ന്യൂദല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ 2600 കിടക്കകളുള്ള അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളും കേന്ദ്രീകൃത സമ്പൂര്‍ണ്ണ ഓട്ടോമേറ്റഡ് ലാബും ഉള്ളതാണ് ഈ ആശുപത്രി. ദല്‍ഹി-എന്‍സിആര്‍ മേഖലയിലെ ആരോഗ്യസേവന രംഗത്ത് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും ഈ ആശുപത്രി. ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ് ഇത്.
ഹരിയാന ഗവര്‍ണര്‍ ബണ്ഡാരു ദത്താത്രേയയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ചടങ്ങളില്‍ സംബന്ധിച്ചു. മാതാ അമൃതാനന്ദമയിയും സ്വാമി അമൃതസ്വരൂപാനന്ദ പുരിയും ചടങ്ങില്‍ സംബന്ധിച്ചു. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗഠാല, കേന്ദ്ര ആഭ്യന്തരസഹമന്ത്രി കൃഷന് പാല് ഗുര്‍ജാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ ചികിത്സ നല്കുന്ന കാര്യം പരിഗണനയിലുണ്ട്. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പുറത്ത് വിടും. 130 ഏക്കറിലാണ് അമൃത ആശുപത്രി. ഏഴ് നിലകളുള്ള ഗവേഷണ ബ്ലോക്കും ആശുപത്രിയുടെ ഭാഗമാണ്. മാതാഅമൃതാനന്ദമയീ മഠത്തിന്റെ മേല്‍നോട്ടത്തില്‍ ആറ് വര്‍ഷം കൊണ്ടാണ് ഈ ആശുപത്രി ഉയര്‍ന്നത്.
500 കിടക്കകളോടെയായിരിക്കും പ്രവര്‍ത്തനം തുടങ്ങുക. അടുത്ത അഞ്ചു വര്‍ഷത്തില്‍ ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകും. അതോടെ ഈ ആശുപ്തത്രിയില് 81 സ്പെഷ്യാലിറ്റികള്‍ ഉണ്ടാകും.
ഇപ്പോള്‍ 36 ലക്ഷം ചതുരശ്ര അടിയില്‍ 14 നിലകളുള്ളതാണ് ഈ ആശുപത്രിക്കെട്ടിടം. റൂഫ് ടോപ്പില്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള ഹെലിപാഡ് സൗകര്യവുമുണ്ട്.
ദല്‍ഹി-മഥുര റോഡിനടുത്ത് ഫരീദാബാദ് 88 സെക്ടറിലാണ് ഈ മെഗാ ആശുപത്രി. ഈ കാമ്പസില്‍ പുതിയ മെഡിക്കല്‍ കോളെജും പ്രവര്‍ത്തനം ആരംഭിക്കും. ഗ്യാസ്ട്രോ, റീനല്‍, എല്ല് രോഗം, ട്രോമ, ട്രാന്‍സ്പ്ലാന്റ്, മാതൃ-ശിശു സേവനം എന്നിങ്ങനെ എട്ടോളം മേഖലകളില്‍ മികവിന്റെ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: