സിപിഎം കുന്നങ്കാട് സെക്രട്ടറിയും മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരാഴ്ചയായി. എന്നിട്ടും ആ കേസിലെ പ്രതികളെ ഇരുട്ടില്‍ നിര്‍ത്തുകയാണ് സിപിഎം. കേസില്‍ ഉള്‍പ്പെട്ട എട്ടുപ്രതികളും പിടിയിലായി. പ്രതികളെല്ലാം പറയുന്നത് ഞങ്ങളെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്നാണ്. കൂടെ നടക്കുന്നവരാണ് കൊന്നതെന്ന് ഷാജഹാന്റെ അമ്മയും ബന്ധുക്കളും പറയുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയൊഴികെ മറ്റാരും പ്രതികള്‍ ആര്‍എസ്എസുകാരാണെന്ന് പറയുന്നില്ല. ഷാജഹാനോടുള്ള വ്യക്തിവിരോധം ഉള്‍പ്പെടെ കൊലപാതകത്തിനു കാരണമായെന്നു ജില്ലാ പൊലീസ് മേധാവി ആര്.വിശ്വനാഥ് പറഞ്ഞിരുന്നു.
ഷാജഹാന് 2019ല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ക്ക് അതൃപ്തിയും വ്യക്തിവിരോധവുമുണ്ടായിരുന്നു. ആദ്യം അകല്‍ച്ചയായിരുന്നെങ്കിലും പിന്നീടത് ശത്രുതയായി. ഒപ്പം ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നുള്‍പ്പെടെ മാറി നിന്നതായും പൊലീസ് പറഞ്ഞു.
ഒന്നാം പ്രതി നവീനെ പൊള്ളാച്ചിയില്‍ നിന്നും മറ്റു 3 പ്രതികളെ മലമ്പുഴ വനമേഖലയോടു ചേര്‍ന്നുള്ള കോഴിമലയിലെ കുന്നിനു മുകളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച 3 വാളുകള്‍ കോരയാര്‍പ്പുഴയുടെ തീരത്ത് പാടത്തോടു ചേര്‍ന്ന് ഒളിപ്പിച്ച നിലയില്‍ തെളിവെടുപ്പിനിടെ കണ്ടെത്തി. പ്രതികളെ പിന്നീടും പിടിച്ചു.
ബിജെപി അനുഭാവികളായ 8 പേര് രാഷ്ട്രീയ വിരോധത്താല്‍ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയതെങ്കിലും പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പൊലീസ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നില്ല. ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മാധ്യമങ്ങള്‍ക്കു മുന്പില് സിപിഎം ബന്ധം പരസ്യമായി ഏറ്റുപറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ് രംഗത്തുവന്നത് രസകരമാണ്. കൊലപാതകത്തിനുശേഷം എന്താണ് പറയേണ്ടതെന്നുവരെ അക്രമികളെ ആര്‍എസ്എസ് പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചിരിക്കുന്നു. കൊലക്കത്തിക്കു മൂര്‍ച്ച കൂട്ടുമ്പോള്‍ത്തന്നെ കൊലപാതകം പൊതുജനമധ്യത്തില്‍ എങ്ങനെ അവതരിപ്പിക്കണമെന്ന വിശദീകരണവും ആര്‍എസ്എസ് തയാറാക്കുന്നുണ്ടെന്ന് അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നു. ആദ്യം പോലീസില്‍ വിശ്വാസം അര്‍പ്പിച്ച കൃഷ്ണദാസ് ഇപ്പോള്‍ പോലീസിനെ സംശയിക്കുകയാണ്.
പ്രതികള്‍ സിപിഎമ്മുകാരല്ലെന്നു വ്യക്തമാക്കിയ കൃഷ്ണദാസ്, അവര്‍ പാര്‍ട്ടി കുടുംബത്തില്‍പ്പെട്ടവരാണെന്നു സമ്മതിച്ചു. ഇങ്ങനെയൊരു അസുരവിത്ത് പാര്‍ട്ടി കുടുംബത്തില്‍ വന്നു പിറന്നതു തങ്ങളുടെ നിര്‍ഭാഗ്യമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വിശദീകരിക്കുന്നതില്‍ കാലതാമസമുണ്ടായതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രതികളെ പൊലീസ് കണ്ടെത്തിക്കഴിയുമ്പോഴല്ലേ അവരുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചു പറയാനാകൂ എന്നായിരുന്നു കൃഷ്ണദാസിന്റെ വിശദീകരണം.
”പ്രതികളാരാണെന്നു നമുക്കെങ്ങനെ പറയാനാകും? അത് പൊലീസല്ലേ കണ്ടെത്തേണ്ടത്? പ്രതികളാരാണെന്നു പൊലീസ് കണ്ടെത്തിയ ശേഷമല്ലേ അവരെക്കുറിച്ചു പറയാനാകൂ? അവരുടെ രാഷ്ട്രീയത്തെക്കുറിച്ചു പറയാനാകൂ. അതുകൊണ്ട് ഞങ്ങള്‍ കാത്തിരുന്നു. അല്ലാതെ ഒന്നുമില്ല.” കൃഷ്ണദാസ് പറഞ്ഞു.
”ഈ വിദ്വാന് അവിടെ ഗണേശോത്സവത്തിന്റെ ബോര്‍ഡ് വയ്ക്കാന്‍ പോയി. അവിടെനിന്നാണു തര്‍ക്കം. അതിന്റെ തലേന്നു ശ്രീകൃഷ്ണ ജയന്തിയുടെ ബോര്‍ഡ് വയ്ക്കാന്‍ പോയി. അതും അനുവദിച്ചില്ല. ഇതിനിടെ രാഖി കെട്ടിവന്നതു ബ്രാഞ്ച് സെക്രട്ടറി ചോദ്യം ചെയ്തു. ചോദ്യം ചെയ്തു എന്നു പറഞ്ഞാല്‍, നീയെന്താ രാഖിയൊക്കെ കെട്ടി വന്നത് എന്നു ചോദിച്ചു. ഗണേശോത്സവത്തിനു ബോര്‍ഡ് വയ്ക്കാന്‍ പോകുക, ശ്രീകൃഷ്ണ ജയന്തിക്കു ബോര്‍ഡ് വയ്ക്കാന്‍ പോകുക, രാഖി കെട്ടി വരിക… നിങ്ങള്‍ക്ക് സിപിഎമ്മിനെക്കുറിച്ചുള്ള പൊതുബോധം ഇതാണെങ്കില്‍ എനിക്കൊന്നും പറയാനില്ല.
കൊലപാതകം ആസൂത്രണം ചെയ്ത ആര്‍എസ്എസ്, അതിനുശേഷം മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ എന്തൊക്കെയാണു പറയേണ്ടത് എന്നുപോലും കൃത്യമായി പഠിപ്പിച്ചു വിട്ടിരിക്കുകയാണ്. ഇതില്‍ക്കൂടുതല്‍ എന്തു പറയാന്‍? ഈ കൊലയാളികള്‍ക്കു സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. സിപിഎം ബന്ധമുള്ളവര്‍ ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലുമോ? സിപിഎമ്മുമായി ബന്ധമുള്ളയാള്‍ ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും ബോര്‍ഡ് വയ്ക്കാന്‍ പോകുമോ? സിപിഎമ്മുമായി ബന്ധമുള്ളയാള്‍ രാഖി കെട്ടി നടക്കുമോ? നല്ല ചോദ്യം.
അവര്‍ സിപിഎമ്മുകാരല്ല. പക്ഷേ, പാര്‍ട്ടി കുടുംബത്തില്‍പ്പെട്ടവരാണ് എന്ന വാദം ഞാന്‍ അംഗീകരിക്കുന്നു. അവരുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ആ പ്രദേശത്ത് സിപിഎമ്മുകാരല്ലാതെ മറ്റാരുമില്ല. ഇങ്ങനെയൊരു അസുരവിത്ത് ഞങ്ങളുടെ പാര്‍ട്ടി കുടുംബത്തില്‍ വന്നു പിറന്നു എന്നത് ഞങ്ങളുടെ നിര്‍ഭാഗ്യമായി കാണുന്നു. പാര്‍ട്ടിയോടൊപ്പം നില്ക്കുന്ന ഒരു കുടുംബത്തില്‍ ഇങ്ങനെയൊരു സാമൂഹ്യദ്രോഹി, അസുരവിത്ത് പിറന്നത് ഞങ്ങളുടെ നിര്‍ഭാഗ്യമാണ്.”
കൃഷ്ണദാസ് പാലക്കാട്ടുകാരനാണ്. എന്നാല്‍ മരുമകന് മന്ത്രി കോഴിക്കാട്ടാണല്ലോ. പിറ്റേന്ന് തന്നെ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതെന്താണ്, കൊന്നത് ആര്‍എസ്എസുകാര്‍ തന്നെയാണെന്ന്. ബിജെപി നേതാവ് കൃഷ്ണകുമാര്‍ വ്യക്തമാക്കി, ഷാജഹാന് സെക്രട്ടറിയായ ബ്രാഞ്ചില്‍ സിപിഎമ്മുകാരല്ലാതെ മറ്റൊരു പാര്‍ട്ടിക്കാരനുമില്ല. എന്നിട്ടും കൊന്ന എല്ലാവരും ആര്‍എസ്എസുകാരാണെന്ന് പറയുന്നെങ്കില്‍ അതിനും വേണം ഒരു തൊലിക്കട്ടി. അതല്ല, ത്രിപുരയുടെ അവസ്ഥയാകുമോ ഇവിടെയും? കൃഷ്ണദാസ് പറയുന്നതുപോലെ പാര്‍ട്ടി കുടുംബത്തില്‍ അസുരവിത്തിനെ കണ്ടെത്തിയത് കൊലനടന്നശേഷമോ? വെഞ്ഞാറമൂട്ടിലെ രണ്ട് സഖാക്കള്‍, പത്തനംതിട്ടയിലെ സഖാവ്, തലശ്ശേരിയിലെ ഫസല്‍ കേസ് ഇതൊക്കെ നടത്തിയശേഷം പറയുന്ന ന്യായം തന്നെയാണ് ഷാജഹാന്റെ കേസിലും.
കോണ്‍ഗ്രസുകാരുള്‍പ്പെടെ പറയുന്നത് നോക്കണ്ട നമ്മുടെ സഖാവ് എ.കെ.ബാലേട്ടന് ആദ്യം പറഞ്ഞതെന്താണ്. കൊലക്കേസല്ലെ. പ്രതികളെ പോലീസ് കണ്ടെത്തി പിടിക്കട്ടെ. കൊലക്കേസില്‍ ദൃക്സാക്ഷി നേരിട്ട് വെളിപ്പെടുത്തി. ആ കേസിലെ പ്രതികളെ എല്ലാം പിടിച്ചു. പിടിച്ചുകഴിഞ്ഞപ്പോഴാണ് ബാലേട്ടന്റെ നിറംമാറിയത്.
‘പ്രതികളെല്ലാം ആര്‍എസ്എസുകാരാണ്. ഫേസ്ബുക്കില്‍ പാര്‍ടി സമ്മേളനത്തിന്റെ തുടക്കം പ്രതികളുടെ ഫോട്ടോ ചേര്‍ത്തത് ബോധപൂര്‍വം. ആര്‍എസ്എസുകാര്‍ എത്ര സൂക്ഷ്മമായി ഇതൊക്കെ ചെയ്യിച്ചു.” ന്നാലും ബാലേട്ടാ നിങ്ങളും ഇങ്ങിനെ പറഞ്ഞല്ലോ. പാര്‍ട്ടി സെക്രട്ടറിയാകാന്‍ മരുമോന് മന്ത്രിയുടെ പാതതന്നെ വേണോ? മറ്റ് ഒരു മാര്‍ഗവുമില്ലെന്നോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: