ന്യൂദല്‍ഹി: വിക്രാന്തിന്റെ നിര്‍മ്മാണത്തോടെ വിമാനവാഹിനിക്കപ്പല്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ശേഷിയുള്ള ആറ് ലോകരാഷ്ട്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. പ്രതിരോധനിര്‍മ്മാണ രംഗത്ത് ഇതോടെ ഇന്ത്യ ശക്തമായി ചുവടുറപ്പിക്കുന്നു. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നങ്ങളുടെ ഭാഗമായി വിക്രാന്തിനെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് പിന്നില്‍ ഒരു ഗുരുവായൂര്‍ക്കാരനും നല്ലൊരു പങ്കുണ്ട്.
ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റിയില്‍ നിന്നും നേവല്‍ ആര്‍ക്കിടെക്ചറിലും ഓഷ്യന്‍ എഞ്ചിനീയറിങ്ങിലും ദശകങ്ങള്‍ക്ക് മുന്‍പേ ബിരുദാനന്തരബിരുദം നേടിയ മധു നായര്‍ എന്ന കൊച്ചി കപ്പല്‍ശാലയുടെ ചെയര്‍മാനും എംഡിയുമായ ഗുരുവായൂര്ക്കാരന്. ജപ്പാനിലെ ഏറ്റവും ആധുനിക കപ്പല്‍ നിര്‍മ്മാണ സംവിധാനമുള്ള ഐഎച്ച് ഐ ക്യൂറെ ഷിപ് യാര്‍ഡില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ മധു നായര്‍ 1988ല്‍ കൊച്ചിന് ഷിപ് യാര്‍ഡില്‍ എക്സിക്യൂട്ടിവ് ട്രെയിനിയായി ചേര്‍ന്നു. 2016ല്‍ ചെയര്‍മാനായി.
ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള ശക്തമായ ചുവടുവെയ്പാണ് ഇന്ത്യ നടത്തിയതെന്ന് മധുനായര്‍ പറയുന്നു. 20,000 കോടി ചെലവില്‍ വിക്രാന്ത് നിര്‍മ്മിക്കാന്‍ 13 വര്‍ഷമെടുത്തു. കോവിഡ് കാരണം രണ്ട് വര്‍ഷങ്ങള്‍ നഷ്ടമായി. 2009ല്‍ ആരംഭിച്ച ദൗത്യം 2022ല്‍ അവസാനിച്ചു. ഇതിനായി 550 കമ്പനികളുടെ സഹായം തേടേണ്ടിവന്നു. അടുത്ത വിമാനവാഹിനിക്കപ്പല്‍ ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നാവിക സേനയില്‍ നിന്നും അടുത്ത വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണത്തിനുള്ള ഉത്തരവ് കാത്തിരിക്കുകയാണ് കൊച്ചിന് ഷിപ് യാര്‍ഡ്.
വിക്രാന്തിന്റെ നിര്‍മ്മാണത്തില്‍ 76 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്. അടുത്ത വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുമ്പോള്‍ 85 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കും.
2014ല്‍ അരുണ്‍ ജെയ്റ്റ്ലി എന്ന പ്രതിരോധമന്ത്രിയുടെ ഒരു ഓര്‍മ്മയും മധു നായര്‍ പങ്കുവെയ്ക്കുന്നു. കൊച്ചികപ്പല്‍ ശാലയില്‍ എത്തിയ അരുണ്‍ ജെയ്റ്റ്ലി ചീഫ് ഓഫ് നേവല്‍ സ്റ്റാഫിനോട് വിക്രാന്തിന്റെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് തിരക്കി. ഒരു പ്രസന്റേഷന് അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഒന്നോ രണ്ടോ സ്ലൈഡുകള്‍ കഴിഞ്ഞപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു:”വിദേശ രാജ്യങ്ങളില്‍ ഇത് നിര്‍മ്മിക്കാന്‍ എടുക്കുന്ന സമയവും ചെലവും എങ്ങിനെയാണ്?” 10 വര്‍ഷം എന്നായിരുന്നു ചീഫ് ഓഫ് നേവല്‍ സ്റ്റാഫിന്റെ മറുപടി. വില ഏകദേശം 550 കോടി ഡോളര്‍ (43450 കോടി രൂപ). ഇത്രയധികം അനുഭവസമ്പത്തുള്ള രാജ്യങ്ങള്‍ 10 വര്‍ഷമെടുക്കുമ്പോഴാണ് നമ്മള് 13 വര്‍ഷത്തില്‍ അതിന്റെ പാതി ചെലവില്‍ വിക്രാന്തിനെ പൂര്‍ത്തീകരിച്ചതെന്ന് മധുനായര്‍ പറയുന്നു.
പ്രധാനമന്ത്രി സെപ്തംബര്‍ 2 ന് കൊച്ചി കപ്പല്‍ ശാലയില്‍ നടക്കുന്ന ചടങ്ങില്‍ വിക്രാന്തിനെ രാജ്യത്തിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: