തിരുവനന്തപുരം :ലോകായുക്താ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നത് നിയമസഭയുടെ അന്തസ്സിന് ചേരാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചൊവ്വാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി. രാജീവ് ബില്‍ സഭയില്‍ അവതരിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്.
ജൂഡീഷ്യല്‍ അധികാരത്തെ കവര്‍ന്നെടുക്കുന്ന അപ്പലേറ്റ് അതോറിട്ടി ആയി എക്സിക്യൂട്ടീവ് മാറുന്നു. ലോകായുക്താ വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റമാണ്. സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായ ഭേദഗതിയാണ് വരുന്നത്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാന്‍ കഴിയും. ഭേദഗതി ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെ ലംഘനമാണ്.
കൂടാതെ മന്ത്രിസഭയിലെ സിപിഐയുടെ മന്ത്രിമാരേയും വി.ഡി. സതീശന് പരിഹസിച്ചു. നിങ്ങള്‍ തമ്മില്‍ ഉണ്ടായ ധാരണ എന്താണെന്ന് അറിയില്ല. ഇ. ചന്ദ്രശേഖരന് നായര്‍ നിയമമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിയമനിര്‍മാണമാണിത്. അതില്‍ മാറ്റംവരുത്തുന്നതിനെയാണ് സിപിഐ അനുകൂലിക്കുന്നത്. സിപിഎമ്മുമായി സിപിഐ എന്ത് ധാരണയിലാണ് എത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കണം. നിയമസഭ ഒരിക്കല്‍ പാസാക്കിയ നിയമം ഭരണ ഘടന വിരുദ്ധം എന്ന് പറയാന്‍ നിയമ മന്ത്രിക്ക് അധികാരം ഇല്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
എന്നാല്‍ ലോകായുക്ത ജുഡീഷ്യല്‍ ബോഡി അല്ല. അന്വേഷണ സംവിധാനമാണ്. അഴിമതി തടയാന്‍ ലക്ഷ്യമിട്ടല്ല സമിതി രൂപീകരിച്ചിരിക്കുന്നെന്നും മന്ത്രി പി. രാജീവ് ഇതിനോട് പ്രതികരിച്ചു. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങിനെയാണ്. അത് ലോകത്തു ഒരിടത്തും ഇല്ലാത്ത വ്യവസ്ഥയാണ്. ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനയെ മറികടക്കുന്നതാണ്. പുനപരിശോധനാ സംവിധാനം ഉണ്ടാകുന്നത് എപ്പോഴും സ്വാഭാവിക നീതിക്കുവേണ്ടിയുള്ളതാണ്. നിലവിലെ ലോകായുക്ത നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ നിയമോപദേശം അനുസരിച്ചാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: