മുംബൈ: താങ്കളുടെ ഭരണകാലത്ത് ശിവസേനയ്ക്ക് വേണ്ടി വോട്ടു ചെയ്ത വോട്ടര്‍മാരെ പീഢിപ്പിക്കുകയായിരുന്നുവെന്ന് ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ. കുറച്ചുനാള്‍ രോഗം മൂലം നിശ്ശബ്ദനായിരുന്ന രാജ് താക്കറെ ചൊവ്വാഴ്ചയാണ് ഒരു പൊതുച്ചടങ്ങില്‍ പ്രസംഗിക്കവേ ഉദ്ധവ് താക്കറെയെ കഠിനമായി വിമര്‍ശിച്ചത്. ഹിന്ദുത്വത്തെ എല്ലാ അര്‍ത്ഥത്തിലും അടിച്ചമര്‍ത്തുന്ന ഭരണമായിരുന്നു ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ചെയ്തതെന്ന പഴയ ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു രാജ് താക്കറെയുടെ ചൊവ്വാഴ്ചത്തെ പ്രസംഗത്തിലെ സൂചനകള്‍.
‘ ദഹി ഹണ്ടി’ ആഘോഷത്തെ ‘സാഹസിക കായികഇന’മായി പ്രഖ്യാപിച്ച ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ തീരുമാനത്തെ രാജ് താക്കറെ സ്വാഗതം ചെയ്തു. കേരളത്തിലെ ഉറിയടിയുടെ വലിയ രൂപമാണ് മഹാരാഷ്ട്രയിലെ ദഹി ഹണ്ടി ആഘോഷം. ജന്മാഷ്ടമിയ്ക്ക് ശേഷമാണ് ദഹി ഹണ്ടി ഉത്സവം.
പണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മോദി പറഞ്ഞു:” ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ നിന്നായിരിക്കും മുഖ്യമന്ത്രി. പിന്നീട് അമിത് ഷായും ഇതു തന്നെ ആവര്‍ത്തിച്ചു. അന്ന് താങ്കള്‍ക്ക് നേരിട്ട് അതിനെ ചോദ്യം ചെയ്യാമായിരുന്നില്ലെ? അന്ന് അത് താങ്കള്‍ മൗനം പാലിച്ചു. പിന്നീട് അതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് തര്‍ക്കിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?”- ഉദ്ധവിനെതിരെ ചോദ്യമെറിഞ്ഞുകൊണ്ട് രാജ് താക്കറെ പറഞ്ഞു.
“വാങ്ക് വിളിക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ത്തു. ഇപ്പോള്‍ 93 ശതമാനം ലൗഡ് സ്പീക്കറുകളും നീക്കം ചെയ്തു. മോസ്കുകള്‍ക്ക് പുറത്തുള്ള ലൗഡ് സ്പീക്കറുകള്‍ എടുത്തുമാറ്റണമെന്ന് എത്രയോ വര്‍ഷങ്ങളായി പറയുന്നു. ഞങ്ങള്‍ അതിന് ഒരു വഴി കണ്ടെത്തി. താങ്കള്‍ അന്ന് അത് അവസാനിപ്പിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഹനുമാന് ചാലിസ ചൊല്ലുമായിരുന്നു. ലൗഡ് സ്പീക്കറുകള്‍ക്കെതിരെ ഞങ്ങള്‍ മാര്‍ച്ച് നടത്തി. ഇപ്പോള്‍ 92-93 ശതമാനം ലൗഡ് സ്പീക്കറുകളും നീക്കി. ബാക്കിയുള്ളതിന്റെ ശബ്ദം കുറച്ചു.” – രാജ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയും ഉദ്ധവ് താക്കറെയും തമ്മിലുള്ള കോടതി യുദ്ധം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യാഴാഴ്ച മുതല്‍ വാദം കേള്‍ക്കാനിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ബെഞ്ച് ഈ കേസ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് വാദം കേള്‍ക്കാന്‍ വിട്ടത്. ആദ്യം സുപ്രീംകോടതിയെ സമീപിച്ചത് ഏക് നാഥ് ഷിന്‍ഡെയായിരുന്നു. അന്നത്തെ ഉദ്ധവ് പക്ഷക്കാരനായ ഡപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ വിമത എംഎല്‍എമാരായ ഏക്നാഥ് ഷിന്‍ഡെയെയും കൂട്ടരെയും അയോഗ്യരാക്കാന്‍ തീരുമാനിച്ചതിനെതിരെയായിരുന്നു ഏക് നാഥ് ഷിന്‍ഡെ സുപ്രീംകോടതിയെ സമീപിച്ചത്. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനെയും സ്പീക്കറെ തെരഞ്ഞെടുത്തതിനെയും ചോദ്യം ചെയ്താണ് ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി കപില്‍ സിബല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ രണ്ട് പരാതികളുമാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: