ന്യൂദല്‍ഹി: ലോകം അജയ്യനെന്ന് കരുതിയിരുന്ന ചെസിലെ അത്ഭുതമായിരുന്നു മാഗ്നസ് കാള്‍സന്‍. നാല് തവണ ലോകചാമ്പ്യനായ ഭാരതത്തിന്റെ വിസ്മയതാരമായിരുന്ന വിശ്വനാഥന്‍ ആനന്ദിനെ പലതവണ ലോക ചാമ്പ്യന്‍പട്ടത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മാഗ്നസ് കാള്‍സണ്‍ അനായാസം അടിയറവ് പറയിച്ചു. ഇനി ലോകത്ത് തനിക്ക് പോന്ന എതിരാളികളില്ലെന്ന് പറഞ്ഞ് അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സണ്‍ 2023ല്‍ ദുബായില്‍ നടക്കുന്ന ലോകചാമ്പ്യന്‍പട്ടത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിക്കുകയാണ്. അതായത് മികച്ച എതിരാളികള്‍ ഇല്ലാത്തതിനാല്‍ ആറാം തവണയും ലോകചാമ്പ്യന്‍പട്ടത്തിന് മത്സരിക്കാന്‍ താനില്ലെന്നാണ് തീരുമാനം.
അതിനിടെയാണ് അമേരിക്കയിലെ മയാമിയില്‍ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോകപ്പ് ചെസ്സില്‍ ഇന്ത്യയിലെ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു 17 കാരന്‍ പയ്യനില്‍ നിന്നും അവസാന റൗണ്ടില്‍ 31കാരനായ കാള്‍സണ്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് തോല്‍വികള്‍ ഏറ്റുവാങ്ങിയത്. കാള്‍സന്റെ മുന്നില്‍ എതിരാളികള്‍ വിറയ്‌ക്കുമ്പോള്‍ കൂസലില്ലാതെയാണ് പ്രഗ്നാനന്ദ കാള്‍സണെ നേരിട്ടത്. അതിന് കാരണമുണ്ട് ഇക്കഴിഞ്ഞ മൂന്ന് മാസത്തില്‍ രണ്ട് തവണയാണ് പ്രഗ്നാനന്ദ രണ്ട് വ്യത്യസ്ത ടൂര്‍ണമെന്‍റുകളില്‍ തോല്‍പിച്ചത്-എയര്‍തിംഗ്സ് ടൂര്‍ണ്ണമെന്‍റിലും ചെസ്സബിള്‍ ടൂര്‍ണ്ണമെന്‍റിലും. അതിനാല്‍ കാള്‍സന്റെ കളിരഹസ്യം പ്രഗ്നാനന്ദയ്‌ക്ക് നന്നായി അറിയാം. എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഒരു റാപ്പിഡ് ഗെയിമിലും പിന്നീട് വന്ന രണ്ട് ബ്ലിറ്റ്സ് ഗെയിമിലും തോറ്റ കാള്‍സണ്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്.
ഇപ്പോള്‍ ഭാരതത്തില്‍ തന്നെ പ്രഗ്നാനന്ദയെ അവതാരപുരുഷനായി ജനം കണ്ട് തുടങ്ങിയിരിക്കുന്നു. കാരണം മനുഷ്യസാധ്യമല്ലാത്ത അപൂര്‍വ്വ നേട്ടമാണ് പ്രഗ്നാനന്ദ കൈവരിച്ചിരിക്കുന്നത്. നെറ്റിയില്‍ വരഞ്ഞ നിയതരൂപമില്ലാത്ത ഭസ്മക്കുറിയും ആഴമേറിയ കണ്ണുകളും വ്യക്തിത്വത്തില്‍ നിറഞ്ഞുകവിയുന്ന അപാരശാന്തതയും പ്രഗ്നാനന്ദയെ അവതാരമായി കാണാന്‍ പലരേയും പ്രേരിപ്പിക്കുന്നു. പ്രഗ്നാനന്ദയുടെ വാര്‍ത്ത വായിക്കുന്ന ഭാരതീയരായ വായനക്കാര്‍ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്. ഒരു വായനക്കാരന്‍ ഈ കൗമാര ചെസ് താരത്തെ വിശേഷിപ്പിച്ചത് ‘വിഭൂതിയണിഞ്ഞ ശൈവചൈതന്യം’ എന്നാണ്. അതാണ് മുകളില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്. ഹൈന്ദവ വിശ്വാസപ്രകാരം പരമശിവനാണ് വിഭൂതി (ഭസ്മം) നെറ്റിയിലണിഞ്ഞ് വരുന്ന ദൈവം. അവതാരമായൊന്നും കണക്കാക്കാനാവില്ലെങ്കിലും ശിവചൈതന്യം വിളങ്ങിനില്‍ക്കുന്നവനാണ് ഈ കുമാരനെന്ന് ഭക്തര്‍ കരുതുന്നു.
പ്രതിഭാശാലികളായ കൗമാരതാരങ്ങള്‍ ഇന്ത്യയില്‍ നിരവധിയാണ്.- ഗുകേഷ്, റൗനക് സാധ്വാനി, നിഹാല്‍ സരിന്‍ അങ്ങിനെ ഈ പട്ടിക നീളുന്നു. പക്ഷെ ഇതില്‍ മാഗ്നസ് കാള്‍സനെ ധീരതയോടെ നേരിട്ട് തുടര്‍ച്ചയായി തോല്‍പിക്കുന്ന ഒരാളെയുള്ളൂ- അത് പ്രഗ്നാനന്ദയാണ്. അവതാരലക്ഷ്യം പോലെ ഒരു മഹാതാരത്തെ കീഴ്പ്പെടുത്തി ചെസ്സിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കുന്ന ദൗത്യമാണ് പ്രഗ്നാനന്ദയിലൂടെ നടക്കുന്നത്.
“എത്ര വിലപ്പെട്ട വിജയമാണ്. നളന്ദയും തക്ഷശിലയും ഓര്‍ത്തുപോകുന്നു” എന്നാണ് മറ്റൊരു വായനക്കാരന്‍ എഴുതിയത്. കേരളത്തിലെ മാധ്യമങ്ങള്‍ പ്രഗ്നാനന്ദയുടെ ഈ നേട്ടങ്ങളെ കുറച്ചുകാണിക്കുന്നതില്‍ പല വായനക്കാര്‍ക്കും ഖേദമുണ്ട്. കേരളത്തിലെ പരമ്പരാഗാത മാ മാധ്യമങ്ങള്‍ പ്രഗ്നാനന്ദ നേടിയ ഈ വിശ്വവിജയത്തെ അവഗണിച്ചതുപോലെയാണ് വാര്‍ത്തകള്‍ കൊടുത്തത്. ഇതേക്കുറിച്ച് ഒരാള്‍ പ്രതികരിച്ചതിങ്ങിനെ:” പ്രഗ്നാനന്ദ ഭസ്കക്കുറി മായിച്ച് കളഞ്ഞ് മറ്റൊരു പേര് സ്വീകരിച്ച് (ഹനാൻ എന്നോ മറ്റോ ) വന്നാല്‍ നിന്നെ കേരളത്തിന്റെ പുത്രനായി ഞമ്മന്റെ മുഖ്യൻ വാഴിക്കും”.
ചതുരംഗം കണ്ടുപിടിച്ചത് ഭാരതീയരാണെന്നും സായിപ്പ് ഇക്കാര്യത്തില്‍ ഭാരതത്തോട് കളിക്കാന്‍ വരേണ്ടെന്നും പല വായനക്കാരും ആവേശപൂര്‍വ്വം ഭാരതത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നു. ചെസ്സ് ഭാരതത്തിന്റെ ചിന്താധിഷ്ഠിത കളിയാണെന്നും മറ്റൊരാള്‍. “ലോകോത്തര വല്യ മഹാനായ അലക്സാണ്ടർ ചക്രവർത്തി ഭാരതത്തിൽ വന്ന് തോറ്റോടിയത് പോലെ കാൾസണും ഭാരതത്തിന്റെ മുൻപിൽ തോറ്റോടിയെന്നും ഒരു വായനക്കാരന്‍ കുറിക്കുന്നു.
“വിശ്വനാഥന്‍ ആനന്ദിന് ശേഷം കൈവിട്ട് പോയ ലോകകിരീടം ഇനി 25 കൊല്ലം ഇന്ത്യയിൽ Safe ആയിരിക്കും. തുടക്കത്തിൽ ഇങ്ങിനെ ആണെങ്കിൽ ഇനിങ്ങോട്ട് എന്തായിരിക്കും സ്ഥിതി.”- എന്നും ഒരു വായനക്കാരന്‍ അത്ഭുതപ്പെടുന്നു.
എന്തായാലും പ്രഗ്നാനന്ദ ഈ വിജയത്തോടെ കൂടുതല്‍ ആത്മവിശ്വാസം നേടിയിരിക്കുകയാണ്. ഇനി മാഗ്നസ് കാള്‍സനുമായി ക്ലാസിക് ചെസ്സ് കളിക്കണമെന്ന ആഗ്രഹമാണ് പ്രഗ്നാനന്ദ പ്രകടിപ്പിക്കുന്നത്. ഇതുവരെ റാപ്പിഡ്, ബ്ലിറ്റ്സ് പോലുള്ള കളികളിലാണ് പ്രഗ്നാനന്ദ കാള്‍സനെ മലര്‍ത്തിയടിച്ചിരിക്കുന്നത്. ക്രിക്കറ്റിലെ ഏകദിനം, ട്വന്‍റി ട്വന്‍റി പോലുള്ള വേഗതയാര്‍ന്ന കളിയാണ് റാപ്പിഡും ബ്ലിറ്റ്സുമെല്ലാം. എന്നാല്‍ ക്ലാസിക് ചെസ് ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ്. ഏഴ് മണിക്കൂര്‍ വരെ ഒരു കളി നീണ്ടുനില്‍ക്കും. ആദ്യത്തെ 40 കരുനീക്കങ്ങള്‍ രണ്ട് മണിക്കൂറിനകം നീക്കിയാല്‍ മതി. പക്ഷെ ക്ലാസിക്കല്‍ ചെസില്‍ കാള്‍സനുമായി മുട്ടാന്‍ പ്രഗ്നാനന്ദയുടെ ഇലോ(ELO) റേറ്റിംഗ് ഇനിയും കൂട്ടേണ്ടി വരും. ചെസില്‍ വിവിധ ടൂര്‍ണ്ണമെന്‍റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്‌ട്ര ചെസ് ഫെഡറേഷനായ ഫിഡെ (FIDE) നല്‍കുന്നതാണ് ഇലോ റേറ്റിംഗ് (ELO Rating). “ആദ്യം എന്റെ ഇലോ റേറ്റിംഗ് ആദ്യം കൂട്ടണം. ഇപ്പോള്‍ 2675 ആണ് റേറ്റിംഗ്. അത് 2750 ആക്കി ഉയര്‍ത്തണം. അതിന് 100 പോയിന്‍റുകള്‍ കൂടി ഉയര്‍ത്തണം. അത് നേടിയാല്‍ എനിക്ക് മാഗ്നസ് കാള്‍സണുമായി സ്ഥിരം ക്ലാസിക് ചെസ്സില്‍ കളിക്കാം.”- പ്രഗ്നാനന്ദ എന്‍ഡിടിവിയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു. അതെ, പ്രഗ്നാനന്ദ ഇപ്പോള്‍ വിശ്വത്തോളം സ്വപ്നം കാണുകയാണ്. ലോകചാമ്പ്യന്‍ പട്ടത്തിലേക്ക് തനിക്ക് അധികം ദൂരമില്ലെന്ന് പ്രഗ്നാനന്ദ തിരിച്ചറിഞ്ഞിരിക്കുന്നു. കാരണം അനായാസം തുടര്‍ച്ചയായി തൂത്തെറിഞ്ഞത് അഞ്ച് തവണ ലോകചാമ്പ്യനായ മഹാ ചെസ് പ്രതിഭയെയല്ലേ?
ഒരു വര്‍ഷത്തിനുള്ളില്‍ ഇലോ റേറ്റിംഗ് 2750ല്‍ എത്തിക്കുമെന്ന് പ്രഗ്നാനന്ദ പറയുന്നു. അതോടെ കൂടുതല്‍ ക്ലാസിക് ഗെയിമുകള്‍ കളിക്കാം. ഈ റാപ്പിഡ് ചെസ്സ് മത്സരങ്ങള്‍ നല്ല അനുഭവമാണ്. അതിലൂടെ ഞാന്‍ ചെസ്സിനെക്കുറിച്ച് കൂടുതല്‍ പഠിക്കുകയാണ്. – വിനയാന്വിതനായി പ്രഗ്നാനന്ദ പറയുന്നു.
ഇപ്പോള്‍ ഇലോ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് മാഗ്നസ് കാള്‍സനാണ്. അദ്ദേഹത്തിന്റെ റേറ്റിംഗ് 2870 ആണ്. രണ്ടാം സ്ഥാനത്ത് ചൈനക്കാരനായ ഡിങ് ലിറെനാണ്- 2808 പോയിന്‍റ്.. റഷ്യയുടെ ഇയാന്‍ നെപോമ്നിയാച്ചി 2792 പോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദാണ് മുന്നില്‍- 2756. ഇന്ത്യക്കാരില്‍ പെന്‍റല ഹരികൃഷ്ണയാണ് രണ്ടാം സ്ഥാനത്ത് 2720 പോയിന്‍റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: