തിരുവനന്തപുരം: സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു എം.വി. ഗോവിന്ദന്. തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയില്‍ എം.വി. ഗോവിന്ദനെക്കുറിച്ച് ഒട്ടും മതിപ്പില്ല. പ്രത്യേകിച്ചും തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍ക്ക്. തെരുവുപട്ടികളുടെ ശല്യം നാള്‍ക്കുനാള്‍ കൂടിവരുന്നു. പട്ടികളെ പിടിക്കാന്‍ ഒരു പദ്ധതിയുമില്ല. അതിനേക്കാള്‍ പരാതിയാണ് ജീവനക്കാര്‍ക്ക്. അതും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക്. നിയമങ്ങളും വ്യവസ്ഥകളും പഠിക്കുന്നില്ല. പഠിച്ചാല്‍ തന്നെ അത് പ്രാവര്‍ത്തികമാക്കേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച് ഒരു എത്തും പിടിയും മന്ത്രിക്കില്ലെന്ന പരിഭവമാണ് സ്വന്തം പാര്‍ട്ടിക്കാരായ ജീവനക്കാര്‍ക്കു പോലും. അതേസമയം പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഗോവിന്ദന് നന്നായി ശോഭിക്കുമെന്നാണ് പൊതുവെ ധാരണ. പാര്‍ട്ടി വിഷയം പഠിപ്പിക്കാനും മറ്റുള്ളവരോട് ഇടപെടാനും മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഗോവിന്ദന് ആകുമെന്ന ഉറച്ച വിശ്വാസമാണുള്ളത്. അത് നേരത്തെ കണ്ടറിഞ്ഞ നേതാവ് ഇ.കെ. നായനാര്‍ തന്നെ.
കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം മുറുകിനില്‍ക്കുന്ന കാലം. പലതട്ടിലും ചര്‍ച്ചകള്‍ നടന്നിട്ടും ഫലം കണ്ടില്ല. ഇതറിയിക്കാന്‍ 2000 ത്തില്‍ അന്ന് ബിജെപി സംഘടനാ സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദന് മുഖ്യമന്ത്രി നായനാരെ കാണാന്‍ സെക്രട്ടേറിയറ്റില്‍ ഓഫീസിലെത്തി. ഒപ്പം ഈ ലേഖകനും ഉണ്ടായിരുന്നു. വിഷയങ്ങളെല്ലാം സംസാരിച്ചപ്പോള്‍ നായനാരുടെ മറുപടി ഇങ്ങനെ: ‘നിങ്ങള്‍ മറ്റാരേയും കാണണ്ട. എം.വി. ഗോവിന്ദനെ കണ്ട് ചര്‍ച്ച നടത്ത്. ഓനാണ് പസ്റ്റ്. കാര്യം നടക്കണമെങ്കില്‍ ഗോവിന്ദനുമായി സംസാരിക്കണം. ഞാനും പറയാം.’
പാര്‍ട്ടി ആശയങ്ങളിലും നിലപാടുകളിലും വെള്ളം ചേര്‍ക്കാന്‍ കൂട്ടാക്കാത്ത ഗോവിന്ദന്റെ പെരുമാറ്റത്തിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. അതിലൊന്നുമാത്രം ചേര്‍ക്കട്ടെ. കണ്ണൂര്‍ ഇരിക്കൂറില്‍ പള്ളിക്കുട്ടി എന്ന സഖാവിന്റെ മകന് ഹംസ ഏറെക്കാലത്തെ ഗള്‍ഫ് ജീവിതം മതിയാക്കി വീട്ടിലെത്തിയപ്പോള്‍ ഗോവിന്ദനെ കാണാന്‍ ചെന്നു. കൈയിലൊരു ബാഗും ഉണ്ടായിരുന്നു. ബാപ്പാനോട് അന്വേഷണം പറയാന്‍ നിര്‍ദേശിച്ച് ബാഗ് തിരിച്ചേല്‍പ്പിച്ചു. അതേയാത്രയില്‍ മറ്റൊരു ബാഗു വേറൊരു നേതാവിനും നല്‍കാനുണ്ടായിരുന്നു. ആ നേതാവ് ബാഗ് ആദ്യം സ്വീകരിക്കുകയും ചെയ്തു.
ഇന്നത്തെ ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ കുഞ്ഞമ്പുനായരുടെയും മാധവിയമ്മയുടെയും മകനായി 1953ല്‍ ജനിച്ച ഗോവിന്ദന് പാര്‍ട്ടിയില്‍ കണ്ണൂരിലെ പിടിവിടാതെ സൂക്ഷിക്കേണ്ട ബാധ്യതയുമുണ്ട്. എ.കെ. ബാലന്, പി. രാജീവ്, എം.എ. ബേബി, ഇ.പി. ജയരാജന് എന്നിവരുടെ പേരുകള്‍ തള്ളിയാണ് എം.വി. ഗോവിന്ദന് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: