ഭാരതത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയിലായെന്ന വാര്‍ത്ത രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അസ്വാസ്ഥ്യജനകമാണ്. ആഗോള ഇസ്ലാമിക ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലേക്ക് വന്നുകൊണ്ടിരിക്കുന്ന തുര്‍ക്കിയില്‍ വച്ച് ഐഎസില്‍ ചേരുകയും, പ്രത്യേക പരിശീലനം ലഭിക്കുകയും ചെയ്ത മധ്യേഷ്യന്‍ രാജ്യത്തെ ഒരു പൗരനാണ് ഇയാളെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉസ്ബെക്കിസ്ഥാന് പൗരന് മഷ്റാബ്ഖോന്‍ അസമോവ് ആണ് ഇയാളെന്ന് പിന്നീട് തിരിച്ചറിയുകയുണ്ടായി. തുര്‍ക്കിയില്‍നിന്ന് റഷ്യയിലേക്ക് പോയി ആവശ്യമായ രേഖകളൊക്കെ സംഘടിപ്പിച്ചശേഷം ഭാരതത്തിലെത്തി പ്രമുഖ നേതാവിനെ ലക്ഷ്യംവച്ച് ചാവേറാക്രമണം സംഘടിപ്പിക്കുകയായിരുന്നു പദ്ധതിയെന്ന് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ആക്രമണം നടത്താന്‍ ആവശ്യമായ പിന്തുണ ഭാരതത്തില്‍നിന്ന് തനിക്ക് ലഭിക്കുമെന്നും, അവിടെ ചിലരെ കാണാനുണ്ടെന്നും, പ്രവാചകനെ നിന്ദിച്ചതിന്റെ പേരില്‍ ഐഎസിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ എഫ്എസ്ബി പുറത്തുവിട്ട വീഡിയോയില്‍ ഐഎസ് ഭീകരന് പറയുന്നു. ഇയാള്‍ പിടിയിലായതിനെക്കുറിച്ച് എഫ്എസ്ബി ഭാരതത്തിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഈ കേന്ദ്രങ്ങള്‍ ആക്രമണ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ടിവി ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിയെക്കുറിച്ച് പരാമര്‍ശിച്ചതിന് മതനിന്ദയാരോപിച്ച് മുന്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ വധിക്കുമെന്ന് ഐഎസിന്റെ അഫ്ഗാനിസ്ഥാന് ഘടകം ഭീഷണിമുഴക്കിയിരുന്നു. ഇതിന്റെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും ഇക്കഴിഞ്ഞ ജൂണില്‍ ഈ സംഘടന പുറത്തുവിടുകയുണ്ടായി. സാധ്യമായ അവസരത്തില്‍ ഭാരതത്തിനെതിരെ ആക്രമണം നടത്തുമെന്നും ഐഎസിന്റെ ഭീഷണിയുണ്ടായിരുന്നു. റഷ്യയില്‍ പിടിയിലായ ഐഎസ് ചാവേറിന്റെ ലക്ഷ്യം നൂപുര്‍ ശര്‍മ്മയാണെന്ന നിഗമനമാണ് സുരക്ഷാ ഏജന്‍സികള്‍ക്കുള്ളത്. നൂപുര്‍ ശര്‍മ്മയ്ക്കെതിരായ വധഭീഷണി ഒറ്റപ്പെട്ട സംഭവമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമണത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നടന്നിട്ടുണ്ട്. മോദി പ്രധാനമന്ത്രിയാവുന്നതിനും മുന്‍പേ തുടങ്ങുന്നതാണത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പാക്ചാര സംഘടനയായ ഐഎസ്ഐയുടെ നിര്‍ദേശപ്രകാരം മോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് ഭാരതത്തിലെത്തിയ രണ്ടുപേര്‍ പിടിയിലാവുകയുണ്ടായി. പാക് ഭീകരസംഘടനയായ ലഷ്ക്കറെ തൊയ്ബ മോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ 2013 ല്‍ പാറ്റ്നയിലെ ഗാന്ധി മൈതാനത്തെ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴും മോദിയെ വധിക്കാന്‍ ശ്രമം നടന്നു. പതിനെട്ടു ബോംബുകളാണ് ഇതിനുവേണ്ടി സ്ഥാപിച്ചത്. ആറുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍പ്പെട്ട രണ്ടു പേര് പിടിയിലായി. ഒരു അധോലോകനേതാവിന്റെ സഹായത്തോടെ മോദിയെ വധിക്കാന്‍ ഐഎസ്ഐ ശ്രമിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.
പ്രധാനമന്ത്രി മോദിയെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടുപേര്‍ ഹൈദരാബാദില്‍ പിടിയിലാവുകയും, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും, പോലീസിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഭിമ-കൊറെഗാവ് സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അര്‍ബന്‍ നക്സലുകളില്‍നിന്ന് മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ രേഖകള്‍ പിടിച്ചെടുക്കുകയുണ്ടായി. ഈ സംഭവങ്ങളിലെല്ലാം സുരക്ഷാ ഏജന്‍സികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അത്യാഹിതങ്ങള്‍ ഒഴിവായത്. ഇസ്ലാമിക ഭീകരവാദത്തിനു മുന്നില്‍ കീഴടങ്ങാത്തതും, പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതുമാണ് ഐഎസിനെപ്പോലുള്ള ഭീകരസംഘടനകളുടെ ശത്രുവായി മോദി മാറാന്‍ കാരണം. ഇത്തരം ശക്തികളെ ന്യായീകരിക്കുകയും, ഒരു പരിധിവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനമാണ് ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സ്വീകരിക്കുന്നത്. നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് നേതാവ് മണി ശങ്കരയ്യര്‍ പാകിസ്ഥാനില്‍ പോയി സഹായം തേടിയത് വലിയ വിവാദമായതാണല്ലോ. അധികാര നഷ്ടത്തിലുള്ള അമര്‍ഷംകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത് ഐഎസിനെയും അല്‍ഖ്വയ്ദയെയും പിന്‍പറ്റുന്ന രാഷ്ട്രവിരുദ്ധ ശക്തികള്‍ മുതലെടുക്കുകയാണ്. കശ്മീരിനു ബാധകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും, പൗരത്വനിയമഭേദഗതി കൊണ്ടുവന്നതിനും മറ്റും എതിരെ നടന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഇതിന്റെ ഭാഗമായിരുന്നു. നൂപുര്‍ ശര്‍മ്മയ്ക്കെതിരായ വധഭീഷണി ആഗോള ഇസ്ലാമിക ഭീകരവാദമുയര്‍ത്തുന്ന വെല്ലുവിളിയാണ്. മാനവരാശിയെ മതാധിപത്യത്തിനു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ ലോകം ഒറ്റക്കെട്ടായി ചെറുക്കണം. അടുത്തിടെ അമേരിക്കയില്‍ സല്മാന് റുഷ്ദിക്കെതിരെ നടന്ന ആക്രമണം ഈ ആവശ്യത്തിന് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: