ന്യൂദല്‍ഹി: ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി ഇന്ന് ഗോവ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (ജിഎംസിഎച്ച്) പോസ്റ്റ്മോര്‍ട്ടം നടത്തും. ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ഫോഗട്ട് (42) തിങ്കളാഴ്ച രാത്രിയാണ് നോര്‍ത്ത് ഗോവയിലെ അഞ്ജുനയിലെ സെന്റ് ആന്റണി ഹോസ്പിറ്റലില്‍ എത്തിക്കും മുന്‍പ് മരണപ്പെട്ടിരിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, സൊണാലിയുടെ മരണത്തില്‍ അവരുടെ കുടുംബം ദുരൂഹത ആരോപിച്ചിട്ടുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടവും സിബിഐ അന്വേഷണവും അനിവാര്യമമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഫോഗട്ടിന്റെ കുടുംബാംഗങ്ങള്‍ ഗോവയിലെത്തിയിട്ടുണ്ട്. ആശുപത്രിയിലെ ഫോറന്‍സിക് സയന്‍സ് മെഡിസിന് വിഭാഗത്തില്‍ നിന്നുള്ള രണ്ട് വിദഗ്ധര്‍ ഡോ .സുനില്‍ ചിമുല്ക്കര്, ഡോ. ഷെറില്‍ സോറസ് എന്നിവരടങ്ങുന്ന പാനല്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് മുതിര്‍ന്ന ജിഎംസിഎച്ച് ഉദ്യോഗസ്ഥന് പറഞ്ഞു. അഞ്ജുന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
എന്റെ സഹോദരിക്ക് ഹൃദയാഘാതം ഉണ്ടാകില്ല, അവള് നല്ല ആരോഗ്യവതിയായിരുന്നു. മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സൊണാലിയുടെ സഹോദരി പറഞ്ഞു.. സൊണാലി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാന്‍ കുടുംബം തയ്യാറല്ല. അവള്‍ക്ക് അങ്ങനെയൊരു ആരോഗ്യപ്രശ്നമില്ലായിരുന്നു. സൊണാലി തന്നെ എന്തോ ഗൂഢാലോചന നടക്കുന്നെന്ന് സൂചന നല്‍കിയിരുന്നെന്നും സഹോദരി പറഞ്ഞു. അടുത്ത ദിവസം വാട്ട്സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ എല്ലാം പറയാമെന്ന് സൊണാലി പറഞ്ഞിരുന്നു. എന്നാല്‍, അതിനു മുന്‍പ് മരണം സംഭവിച്ചു. മരിക്കുന്ന ദിവസം രാത്രി സോണാലി ഫോഗട്ട് തന്റെ അമ്മയെ വിളിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം സുഖമില്ലെന്ന് പറഞ്ഞിരുന്നു. തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി അവള് പറഞ്ഞു. തനിക്കെതിരെ എന്തോ ഗൂഢാലോചന നടക്കുന്നതുപോലെ എന്തോ ശരിയല്ലെന്നാണ് അവള് അവസാനമായി പറഞ്ഞതെന്നും സഹോദരി ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുല്‍ദീപ് ബിഷ്ണോയിക്കെതിരെ ആദംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി സോണാലി മത്സരിച്ചിരുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആദംപൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആങ്കറിംഗ്, മോഡലിംഗ്, രാഷ്ട്രീയം എന്നിവയ്ക്ക് പുറമെ പഞ്ചാബി, ഹരിയാന്‍വി സിനിമകളും മ്യൂസിക് വീഡിയോകളിലും സോണാലി ഫോഗട്ട് അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സൊണാലി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹരിയാന്‍വി ചിത്രമായ ഛോറിയാന്‍ ഛോരോന്‍ എസ് കാം നഹി ഹോതിയില്‍ അഭിനയിച്ചു. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്.
2016 ല്‍ ഭര്‍ത്താവ് സഞ്ജയ് ഫാം ഹൗസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചതോടെയാണ് സൊണാലി ഫോഗട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഇവര്‍ക്ക് യശോധര ഫോഗട്ട് എന്നൊരു മകളുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: