തലശ്ശേരി: ഫർണിച്ചർ വ്യാപാര സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. ‘ഫാന്‍സി ഫണ്‍’ ഫര്‍ണിച്ചര്‍ സ്ഥാപന ഉടമ രാജ് കബീറും ഭാര്യയുമാണ് നഗരസഭയ്‌ക്കെതിരെ കത്തെഴുതിവച്ചശേഷം നാടുവിട്ടത്. കോയമ്പത്തൂരില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്ന് പത്തരയോടെ തലശ്ശേരിയിലെത്തിക്കും.
ദമ്പതികൾ നാടുവിട്ടതിനു പിന്നാലെ കുടുംബാംഗങ്ങൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തലശേരിയിൽ നിന്നുള്ള പോലീസ് സംഘം നേരത്തെ കോയമ്പത്തൂരിലെത്തിയിരുന്നു. ദമ്പതികൾ അവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു. തലശേരി പോലീസ് ഇവരെ കണ്ടെത്തി സംസാരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് മുൻ തന്നെ ഇവരെ തലശേരിയിലെത്തിക്കും.
തലശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ 18 വർഷമായി സംരംഭം നടത്തിവരികയായിരുന്നു. കയ്യേറ്റം ആരോപിച്ച് ഈയിടെ നഗരസഭ ഇവരുടെ സംരംഭത്തിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതിനാൽ കടുത്ത പ്രതിസന്ധിയാണെന്ന് കാട്ടി ബന്ധുക്കൾക്ക് സന്ദേശം അയച്ചിട്ടാണ് ഇവർ നാടുവിട്ടത്. കടുത്ത ഭീഷണിയും ദയാരഹിത പ്രവർത്തനങ്ങളുമുണ്ട്. മറ്റുള്ളവർക്ക് ഇത് കൈമാറാനുള്ള ശ്രമവും ഉണ്ടെന്നും ഇവർ സന്ദേശത്തിൽ അറിയിച്ചിരുന്നു.
ദമ്പതിമാർ നാടുവിട്ടതിനു പിന്നാലെ സംരംഭം തുറന്നുകൊടുക്കാൻ നഗരസഭ ഉത്തരവിട്ടിരുന്നു. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത നടപടി പിൻവലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: