ആമിര്‍ ഖാന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായ സിനിമ ‘ലാല്‍ സിംഗ് ഛദ്ദ’ ഉടന്‍ ഒടിടിയില്‍ വരില്ല. തിയറ്ററില്‍ ആളില്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ സിനിമയെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം. അടുത്ത ആറ് മാസത്തേക്ക് ‘ലാല്‍ സിംഗ് ഛദ്ദ’ ഒടിടിയില്‍ വരില്ലെന്നും സിനിമ തിയറ്ററില്‍ തന്നെ കാണണമെന്നും താരം പറഞ്ഞു.
‘ഒടിടി സിനിമയ്‌ക്ക് ഒരു വെല്ലുവിളിയല്ല, പക്ഷേ ബോളിവുഡിന് അത് ഒരു വെല്ലുവിളിയാണ്. ഞങ്ങളുടെ സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. പക്ഷേ നിങ്ങള്‍ക്ക് തിയറ്ററുകളില്‍ വരണമെന്ന് നിര്‍ബന്ധമില്ല. കാരണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിനിമ വീട്ടില്‍ തന്നെ കാണാന്‍ കഴിയും. ആളുകള്‍ തിയറ്ററുകളില്‍ എത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും? ഒന്നുകില്‍ നിങ്ങള്‍ തിയറ്ററുകളില്‍ വന്ന് ഇപ്പോള്‍ ലാല്‍ സിംഗ് ഛദ്ദ കാണുക. അല്ലെങ്കില്‍ ഒടിടിയില്‍ കാണാന്‍ ആറ് മാസം കാത്തിരിക്കുക.’ആമിര്‍ ഖാന്‍ പറഞ്ഞു.
ലാല്‍ സിംഗ് ഛദ്ദ പോലുള്ള സിനിമകളെ പിന്തുണക്കുന്ന പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് ഇത്തരമൊരു വെല്ലുവിളി നേരിടാനാകും. എന്നാല്‍ ചെറിയ പ്രൊഡക്ഷന്‍ ബാനറുകള്‍ക്ക് ഡിജിറ്റല്‍ അവകാശങ്ങളുടെ വില്‍പനയില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ കഴിയുമോയെന്നും ആമിര്‍ ചോദിച്ചു.
ആഗസറ്റ് 11ന് റിലീസ് ചെയ്ത സിനിമ രണ്ടാഴ്ച പിന്നിട്ടിടും ഇതുവരെ 60 കോടി പോലും നേടാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തിയറ്ററില്‍ ആളില്ലാത്തതു കൊണ്ട് 70 ശതമാനം ഷോകളും നേരത്തെ തിയറ്റര്‍ ഉടമകള്‍ കുറച്ചിരുന്നു. 2018ലെ തഗ്ഗസ് ഓഫ് ഹിന്ദുസ്ഥാന് ശേഷം ആമിര്‍ ഖാന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയ സിനിമയാണിത്. 13 വര്‍ഷത്തിന് ശേഷം ഒരു ആമിര്‍ ഖാന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ചെറിയ കളക്ഷനാണ് ലാല്‍ സിങ് ചദ്ദക്ക് ലഭിച്ചത്. സിനിമ കാണാന്‍ പ്രേക്ഷകര്‍ ഇല്ലാത്തതു കൊണ്ട് കുറച്ച് ദിവസത്തിനകം സിനിമ തിയറ്ററില്‍ പ്രദര്‍ശനം അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ആമിര്‍ ഖാന്റെ പ്രസ്ഥാവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: