‍ ദേഹപരിശോധന നടത്തിയതിനാലാണ് വംശീയവിവേചനം ആരോപിക്കപ്പെട്ടത്. പിന്നാലെ ഭാര്യ അകോയ്ജാം സുനിതയും ട്വിറ്ററില്‍ പ്രതികരിച്ചു. ഐകിയ സ്റ്റോറില്‍ നിന്നും താന്‍ വാങ്ങിയ സാധനങ്ങള്‍ മാത്രം ജീവനക്കാര്‍ ഒന്നൊന്നായി തിരിച്ചും മറിച്ചും പരിശോധിച്ചെന്നും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ അതിനെ ന്യായീകരിക്കുകയായിരുന്നുവെന്നും അകോയിജാം സുനിത കുറ്റപ്പെടുത്തി.
ഈ സംഭവം അമ്പരപ്പിക്കുന്നതാണെന്ന് വൈകാതെ വ്യവസായമന്ത്രി കൂടിയായ ചന്ദ്രശേഖരറാവുവിന്റെ മകന്‍ കെ.ടി. രാമറാവുവിന് പ്രതികരിക്കേണ്ടിവന്നു. ഇതിന് പിന്നാലെ ഐകിയയും സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി രംഗത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: