കീവ്: യുദ്ധത്തില്‍ കൊല്ലപ്പെട്ട 541 ഉക്രൈന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് മടക്കിയയച്ച് റഷ്യ. ഇതില്‍ അധികം മൃതദേഹങ്ങളും ഏറ്റവും കടുത്ത യുദ്ധം നടന്ന മരിയുപോളില്‍ മരിച്ചുവീണ ഉക്രൈന്‍ പട്ടാളക്കാരുടെതാണ്. ഇവിടെയാണ് റഷ്യന്‍ പട്ടാളക്കാരും കടുത്ത യുദ്ധവീരന്മാരായ അസൊവ് പോരാളികളും തമ്മില്‍ ഏറ്റുമുട്ടിയത്.
ഫിബ്രവരി 26ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങിനെ ചെയ്തതെന്ന് പറയപ്പെടുന്നു. 541ല്‍ 428 പേരും മരിയുപോളില്‍ മരിച്ചുവീണവരാണെന്ന് പ്രത്യേകസാഹചര്യങ്ങളില്‍ കാണാതായതവരെ അന്വേഷിക്കുന്ന ഉക്രൈന്‍ കമ്മീഷണര്‍ ഒലെഗ് കൊടെങ്കോ പറയുന്നു. അസൊവ്സ്റ്റാള്‍ ഉരുക്കുഫാക്ടറി സംരക്ഷിക്കാന്‍ ഉക്രൈന് വേണ്ടി നവനാസികളായ അസൊവ് പോരാളികള്‍ കടുത്ത പോരാട്ടം നടത്തിയിരുന്നു. ഇപ്പോള്‍ അയച്ച 541 മൃതദേഹങ്ങളില്‍ 300 പേര്‍ അസൊവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട അസൊവ് പോരാളികളുടേതാണ്. 2014ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക സൈനികഗ്രൂപ്പാണ് അസൊവ് റജിമെന്‍റ്. ഉക്രൈനിലെ റഷ്യന്‍ പൗരന്മാരെ ഇല്ലാതാക്കുക എന്നതാണ് നിയോനാസികള്‍ എന്നറിയപ്പെടുന്ന ഫാസിസ്റ്റുഗ്രൂപ്പായ അസൊവ് നാസികളുടെ ലക്ഷ്യം. യുദ്ധം ആരംഭിക്കുമ്പോള്‍ ഉക്രൈനിലെ റഷ്യന്‍ വംശജരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നവനാസികളായ അസൊവ് പോരാളികളെ ഇല്ലാതാക്കുകയാണ് ഉക്രൈന്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. അസൊവ് പോരാളികളുടെയുള്‍പ്പെടെ മൃതദേഹം തിരിച്ചയച്ചതിന് പിന്നില്‍ തങ്ങള്‍ യുദ്ധലക്ഷ്യം കൈവരിച്ചുകഴിഞ്ഞു എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി റഷ്യ ഉദ്ദേശിക്കുന്നുണ്ടെന്ന് വേണം കരുതാന്‍.
പുടിന്റെ അടുത്ത സുഹൃത്തും പുടിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അലക്സാണ്ടര്‍ ഡുഗിന്റെ മകള്‍ 29കാരി ഡാരിയ ഡുഗിനയെ റഷ്യയില്‍ വെച്ച് ഒരു സ്ഫോടനത്തിലൂടെ വധിച്ച ഉക്രൈനെതിരെ പ്രതികാരം ചെയ്യുമെന്ന് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. മൃതദേഹങ്ങള്‍ കൂട്ടത്തോടെ മടക്കിയയച്ചത് ഈ പ്രതികാര നടപടിയുടെ ഭാഗമാണെന്നും സംശയിക്കുന്നുണ്ട്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് റഷ്യ കീഴടക്കിയ മരിയുപോള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ഒരു മാസ്റ്റര്‍ പദ്ധതി വ്ളാഡിമിര്‍ പുടിന്‍ അംഗീകരിച്ചിരുന്നു. ഈ മാസ്റ്റര്‍ വികസന പദ്ധതി ജൂലായ് 29ന് അവതരിപ്പിച്ചത് റഷ്യയുടെ ഉപപ്രധാനമന്ത്രി മരാട്ട് ഖുസ്നുല്ലിന്‍ ആണ്. ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ മരിയുപോള്‍ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ഖുസ്നുല്ലിന്‍ പറഞ്ഞു.
ശനിയാഴ്ച റഷ്യ ഡോണ്‍ബാസ് മേഖലയിലെ ഡൊണെട്സ്കില്‍ ഒരു ഉക്രൈന്‍ യുദ്ധവിമാനം വെടിവെച്ചിട്ടിരുന്നു. ഒപ്പം ഖെര്‍സോണിലെ അന്‍റൊനോവ്സ്കി പാലം തകര്‍ക്കുകയും ചെയ്തു. ഈ മേഖലയില്‍ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ് കടുത്ത ആക്രമണം. കിഴക്കന്‍ ഉക്രൈന്‍ നഗരമായ ഖാര്‍കീവിലും റഷ്യ ആധിപത്യത്തിന് ശ്രമിക്കുന്നുണ്ട്. യുദ്ധത്തിന്റെ ആരംഭഘട്ടത്തില്‍ റഷ്യ ഇവിടെ ആക്രമണം നടത്തിയിരുന്നെങ്കിലും പിന്നീട് മെയ് മാസത്തില്‍ ഈ പ്രദേശത്ത് നിന്നും പിന്‍വാങ്ങിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: