ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തിയ അറുമുഖസ്വാമി കമ്മിഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 29ന് ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.
ഇന്നലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും ഇത് പരസ്യപ്പെടുത്തുന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ജസ്റ്റിസ് എ. അറുമുഖസ്വാമി പറഞ്ഞു. ആശങ്കയുണ്ടാക്കിയ സംഭവങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗം റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. മൂന്ന് ഭാഗങ്ങളായാണ് റിപ്പോര്‍ട്ട്. തമിഴില്‍ 608 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ കമ്മിഷന് 150 സാക്ഷികളെ വിസ്തരിച്ചു.
ജയലളിതയുടെ രോഗ വിവരങ്ങള്‍, 2016 സപ്തംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ഡിസംബര്‍ അഞ്ചിന് അവര്‍ മരിച്ചതു വരെയുള്ള വിവരങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരെയെങ്കിലും സംശയമുണ്ടോ എന്നതിന് അതാണ് റിപ്പോര്‍ട്ടില്‍ എന്നായിരുന്നു അറുമുഖസ്വാമിയുടെ മറുപടി. വളരെ ചുരുക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെങ്കിലും സാക്ഷി മൊഴികളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയലളിതയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തി നപടി സ്വീകരിക്കുമെന്നത് 2021ലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു. മുന്‍പ് ഭരണത്തിലിരുന്ന എഐഎഡിഎംകെ സര്‍ക്കാരാണ് 2017 സപ്തംബര്‍ 25ന് അന്വേഷണ കമ്മിഷനെ നിയമിച്ചത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ. അറുമുഖസ്വാമിയുടെ നേതൃത്വത്തിലായിരുന്നു കമ്മിഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: