തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 58-ാം സംസ്ഥാന സമ്മേളനം 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത്. നാളെ സംയുക്ത സംസ്ഥാനസമിതിയോഗവും ട്രേഡ് യൂണിയന്‍ സെമിനാറും ചേരും. ഉച്ചയ്‌ക്ക് മൂന്നിന് സ്വദേശാഭിമാനി പ്രതിമയ്‌ക്ക് മുന്നില്‍ നിന്ന് കേസരി മന്ദിരത്തിന് മുന്നിലേക്ക് വിളംബര ഘോഷയാത്ര.
ശനിയാഴ്ച രാവിലെ 10ന് കവടിയാര്‍ ഉദയ്പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷനാകും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 6 മുതല്‍ കലാപരിപാടികള്‍ അരങ്ങേറും.
21ന് സംസ്ഥാന ട്രഷറര്‍, വൈസ്പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. ഉച്ചയ്‌ക്ക് 12ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. പുതിയ കമ്മിറ്റി ചുമതലയേല്‍ക്കും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത അധ്യക്ഷയാകും.
മന്ത്രിമാരായ മന്ത്രി പി. പ്രസാദ്, ജി.ആര്‍. അനില്‍, ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, ജനറല്‍ കണ്‍വീനര്‍ സുരേഷ് വെള്ളിമംഗലം, സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസ്, സെക്രട്ടറി അനുപമ ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: