തിരുവനന്തപുരം: അമൃതകാലയളവില്‍ ഭാരതം ലോകത്തിന്റെ മുന്‍നിരയിലെത്തി മൂന്ന് പ്രധാന വികസിതരാജ്യങ്ങളില്‍ ഒന്നായി മാറുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്. യുവാക്കളില്‍ രാജ്യാഭിമാനം വളര്‍ത്തി ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണത്തിലൂടെയും കണ്ടുപിടിത്തങ്ങളിലൂടെയുമാണ് ഇത് സാധിക്കാനാകുക. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ‘വിഷന്‍ 2017 ഫ്യൂച്ചര്‍ റെഡി ഇന്ത്യ’ ദേശീയ സെമിനാര്‍ സംസ്കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏതൊരാളും ജീവിക്കാന്‍ ആഗ്രഹിക്കുന്ന നാടായി ഭാരതം മാറണമെങ്കില്‍ അടുത്ത 25 വര്‍ഷം കൊണ്ട് രാജ്യം ശക്തിയാര്‍ജിക്കണം. ശക്തി എന്നാല്‍ സൈനികം മാത്രമല്ല. ആര്‍ക്കും അവഗണിക്കാനാകാത്ത, എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ശക്തിയാണ് നേടേണ്ടത്. ശാസ്ത്രസാങ്കേതിക രംഗത്തെയും വിജ്ഞാന മേഖലയുടെയും വളര്‍ച്ച കൊണ്ടാണ് അത് നേടിയെടുക്കേണ്ടത്. അറിവിന്റെയും നവീന ആശയങ്ങളുടെയും ജ്ഞാനോല്പാദനത്തിന്റെയും കേന്ദ്രമായി ഭാരതം മാറുമ്പോള്‍ വിശ്വഗുരു സ്ഥാനത്തെത്താനാകും. ഇതിനുള്ള ആദ്യ ചുവടുവയ്പ്പാണ് പുതിയ വിദ്യാഭ്യാസ പദ്ധതിയെന്നും സോമനാഥ് പഞ്ഞു.
5 ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കായുള്ള ആയുധങ്ങളും ഉപകരണങ്ങും ഇവിടെത്തന്നെ ഉത്പാദിപ്പിക്കണം. സൈബര്‍ രംഗം, ബഹിരാകാശം, ഇലക്ട്രോണിക്സ്, കൃഷി, സമുദ്ര ഗവേഷണം, വിദ്യാഭ്യാസം തുടങ്ങി എല്ലാമേഖലകളിലും രാജ്യം കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്. അതിന് പഠനവും ഗവേഷണവും ഭാരതത്തില്‍ തന്നെ നടത്താന്‍ യുവതലമുറ തീരുമാനിക്കണം. അതിനാവശ്യമായ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ ഇനിയും ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ നൂറാണ്ട് തികയുമ്പോള്‍ ഭാരതം വിവിധ ശാസ്ത്രമേഖലകളില്‍ എവിടെയെത്തണം എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് വിചാരകേന്ദ്രം സഘടിപ്പിച്ച ഏകദിന സെമിനാറില്‍ വിവിധ ശാസ്ത്രജ്ഞര്‍ പങ്കുവച്ചത്. ‘ആരോഗ്യരംഗത്തെ മാറുന്ന സാങ്കേതികത പ്രവണതകള്‍’ എന്ന വിഷയത്തില്‍ ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സി. കേശവദാസ് പ്രബന്ധം അവതരിപ്പിച്ചു. നാനോ സാങ്കേതികവിദ്യയെക്കുറിച്ചായിരുന്നു രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണയുടെ പ്രബന്ധം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പെയ്സ് ആന്‍ഡ് ടെക്നോളജിയിലെ പ്രൊഫ. ഡോ. അരവിന്ദ് വൈദ്യനാഥന്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഡോ. പി.വി. മോഹനന്, ഐസിഎആര്‍ ഡയറക്ടര്‍ ഡോ.എം.എന്‍. ഷീല, സിഎസ്ഐആര്‍ ചീഫ് സയന്റിസ്റ്റ് ഡോ.പി. സുജാത ദേവി തുടങ്ങിയവര്‍ വിവിധ ശാസ്ത്രവിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: