കയറിക്കിടാന്‍ കിടപ്പാടമില്ലാത്തതാണ് ഒരു വലിയ വിഭാഗം ജനങ്ങളുടെ പ്രശ്‌നം. ചിലര്‍ക്കാണെങ്കില്‍ കണക്കിലധികം വലിപ്പമുള്ള മണിമാളികളുണ്ട്. പക്ഷേ, അഴിമതിയിലൂടെ വാരിക്കൂട്ടിയ പൊന്നും പണവും ഇട്ടുസൂക്ഷിക്കാന്‍ ഇടം പോരായെന്നതാണ് അവരുടെ പ്രശ്‌നം. ആദ്യത്തെ കൂട്ടര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും ഉറപ്പാക്കാന്‍ രണ്ടാമത്തെ കൂട്ടരുടെ അഴിമതിയുടെ മേല്‍ പിടി വീഴണം. അങ്ങനെ പിടിമുറുക്കുവാന്‍ അഴിമതിയും കുടുംബഭരണവും ഭാരതത്തിന്റെ മണ്ണില്‍ നിന്ന് തുടച്ച് നീക്കണം. ആ ലക്ഷ്യത്തിലേക്കുള്ള തുടര്‍നടപടികള്‍ക്ക് 130 കോടി ജനങ്ങളും ഒപ്പമുണ്ടാകണം. ദില്ലിയിലെ ചുവപ്പ് കോട്ടയില്‍ നിന്നും സ്വാതന്ത്ര്യദിന പ്രഭാഷണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം വ്യക്തമായിരുന്നു; കുറിക്കുകൊള്ളുന്നതായിരുന്നു. മൂന്നു തവണ ഗുജറാത്തില്‍ മുഖ്യമന്ത്രിയും രണ്ടുതവണ ഭാരതത്തിന്റെ പ്രധാനമന്ത്രിയും ആയിരുന്നിട്ടും മടിയില്‍ കനമുണ്ടാക്കാന്‍ നോക്കി വഴിപിഴയ്‌ക്കുവാന്‍ ഇടവരുത്താതിരുന്ന വേറിട്ട രാഷ്‌ട്ര നേതാവിന്റെ വാക്കുകള്‍ക്ക് അസാധാരണമായ തൂക്കമുണ്ടായിരുന്നു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വലംകൈ ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയ ഉള്‍പ്പടെ പതിനഞ്ചോളം പേരുടെ ഇടങ്ങളില്‍ സിബിഐ റെയ്ഡുകളും അന്വേഷണങ്ങളും നടത്തിയതോടെ ദേശീയ തലത്തില്‍ തന്നെ അഴിമതിവിരുദ്ധ പോരാട്ടം പുതിയ തലത്തിലെത്തിയിരിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയം തിരുത്തി കേജരിവാള്‍ മന്ത്രിസഭ 2021 നവംബറില്‍ അഴിമതിക്കുള്ള അനന്തസാദ്ധ്യതകളുടെ വഴിതുറക്കുകയായിരുന്നു.
മനീഷ് ശിശോദിയക്കെതിരെ അഴിമതിയിലെ നേരിട്ടുള്ള പങ്കിന്റെയും അരവിന്ദ് കേജരിവാളിനെതിരെ എല്ലാത്തിന്റെയും മുഖ്യ സൂത്രധാരകത്വത്തിന്റെയും പേരില്‍ പൊതുജനം വിരല്‍ ചൂണ്ടി ചോദ്യങ്ങളുയര്‍ത്തുമ്പോള്‍ നല്‍കുന്ന മറുപടികളാണ് ഏറ്റവും വിചിത്രം. ഒരു ചോദ്യത്തിനും വ്യക്തമായ നേര്‍ക്കുനേര്‍ മറുപടിയില്ല! രാഷ്‌ട്രീയ പകപോക്കലാണെന്നും 2024ല്‍ മോദിക്കെതിരെയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കേജരിവാള്‍ ഉടുപ്പിടുന്നതുകണ്ട് ഭയന്നിട്ടാണീ അന്വേഷണമെല്ലാം എന്നതാണ് ഒരു ന്യായം. പാക്ക് പക്ഷ ന്യൂനപക്ഷങ്ങളുടെയും രാജ്യവിരുദ്ധ നക്‌സലുകളുടെയും സഹായം സ്വീകരിച്ച് ദില്ലിയുടെ സവിശേഷതയായ ഭാഷാ/മത ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വോട്ടുബാങ്കുകള്‍ സൃഷ്ടിച്ചും വോട്ടുകള്‍ നിരുത്തരവാദപരമായ വാഗ്ദാനങ്ങളിലൂടെ വിലയ്‌ക്കു വാങ്ങിയും ദില്ലി അസംബ്ലി ജയിച്ചു; ഖാലിസ്ഥാനികളുടെ പിന്തുണയോടെ പഞ്ചാബിലും വിജയം നേടി. പക്ഷേ ഹരിയാനയിലും യുപിയിലും ഗോവായിലുമൊക്കെ എന്തേ തോറ്റു തുന്നം പാടി. നോട്ടയ്‌ക്കും പിന്നിലായെന്നു കൂടി സ്വയം വിലയിരുത്തണം.
‘ന്യൂയോര്‍ക്ക് ടൈംസ്’ ദില്ലിയിലെ വിദ്യാഭ്യാസ വികസനത്തെ പ്രകീര്‍ത്തിച്ചുയെന്നൊരു വാര്‍ത്ത ഉയര്‍ത്തിക്കാട്ടിയാണ് മറ്റൊരു ന്യായീകരണം. ആ വാര്‍ത്ത മദ്യനയത്തില്‍ അഴിമതി നടത്തിയതിന് എങ്ങനെ ന്യായമാകുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും മനസ്സിലാകില്ല. പണം കൊടുത്തു വരുത്തിയ വാര്‍ത്തയാണോ, ആ പത്രം പലതവണ നടത്തിയിട്ടുള്ള ഭാരത വിരുദ്ധ വാര്‍ത്തകളുടെ പിന്തുടര്‍ച്ചയായി ഇവിടെ അരാജകവാദി രാഷ്‌ട്രീയക്കാരനെ വളര്‍ത്തുവാന്‍ ശ്രമിക്കുന്നതാണോ എന്നൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ല. അല്ലെങ്കില്‍ തന്നെ ജോ ബൈദന്റെ പുത്രന്റെ ചീനാബന്ധവുമായി ഉയര്‍ന്നുവന്ന വാര്‍ത്ത അമേരിക്കന്‍ തിരഞ്ഞെടുപ്പു വേളയില്‍ മുക്കി അദ്ദേഹത്തെ സഹായിച്ചു. തിരഞ്ഞെടുപ്പിനുശേഷം അത്തരമൊരു കുറ്റം ചെയ്തതിന് മാപ്പും ചോദിച്ച് തടിതപ്പി. അത്തരം ഒരു പത്രത്തിനെന്ത് വിശ്വസനീയത?
മറ്റൊരുന്യായവാദം പുതിയ മദ്യ നയം ഏറ്റവും മികച്ചതാണെന്നതാണ്. അങ്ങനെയെങ്കില്‍ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയതോടെ പുതിയ മദ്യനയം തിരുത്തി പഴയതിലേക്ക് തിരിച്ചു പോയതെതന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. ഒപ്പം തന്നെ സര്‍ക്കാര്‍ വരുമാനത്തിലുണ്ടായ വന്‍ നഷ്ടത്തിന്റെയും കണക്കു പറയണം.
ദില്ലിയിലെ ഒബറോയ് ഹോട്ടലില്‍ മദ്യവ്യവസായി ഒരുക്കിയ സൗകര്യം ഉപയോഗിച്ചു മന്ത്രി മനീഷ് ശിശോദിയയും രാഷ്‌ട്രീയ നേതാക്കളും മദ്യവ്യാപാരികളുടെ ദല്ലാളുമാരും തെലുങ്കാന മുഖ്യമന്ത്രിയുടെ മകളും അടക്കം കൂടിയിരുന്നാണ് പുതിയ മദ്യനയത്തിന് രൂപം കൊടുത്തതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അവിടെ വെച്ച് പണം കൈമാറ്റം നടന്നുവെന്നുമുണ്ട് ആരോപണം. പഞ്ചാബിലും ഇത്തരം നയം നടപ്പാക്കി അഴിമതിക്കവസരം ഉണ്ടാക്കി വരും തിരഞ്ഞെടുപ്പുകള്‍ക്കുള്‍പ്പടെ ധനം സമാഹരിക്കാനുള്ള രഹസ്യ നീക്കങ്ങളിലായിരുന്നു ആം ആദ്മി പാര്‍ട്ടിയെന്നാണ് ഉയരുന്ന ശക്തമായ മറ്റൊരു ആക്ഷേപം. അങ്ങനെ ആരോപണങ്ങള്‍ ഒന്നിനു പിറകെ ഉയരുമ്പോള്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരം ഉപയോഗിച്ച് ഭാരതത്തിന്റെ രാഷ്‌ട്രീയത്തിലിടം തേടിയ അരവിന്ദ് കേജരിവാളിന് ഉത്തരം പറയാന്‍ കഴിയുന്നില്ല.
കേരളത്തിലെ പിണറായി വിജയനും ദില്ലിയിലെ കേജരിവാളും തമ്മില്‍ സാമ്യമുണ്ട്. ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നവളെ’ മോഹിപ്പിച്ചിച്ചു വഞ്ചിച്ച കമ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന്റെ അവശേഷിക്കുന്ന തട്ടകം കാക്കുകയാണിന്ന് പിണറായി വിജയന്‍. എസ്എന്‍സി ലാവ്‌ലിന്‍ കേസിലും സ്വര്‍ണ്ണക്കള്ളക്കടത്തിലുമൊക്കെ അഴിമതിയാരോപണം നേടുന്നയാളാണദ്ദേഹം. അണ്ണാ ഹസാരെയെ പറഞ്ഞുപറ്റിച്ചിട്ട് സ്വന്തം രാഷ്‌ട്രീയ കക്ഷിയുമായി ഇറങ്ങി അഴിമതിയുടെ വഴിയെ അടിവെച്ചുയരുകയാണിന്ന് കേജരിവാള്‍!
പിണറായി പൊതുജനങ്ങളെ കിറ്റില്‍ കുടുക്കിയാണ് ഭരണം വീണ്ടും കയ്യിലാക്കിയതെങ്കില്‍ കേജരിവാളിന്റെ രാഷ്‌ട്രീയവും ചെറിയ ഇരയിട്ട് വലിയ മീന്‍ പിടിക്കുന്നതിന്റെയാണ്. ട്രയിനില്‍ യാത്ര ചെയ്യുന്ന വിരുതേറെയുള്ള കള്ളന്മാര്‍ കൂടെയാത്ര ചെയ്യുന്നവര്‍ക്ക് മയക്കുമരുന്നു ചേര്‍ത്ത മിഠായിയോ മറ്റോ സൗഹൃദപൂര്‍വ്വം നല്‍കി, അവര്‍ അത് കഴിച്ചു മയങ്ങിക്കഴിയുമ്പോള്‍ ആ പാവങ്ങളുടെ കയ്യിലും കഴുത്തിലുമടക്കം ഉള്ളതെല്ലാം അടിച്ചു മാറ്റുന്ന ശൈലിയാണ് കേജരിവാള്‍ രാഷ്‌ട്രീയത്തില്‍ പ്രയോഗിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് സൗജന്യമാക്കും. വെള്ളത്തിന്റെ നിരക്കും വേണ്ടെന്നുവെക്കും. വെറുതെ കിട്ടുന്നത് വേണ്ടെന്നുപറയാനും മാത്രം രാഷ്‌ട്രീയ ബോധമുള്ളവരോ പൗരബോധമുള്ളവരോ ആകണമെന്നില്ല ശരാശരി സാധാരണപൗരന്‍. അവരുടെ നിത്യ ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ നട്ടം തിരിയുമ്പോള്‍ നൂറുരൂപയുടെ ഗുണം കിട്ടിയാലും വേണ്ടെന്നു വെക്കില്ല. കൈ നീട്ടി വാങ്ങും; പകരം വോട്ടും നല്‍കും. കേജരിവാള്‍ ഭരണവും പിടിക്കും. അഴിമതിക്കുള്ള സാദ്ധ്യതകള്‍ കേജരിവാളിന് സ്വന്തം!. പിണറായിയാണോ കേജരിവാളാണോ അഴിമതിപക്ഷത്തിന് പ്രതിപക്ഷമുഖം നല്‍കി ദേശീയ തലത്തില്‍ നേതൃത്വം നല്‍കാന്‍ കൂടുതല്‍ യോഗ്യനെന്ന ചോദ്യമുയര്‍ന്നാല്‍ നറുക്കിട്ട് തീരുമാനിക്കുകയേ നിവര്‍ത്തിയുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: