സി.വി. തമ്പി
പ്രബോധനങ്ങള്‍ എത്ര കേട്ടാലും ചിലരിങ്ങനെയാണ്. വന്ന വഴികള്‍ മറന്നുപോകും; ലഭിച്ച അനുഭവങ്ങള്‍ പാടേ വിസ്മരിക്കും. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍, ‘കുടിച്ച കഞ്ഞിയോടും കിടന്ന പായയോടും കൂറു പുലര്‍ത്താത്തവര്‍’. ഇത്തരക്കാരെ ജീവിതത്തിന്റെ ഏതു ശ്രേണിയിലും നമുക്കു കാണാന്‍ കഴിയും. എന്തേ ചിലര്‍ ഇങ്ങനെ? മറുപടി ലളിതമാണ്. അത്തരക്കാര്‍ ‘ഇന്നലെ’ കളെ വിസ്മരിക്കുകയും ‘ഇന്നി’ ന്റെ ലഹരി ആസ്വദിക്കുകയും ചെയ്യുന്നു. ഇത്തരം കാഴ്ചപ്പാട് നവീന പഠനപാഠനങ്ങളുടെ ഫലമായുണ്ടായതാണ്. ‘കഴിഞ്ഞതിനെ മറക്കുക’ (എീൃഴല േമയീൗ േവേല ുമേെ) എന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതിനര്‍ഥം വന്ന വഴികള്‍ മറക്കണമെന്നല്ല. മറിച്ച് , ഇന്നലെകളിലെ ദുരനുഭവങ്ങളില്‍ പെട്ട് നാം ഉഴലരുത് എന്നാണ്; ഒപ്പം ഇന്നലെകളിലെ കയ്പേറിയ അനുഭവങ്ങള്‍ നമ്മെ കര്മവിമുഖര് ആക്കരുത് എന്നുമാണ്.
‘ഇന്നി’ ല്‍ ജീവിക്കുക.
പക്ഷെ, ഇന്നലെകളെ മറന്നുകൊണ്ടായിരിക്കരുത്. കാരണം, ‘ഇന്നലെ’കള്‍ സമ്മാനിച്ച പാഠങ്ങള്‍ ‘നാളെ’ കളുടെ മുന്നേറ്റങ്ങള്‍ക്ക് കുതിപ്പേകും. തന്നെയുമല്ല, ഇന്നലെകളുടെ അനുഭവങ്ങള്‍ ഇന്നിന്റെയും നാളെയുടെയും നല്ല പാഠങ്ങളാണ്. അതുകൊണ്ടാണല്ലോ ‘അനുഭവം ഗുരു’ എന്ന് നാം കരുതുന്നതും. തീ കൊണ്ട് പൊള്ളി എന്നതിനാല്‍ ആരും അഗ്നിയെ ഉപേക്ഷിക്കുന്നില്ലല്ലോ. അഗ്നി അനിവാര്യമായ ഒരു ജീവിതാവശ്യം തന്നെ. അതുപോലെ ദുരനുഭവങ്ങളെ അവഗണിച്ചുകൊണ്ട് നാം മുന്നേറാന്‍ ശ്രമിക്കണം എന്നു സാരം.
നാം ഈശ്വരനോട് ചേര്‍ന്ന് നില്‍ക്കണം, ചേര്‍ന്ന് നടക്കണം. തിന്മകള്ക്കൊപ്പമുള്ള സഹവാസം അരുത്. ഈശ്വരാംശം ഉദിക്കുമ്പോള്‍ നമ്മില്‍ സദ്കര്‍മ വാസനയുണ്ടാകുന്നു. തല്‍ഫലമായി സദ്പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരണയും ലഭിക്കുന്നു. ഈശ്വരനെ കൈവിടുന്ന നിമിഷം നമ്മില്‍ തിന്മയുടെയോ വഞ്ചനയുടെയോ വിത്തുകള്‍ മുളയ്ക്കാനാരംഭിക്കുന്നു. പിന്നെ, മാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്ത കൈവിട്ടു പോകുന്നു. ഈ ഘട്ടത്തില്‍ നമ്മുടെ മനസ്സിന്റെ യാത്ര അതിമോഹങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു. ഇതാണ്, നാം വന്ന വഴികള്‍ മറക്കുന്ന മറ്റൊരു ഘട്ടം.
സമൂഹത്തിലെ നല്ല കാര്യങ്ങളുടെയും സുഖാനുഭവങ്ങളുടെയും പിന്നില്‍ നല്ലവരും ത്യാഗികളുമായ മനുഷ്യരുടെ അശ്രാന്ത പരിശ്രമം ഉണ്ടായിരുന്നു എന്ന വസ്തുതയും നാം വിസ്മരിച്ചുകൂടാ. ഇന്നു നാം അനുഭവിക്കുന്ന സുഖങ്ങളെല്ലാം ആരുടെയെങ്കിലും സഹനത്തിന്റെ ഫലമായിരുന്നു എന്നതും മറക്കാവുന്നതല്ല.
അരങ്ങത്തേക്ക് നോക്കൂ, ഒരു പെണ്‍കുട്ടി മികച്ച രീതിയില്‍ നൃത്തം ചെയ്യുന്നു. നൃത്തത്തിന്റെ മികവ് രംഗത്തു നിറഞ്ഞു നില്ക്കുന്ന നര്‍ത്തകിക്കു മാത്രം അവകാശപ്പെടാവുന്നതാണോ? പിന്നണിയില്‍ പലരുടെയും പരിശ്രമമുണ്ട്. സംഗീതം, താളങ്ങള്‍, ഈണങ്ങള്‍, വാദ്യോപകരണങ്ങളുടെ മേളങ്ങള്‍ ഇവയുടെയെല്ലാം കൂടിച്ചേരലല്ലേ നൃത്തം മികവുറ്റതാക്കുന്നത്? അഭിനന്ദനങ്ങള്‍ നര്‍ത്തകിക്ക് കിട്ടുന്നുവെങ്കിലും, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവഗണിക്കപ്പെടേണ്ട വരല്ല. ഈ വസ്തുത സൂചിപ്പിക്കുന്നതും പിന്നണിയിലേക്കുള്ള പിന്നിലേക്കുള്ള ‘തിരഞ്ഞു’ നോട്ടമാണ്.
മനുഷ്യന്റെ ഓരോ ദിനവും പുനര്‍ജന്മമാണ്. പ്രകൃതിയില്‍ ഋതുക്കള്‍ മാറിമറയുന്നതുപോലെ ജീവിത സാഹചര്യങ്ങളും മാറുന്നു. ഇല പൊഴിഞ്ഞ മരങ്ങളും ഇരുള് നിറഞ്ഞ രാത്രിയും ഒന്നിന്റെയും അവസാനമല്ല. ഇലകള്‍ കിളിര്‍ക്കും, സൂര്യന് ഉദിക്കും.
നാം ആരോട് അടുത്തു നില്ക്കുന്നുവോ അവരിലെ ഗുണങ്ങളായിരിക്കും അഥവാ സ്വഭാവ സവിശേഷതകളായിരിക്കും നമ്മിലും അധിവസിക്കുക. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ടല്ലോ, ‘നീ ആരെന്ന് ഞാന്‍ പറയാം, നിന്റെ സുഹൃത്താരെന്ന് പറയൂ’ (Tell me who is your friend, I will tell who you are) അതുകൊണ്ടാണ് ആവര്‍ത്തിക്കുന്നത് ഈശ്വരനോട് അടുത്തു വര്ക്കിക്കാന് ശ്രമിക്കുക. ആ ഗുണവിശേഷങ്ങള്‍ നമ്മിലേക്കും സംക്രമിക്കും.
പവിത്രമായ മനുഷ്യജന്മം, നാം കൈകാര്യം ചെയ്യുന്നതനുസരിച്ചാണ് സുകൃതമായും ദുഷ്കൃതമായും ഭവിക്കുന്നത്. ഈശ്വരാംശമായ ഊര്‍ജം സര്‍വ ചരാചരങ്ങളിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഈ ഊര്ജപ്രവാഹത്തെ നാം ഏതു വഴിക്ക് തിരിച്ചു വിടുന്നുവോ, അതനുസരിച്ചായിരിക്കും കര്‍മഫലം ഉണ്ടാവുന്നതും. പ്രകൃതി, മനുഷ്യന് എന്നിങ്ങനെ രണ്ടു ജാതിയാണ് ഈശ്വരസൃഷ്ടി. ഇതില്‍, വിവേചന ബുദ്ധിയും വിവേകവും നല്കി , സ്വരൂപത്തില്‍ ഈശ്വരന് മനുഷ്യനെ സൃഷ്ടിച്ചു. അതിനാല്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഈശ്വരാംശം ഉണ്ടാകണം, ഈശ്വര സ്മരണ ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: