നേരിന്റെ നാരായംകൊണ്ട് ഹൃദയരേഖകള് കോറിയിടുകയാണ് നാരായന്. അവഗണനയുടെ അതിരുകളില്‍ അടിച്ചമര്‍ത്തലിന്റെ ആഴങ്ങളില്‍ നിന്നും ഉയിരെടുക്കുന്ന സ്വന്തം ജനതയുടെ നൊമ്പരങ്ങളും അമര്‍ഷങ്ങളും നിസ്സഹായന്റെ നിലവിളിയായി വെളിപ്പെടുത്തുകയാണ് ഈ എഴുത്തുകാരന്. പകല്‍ മാന്യതയുടെ ഉടയാടകളും ആഡംബരങ്ങളുമായി സ്വാര്‍ത്ഥതയിലും സുരക്ഷിതത്വത്തിലും നങ്കൂരമിട്ട പരിഷ്കൃത ലോകത്തിനന്യമായ, നേരും നെറിയുമുള്ള ജീവിതത്തിന്റെ പ്രാചീന വിശുദ്ധിയാണ് നാരായന്റെ രചനാതലം. ആദിമജനതയുടെ അനുഭവങ്ങള്‍ വിഷം തീണ്ടാത്ത വാക്കുകളുടെ ശക്തിയിലും ദീപ്തിയിലും ആവിഷ്കരിക്കുന്ന നാരായന്റെ നോവലുകള്‍ക്കും കഥകള്‍ക്കും പുരാതനമായൊരു സംസ്കാരത്തിന്റെ ചാരുതയും തിരസ്കാരത്തിന്റെ തീവ്രതയുമുണ്ട്.
”ആനവേട്ടക്കും കള്ളവാറ്റിനും കൂട്ടുപോയി കാണാതായവനെ കാത്തിരിക്കുന്നവര്‍ക്ക് പേടിയുണ്ട്. ഇരുട്ടുപുതച്ച്, തോക്കോ കത്തിയോ കൊണ്ട് അവന് വന്നേക്കും. കാണാതായവനല്ല, അവനെ കാണാതാക്കിയവന്. ഇരുട്ടില്‍ ബലം പ്രയോഗിച്ച്, വായ് പൊത്തി വലിച്ചിഴക്കപ്പെടുന്നവളുടെ മുക്കലും മൂളലും പാട്ടനും പാട്ടിയും കേട്ടില്ലെന്നിരിക്കും.”
കേരളത്തിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ ജീവിക്കുന്ന മുതവാന്മാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അന്യവല്‍ക്കരണവും അവര്‍ക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങളുമാണ് നാരായന്റെ എഴുത്തിലൂടെ മറനീക്കുന്നത്. കൊച്ചരേത്തി, ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും എന്നീ നോവലുകളും ‘നിസ്സഹായന്റെ നിലവിളി’ എന്ന കഥാസമാഹാരവുമാണ് നാരായന്റെ രചനകള്‍. വേട്ടയാടപ്പെടുന്ന ഇരയുടെ ഭീതിയും ആധിയും ഉള്ളിലൊതുക്കി ജീവിതത്തിന്റെ ഇരുണ്ട ഭാവിയിലേക്ക് പാഞ്ഞുപോകുന്ന കഥാപാത്രങ്ങളിലൂടെ നാരായന് പറയുന്നത് കൂടപ്പിറപ്പുകളുടെ കഥയാണ്. ‘കൊച്ചരേത്തി’ക്ക് മികച്ച നോവലിനുള്ള അബുദാബി ശക്തി അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും തോപ്പില്‍ രവി ഫൗണ്ടേഷന് അവാര്‍ഡും ലഭിക്കുകയുണ്ടായി.
വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച വിപ്ലവത്തിന്റെ കൊള്ളിമീനുകളില്‍ തെളിഞ്ഞുകണ്ടതോ, പണവും പ്രശസ്തിയും മറ്റു പലതും ലക്ഷ്യമാക്കി സാഹിത്യതമ്പുരാക്കള് പടച്ചുവിട്ടതോ അല്ല കാടിന്റെ മക്കളുടെ ജീവിതമെന്ന് നാരായന്റെ കൃതികളിലൂടെ നാം മനസ്സിലാക്കുന്നു. തപാല്‍ വകുപ്പിലെ ഉദ്യോഗസ്ഥനായിരിക്കെ ഒരു സിക്ക് ലീവിന്റെ ഇടവേളയില്‍ എഴുതിയ ആദ്യകൃതി നാരായനെ നയിച്ചത് ചുവപ്പുനാടകളില്ലാത്ത ലോകത്തേക്കാണ്. മതം മാറ്റങ്ങളും വനംകയ്യേറ്റങ്ങളും മാനഭംഗങ്ങളും ചവിട്ടി മെതിക്കുന്ന സ്വന്തം ജനതയുടെ ജീവിതത്തോട് സന്ധി ചെയ്യാന്‍ കഴിയാത്ത അഭിമാനിയായ ഈ എഴുത്തുകാരനുമായി നടത്തിയ അഭിമുഖം:
എഴുത്തുകാരനെന്ന നിലയ്ക്ക് സ്വയം പ്രതിഷ്ഠിക്കുന്നതെങ്ങനെയാണ്?
പീഡനങ്ങളേറ്റു തളര്‍ന്ന ഒരു സമൂഹത്തിലെ അംഗമെന്ന നിലയ്ക്ക് സമൂഹത്തിന്റെ അനുഭവങ്ങള്‍ പറയാന്‍ ആഗ്രഹമുണ്ട്. ആരെന്ന് അടുത്തറിയാതെ, തുമ്പും വാലുമൊക്കെ പിടിച്ച് നടത്തിയിട്ടുള്ള സൃഷ്ടികളോട് പ്രതികരിക്കുമ്പോള്‍, തമസ്ക്കരണത്തെയും നിരാകരണത്തെയും പേടിക്കണം. പ്രതിഷ്ഠ ആരാധിക്കുന്ന ഒന്നിനെയാണ്. സ്വയം ഒരാരാധനയില്ല. തന്മൂലം സ്വയം പ്രതിഷ്ഠിക്കുക എന്ന പ്രശ്നം എനിക്കില്ല.
സ്വന്തം രചനയിലൂടെ നല്കുന്ന സന്ദേശം എന്താണ്?
മനുഷ്യന് എന്ന പരിഗണനപോലും കിട്ടിയിട്ടില്ലാത്ത ദിനംപ്രതി കൊന്നൊടുക്കലുകള്ക്കിരയായി വംശനാശം നേരിടുന്നവരുടെ വേദനകള്‍ കുറച്ചെങ്കിലും അറിയിക്കാനാണ് എഴുതാറുള്ളത്. ഒരധഃകൃത വര്‍ഗ്ഗത്തിന്റെ എഴുത്തുകാരന് എന്നാരോ ആക്ഷേപിച്ചിട്ടുണ്ട്. ഞാനതംഗീകരിക്കുന്നു; എന്റെ വര്‍ഗ്ഗത്തിന്റെ ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ട്.
കൃതികളെ രചിക്കപ്പെടുന്ന കാലഘട്ടത്തിന്റെ കള്ളികളിലൊതുക്കി ചരിത്രപരമായി നിര്‍വചിക്കുന്നതിനോട് യോജിക്കുന്നുണ്ടോ?
സാഹിത്യകൃതികളേയും ചരിത്രത്തേയും വേര്‍തിരിക്കുക. ഇതൊന്നും എനിക്ക് പ്രസക്തിയുള്ള കാര്യങ്ങളല്ല. സാഹിത്യം ഒരു കാലഘട്ടത്തില്‍ രചിക്കപ്പെടുകയും അപൂര്‍വ്വം ചിലത് കാലത്തെ അതിജീവിക്കുകയും ചെയ്യുന്നു. മറ്റു ചിലത് കാലത്തില്‍ ചില ഒച്ചപ്പാടുകളുണ്ടാക്കി നിശ്ശബ്ദമായി തമസ്കരിക്കപ്പെടുന്നു. ചരിത്രവും സാഹിത്യവുമെല്ലാം മുഖ്യധാരയിലുള്ളവരെയും ആ സമൂഹങ്ങളെയും പറ്റിയുള്ളതാണ്. ഞങ്ങളുടേത്, പ്രത്യേകിച്ച് ആദിമനിവാസികളുടെ ചരിത്രവും സാഹിത്യവും ഇനിയും സൃഷ്ടിക്കപ്പെടേണ്ടവയാണ്.
എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ഒരാള്‍ എങ്ങനെ സമൂഹജീവിയാകും? എഴുത്തുകാരന് മറ്റാരേക്കാളും ഉയര്‍ന്ന ബാധ്യതയാണ് വേണ്ടത്. അയാള്‍ സത്യം പറയാനും ബാധ്യതയുള്ളവനാണ്. ഞാനൊരു തമാശ പറഞ്ഞതല്ല. എന്റെ എളിയ വിശ്വാസമാണ്.
ക്ലാസിക്കുകളെ നിരസിച്ച് നമ്മുടെ സാംസ്കാരിക പാരമ്പര്യത്തെ നിരാകരിക്കുന്നതിനോടുള്ള പ്രതികരണം എന്താണ്?
ക്ലാസിക്കുകളെയും സാംസ്കാരിക പാരമ്പര്യത്തെയും നിരാകരിക്കുക എളുപ്പമല്ല. പഴയതൊക്കെ തല്ലിയുടച്ചും കുഴിച്ചുമൂടിയും നടത്തുന്ന സൃഷ്ടികള്‍ കയ്യേറ്റങ്ങളാണ്. അതിന് അധിനിവേശങ്ങളുടെ ചുവയുണ്ടാകും.
ഒരുകാലത്ത് വച്ചുനടത്തിയിരുന്ന ക്രമങ്ങള്‍ പിന്തുടരുന്നതാണല്ലോ പാരമ്പര്യം. ഒരു പ്രദേശത്തിന്റെ-കൂട്ടത്തിന്റെ അവിടെ, അവര്‍ക്ക് മഹത്തരമായിരുന്നതിനെ മാറ്റിമറിച്ച് മറ്റൊന്ന് നിര്മിച്ചുവയ്ക്കുക. ക്ലാസിക്കുകളും സാംസ്കാരിക പാരമ്പര്യവും ഏതൊരു സമൂഹത്തിന്റെയും വിലമതിക്കാനാവാത്ത സമ്പത്താണ്. അവ സംരക്ഷിക്കുകയും സംഭരിക്കപ്പെടുകയും തന്നെ വേണം; ദൈനംദിന ജീവിതത്തില്‍ പ്രായോഗികമല്ലെങ്കില്‍പ്പോലും.
അവഗണിക്കപ്പെടുന്നതിന്റെ വേദനയും ചൂഷണം ചെയ്യപ്പെടുന്നതിന്റെ അമര്‍ഷവും മനസ്സില്‍ പേറുന്ന സ്വന്തം കഥാപാത്രങ്ങളുടെ സൃഷ്ടിയെക്കുറിച്ച് എന്തു പറയുന്നു?
കഥാകാരന്മാര്, നോവലിസ്റ്റുകള്‍, കവികള്‍ ഇത്തരക്കാരുടെ ഇടയിലൊന്നും എന്നെയോ എന്റെ കൂട്ടരെയോ അനുവാചകരും ആസ്വാദകരും മുമ്പ് പരിചയപ്പെട്ടിട്ടില്ല. മനുഷ്യന് എന്ന അംഗീകാരമുണ്ടായിട്ടല്ലേ മറ്റുള്ളതെല്ലാം. മനസ്സുനിറഞ്ഞ വികാരം ഇല്ലായ്മയും വല്ലായ്മയുമാണ്. ഇതു രണ്ടും സൃഷ്ടിക്കുന്നത് അവഗണനയും ചൂഷണവുമാണ്. അനുഭവങ്ങള്‍ മറ്റാരെയും അനുകരിക്കാതെ ശരിയെന്ന് എനിക്ക് വിശ്വാസമുള്ള എന്റെതന്നെ രീതിയില്‍ ജാഡകളൊന്നുമില്ലാതെ പറഞ്ഞുവയ്ക്കുകയാണ്. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ഭാഷ കുറച്ചൊക്കെ ഓര്മ്മപ്പെടുത്താമെന്നല്ലാതെ ആ ഭാഷകളില്‍ എഴുതിയാല്‍ പ്രയോജനമില്ല. അതുകൊണ്ടാണ് ഞാന്‍ കേരളത്തിലെ മുഖ്യധാരാ ഭാഷയില്‍ എഴുതുന്നത്. മലയാളം എന്റെയുംകൂടി മാതൃഭാഷയാണ്.
ജീവിതാനുഭവങ്ങള്‍ ഏതുതരത്തിലാണ് രചനയെ സ്വാധീനിച്ചിട്ടുള്ളത്?
ഒരനുഭവം രണ്ടുപേരിലുണ്ടാക്കുന്ന പ്രതികരണം ഒരേ രീതിയിലല്ല. തീര്‍ച്ചയായും അനുഭവങ്ങള്‍ തരുന്ന പ്രേരണകൊണ്ടുതന്നെയാണ് ഞാനുമെഴുതുന്നത്. അനുഭവങ്ങളും അറിവുകളുംകൂടി ഒരു മിശ്രിതമാകുമ്പോള്‍ എഴുതേണ്ട കാര്യമായി. അനുഭവത്തിനോ അറിവിനോ തീക്ഷ്ണതയുള്ള അംശത്തിന് പ്രാധാന്യം കൂടും.
എഴുതാതിരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ എങ്ങനെയാണ് എത്തിച്ചേര്‍ന്നത്?
പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ചിലരെയൊക്കെ മുഖ്യധാരാ എഴുത്തുകാരില്‍ ചിലര്‍ സാഹിത്യരചനയ്ക്ക് കരുക്കളാക്കിയപ്പോള് വലിയ പാളിച്ചകള്‍ വന്നു. സിറ്റിയിലെ എയര്‍കണ്ടീഷന്‍ മുറിയിലിരുന്ന് എഴുതിവയ്ക്കാവുന്നതല്ല ആദിവാസി സംസ്കാരവും ജീവിതവും. ആ സമൂഹത്തില്‍ മിക്കതിനും വായ്മൊഴി ഭാഷയേയുള്ളൂ. പാരമ്പര്യമറിയണമെങ്കില്‍ പഴയതലമുറയില്പ്പെട്ടവരുമായി ഇടപഴകണം. ഇതിന് ആദ്യം അവരുടെ ഭാഷയറിയണം. ആര്‍ക്കാണ് ഇതിനൊക്കെ നേരം?
പ്രതികരണശേഷിയില്ലാത്ത സമൂഹങ്ങളെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ വച്ച് അറപ്പുളവാക്കുന്ന സാഹിത്യരചന നടത്തി അച്ചടിച്ചു വന്നപ്പോള്‍ പലതും ഞാനും വായിച്ചു. ആദിവാസികള്‍ വായിക്കരുത് എന്നൊരു കുറിപ്പ് സൃഷ്ടികളോടൊപ്പമുണ്ടായിരുന്നില്ല.
ഞാന്‍ ജീവിക്കുന്നതു ഞാനായിട്ടല്ലാതെ എഴുതി പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ പത്രാധിപര്‍ക്കെഴുതി. ഒരു വാക്കു മറുപടി തന്നില്ല. സത്യം എന്തെന്ന് കുറച്ചുപേരെയെങ്കിലും അറിയിക്കേണ്ടത് ഒരത്യാവശ്യമാണെന്ന് വന്നപ്പോഴാണ് എഴുതാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: