മോസ്കോ: റഷ്യയില്‍ പിടിയിലായ ഐഎസ് ചാവേര്‍ ബിജെപി മുന്‍വക്താവ് നൂപുര്‍ ശര്‍മ്മയെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് വെളിവായി. നൂപുര്‍ പ്രവാചക നിന്ദ നടത്തിയെന്നും അതിനാല്‍ അവരെ വധിക്കണമെന്നും പല സംഘടനകളും ഫത്വ പുറപ്പെടുവിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനാണ് ഇയാളുടെ പദ്ധതിയെന്ന് സംശയമുണ്ടെന്നാണ് കഴിഞ്ഞ ദിവസം റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മുപ്പതുകാരനായ അസിമോവ് എന്ന ചാവേറിനെ കഴിഞ്ഞ ദിവസം റഷ്യന്‍ സുരക്ഷാ ഏജന്‍സിയാണ് മോസ്കോയില്‍ നിന്ന് പിടിച്ചത്. തുര്‍ക്കിയില്‍ പ്രത്യേക പരിശീലനം ലഭിച്ച ഇയാള്‍ റഷ്യയില്‍ എത്തി യാത്രാ രേഖകളും വിസയും മറ്റും ശരിയാക്കി ഇന്ത്യക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ഇയാളെ ചോദ്യം ചെയ്യാനും പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുമായി ഐബി, റോ, എന്‍ഐഎ ഉദ്യോഗസ്ഥര്‍ വൈകാതെ റഷ്യക്ക് തിരിക്കും. ഇയാളെ ഇന്ത്യയില്‍ സഹായിക്കാന്‍ ഐഎസ് ചുമതലപ്പെടുത്തിയിരുന്നത് ആരെയെന്നും കണ്ടെത്തേണ്ടതുണ്ട്. ദല്‍ഹിയില്‍ വച്ച് ഒരാള്‍ ഇയാളെ ആക്രമണം നടത്താന്‍ സഹായിക്കുമെന്നാണ്, റഷ്യയിലേക്ക് തിരിക്കും മുന്‍പ്
ഐഎസ് നേതാക്കള്‍ ഇയാളോട് പറഞ്ഞിരുന്നത്. ചാവേറാകാന്‍ ഇയാള്‍ക്ക് തുര്‍ക്കിയില്‍ വച്ച് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയെ ഇതു സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ധരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: