സി.വി. തമ്പി
മഗധരാജാവായ ബൃഹദത്തന്റെ മകനായ ജരാസന്ധന് പതിനേഴ് യുദ്ധങ്ങളില്‍ ശ്രീകൃഷ്ണനോട് തോറ്റു. ചേദിരാജാവിന്റെ മകനായ ശിശുപാലനെയും കൃഷ്ണന് തോല്പിച്ചു, യുദ്ധത്തിലല്ല; മറ്റൊരു മത്സരത്തില്‍ ശിശുപാലന് മോഹിച്ചിരുന്ന അതിസുന്ദരിയായ രുക്മിണിയെ സ്വന്തമാക്കിക്കൊണ്ട് .
ഭീഷ്മകരാജാവിന്റെ മകളായ രുക്മിണിയെ വിവാഹം കഴിക്കാന്‍ അതിയായി മോഹിച്ചിരുന്നു ശിശുപാലന്. രുക്മിണിയുടെ മൂത്ത സഹോദരനും വിദര്‍ഭയിലെ രാജാവായ രുക്മിയും ഇതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. രുക്മിണിയെ അപഹരിച്ച് , അതിവേഗം രഥമേറി പുറപ്പെടുന്ന ശ്രീകൃഷ്ണനെ, രുക്മി പിന്തുടര്ന്ന് ആക്രമിക്കുന്നു. അതും, സ്വപിതാവായ ഭീഷ്മകരാജാവിന്റെ വിലക്ക് വകവെയ്ക്കാതെ .
കൃഷ്ണനാകുന്ന അഗ്നിയില്‍ സ്വന്തം അഹന്തയെ നശിപ്പിക്കാനാണ് രുക്മിയുടെ പുറപ്പാടെന്ന് ആര്‍ക്കും ബോധ്യമാകും. പതിനെട്ടു യുദ്ധങ്ങളില്‍ പതിനേഴിലും ശ്രീകൃഷ്ണനോടു തോറ്റ ജരാസന്ധന് വിജയപരാജയങ്ങളെ ഇങ്ങനെ വിലയിരുത്തുന്നു: ജയവും തോല്‍വിയും ദൈവദത്തമാണ്. ജയം കൈവരാന്‍ നാം കഠിനമായി പരിശ്രമിച്ചു കൊണ്ടേയിരിക്കണം. ജയത്തില്‍ സന്തോഷിക്കുകയോ തോല്‍വിയില്‍ ദുഃഖിക്കുകയോ ചെയ്യേണ്ടതില്ല. ജരാസന്ധന് തുടരുന്നു; യുദ്ധത്തില്‍ ജയിക്കുന്നത് സാമര്‍ഥ്യം കൊണ്ടോ തോല്‍ക്കുന്നത് കഴിവുകേടുകൊണ്ടോ അല്ല. കാലഭേദമാണ് ഇതിനൊക്കെ കാരണം. കാലം അനുകൂലമാകുന്നവര്‍ ജയിക്കുന്നു, പ്രതികൂലമാകുന്നവര്‍ തോല്ക്കുന്നു.
രുക്മിണിയെ ശ്രീകൃഷ്ണന് അപഹരിച്ചുകൊണ്ടാണ് പോയതെങ്കിലും രുക്മിണിയുടെ ഹിതവും അതുതന്നെയായിരുന്നു കൃഷ്ണനോട് ചേരുക. പിതൃഹിതവും മറ്റൊന്നായിരുന്നില്ല. തുടര്‍ന്ന് സംഭവിക്കുന്നതോ? വഴിമധ്യേ പിന്തുടര്ന്ന്, രുക്മി ശ്രീകൃഷ്ണനെയും രുക്മിണിയെയും കണ്ടുമുട്ടുകയും ശ്രീകൃഷ്ണനുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. പക്ഷെ, രുക്മിക്കായില്ല, കൃഷ്ണനെ ജയിക്കാന്‍. ഇവിടെയാണ് ജരാസന്ധന്റെ പ്രബോധനത്തിന്റെ പ്രസക്തി. കാലഗതി കൂടി അനുകൂലമായാലേ വിജയം സാധ്യമാകൂ.
ജയമാകട്ടെ പരാജയമാകട്ടെ , കര്‍മം തുടരുകതന്നെ വേണം. ജലം പാറയോട് മത്സരിക്കുന്നത് നാം കണ്ടിട്ടുണ്ടല്ലോ. ജലം ഒരിക്കലും തോല്ക്കുന്നില്ല. എന്തെന്നാല്‍ അത് സ്വകര്‍മം (ഒഴുകിക്കൊണ്ടിരിക്കുക എന്ന കര്‍മം) തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പാറയുടെ നിശ്ചലാവസ്ഥയാണ് അതിന്റെ പരാജയ കാരണം. ഉദയാസ്തമയങ്ങള്‍ പ്രകൃതിയില്‍ മാത്രമല്ല, ഓരോ ജീവിതത്തിലും ഉണ്ട്. അതിനാല്‍ അസ്തമയത്തിനു മുമ്പേ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.
ഏറ്റുമുട്ടലില്‍ ജയിച്ചെങ്കിലും കൃഷ്ണന് രുക്മിയെ വധിക്കുന്നില്ല. താടിയും മുടിയും പാതി മുറിച്ച് മരത്തില്‍ കെട്ടിയിട്ട് അപമാനിക്കയാണ് ചെയ്തത്. കൊല്ലാതെ വിട്ടത്, രുക്മിണി അപേക്ഷിച്ചതുകൊണ്ടാണ്. തന്നെയുമല്ല , ഇത്തരുണത്തില്‍ ബലരാമന് പറഞ്ഞ വാക്കുകളും കൃഷ്ണന്റെ ധര്‍മബോധത്തെ ഉണര്‍ത്തി. രുക്മിക്ക് ദുഷ്കീര്‍ത്തിരൂപമായ മരണം സംഭവിച്ചു കഴിഞ്ഞു. അങ്ങനെ ഹനിക്കപ്പെട്ടവനെ വീണ്ടും ഹനിക്കുന്നത് വീരന്മാര്ക്ക് യോഗ്യമല്ല.
ഈ സംഭവപരമ്പരകളില്‍ രുക്മിണിക്ക് അതൃപ്തിയോ ഈര്ഷ്യയോ തോന്നുന്നില്ല. കാരണം, സഹോദരന് ഇരന്നുവാങ്ങിയ ശിക്ഷയാണ് ഇതെന്ന് രുക്മിണി മനസ്സിലാക്കുന്നു.
ഇവിടെ പരാമര്‍ശിക്കുന്ന രണ്ട് പുരാണ കഥാപാത്രങ്ങള്‍ ശിശുപാലനും ജരാസന്ധനും രണ്ട് കര്‍മകാണ്ഡങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. മോഹിച്ച പെണ്ണിനെ നഷ്ടപ്പെട്ട ദുഃഖം, കാമുകദുഃഖം, പറഞ്ഞറിയിക്കാനാകാത്തതാണ്. ശിശുപാലന്റെ പ്രേമനൈരാശ്യം, അതനുഭവിച്ചവര്‍ക്കു മാത്രം അറിയാനാകുന്ന വ്യഥയാണ്. പ്രേമനൈരാശ്യം മൂലമുള്ള ആത്മഹത്യകള്‍ (ആണ് പെണ്‍ദേദമില്ലാതെ) ധാരാളം ഉണ്ടായിട്ടുണ്ട്, നമ്മുടെ നാട്ടില്‍. അതിപ്പോഴും തുടരുന്നു. (ഇപ്പോള്‍ ആത്മഹത്യയുടെ സ്ഥാനത്ത് കൊലപാതകങ്ങളാണ് കൂടുതല്‍). അടുത്തയാള്‍ ജരാസന്ധന്. പതിനേഴു പ്രാവശ്യം ശ്രീകൃഷ്ണനോട് യുദ്ധം ചെയ്ത് തോല്ക്കുന്നു. ഈ പരാജയ ദുഃഖവും പലവട്ടം പല രംഗങ്ങളിലും വിവിധ മത്സരങ്ങളില്‍ തോറ്റവര്‍ക്കു മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വികാരമാണ്.
ദുഃഖഹേതുക്കള്‍ പലപ്പോഴും വിവിധ ധ്രുവങ്ങളില്‍ നില്ക്കുന്ന വികാരങ്ങളാണ്. അടക്കി നിര്‍ത്താനോ അമര്‍ച്ച ചെയ്യാനോ ആകാത്തവണ്ണം അവ മനസ്സിനെ ഞെരുക്കുകയും ചെയ്യുന്നു. എല്ലാവര്ക്കും, സുഖവും ദുഃഖവും അവരവര്‍ തന്നെയാണ് ഉണ്ടാക്കുന്നത്. യുദ്ധത്തിന് മുതിരുന്നതു കൊണ്ടാണ് അഥവാ മത്സരിക്കുന്നതു കൊണ്ടാണ് തോല്‍ക്കുന്നത്. പ്രണയിക്കുന്നതു കൊണ്ടാണ് നൈരാശ്യം ഉണ്ടാകുന്നത്. ഈ കര്‍മങ്ങള്‍ പുണ്യങ്ങളോ പാപങ്ങളോ എന്ന് വ്യവച്ഛേദിക്കാന്‍ നമുക്കാകുന്നില്ല. ഏതായാലും, ഒന്നുറപ്പാണ് ചെയ്തിരിക്കുന്ന പുണ്യപാപകര്‍മങ്ങളുടെ ഫലമായ സുഖദുഃഖങ്ങള്‍ അവനവന് അനുഭവിക്കാന്‍ ബാധ്യതപ്പെട്ടവനാകന്നു. ഇതില്‍ നിന്നുള്ള മോചനസാധ്യത അജ്ഞേയമായി തുടരുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: