ഗുരുവായൂര്‍: ഇന്ന് അഷ്ടമിരോഹിണി. ശ്രീകൃഷ്ണ ജയന്തി. ‘ധര്മസംസ്ഥാപനാര്ഥായ, സംഭവാമി യുഗേ, യുഗേ…’ ഭഗവദ്ഗീതയിലൂടെ തന്റെ പ്രജകള്‍ക്ക് സാരോപദേശം നല്കിയ യുഗപുരുഷന്. ഭഗവാന് കൃഷ്ണന്റെ ഭാവരൂപങ്ങളും, സത്കര്‍മങ്ങളും, ചിന്താസരണിയും തന്റെ സതീര്‍ത്ഥ്യര്‍ക്ക് ആവോളം നല്കി, ധര്‍മം പുലരാന്‍ വെമ്പല്‍കൊണ്ട ഭഗവാന്റെ അവതാരദിനം. ലോകമെമ്പാടുമുള്ള കോടാനുകോടി ഭക്തര്‍ ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമമിടുന്ന ആ ശുഭദിനം ഇന്ന്. ആയിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമരുളുന്ന ഭഗവാനിന്ന് തന്റെ ജനനവും, ബാല്യകാല ലീലകളും അവതാരം കൃഷ്ണനാട്ടം കളിയിലൂടെ ഭക്തര്‍ക്ക് പകര്‍ന്ന് നല്‍കും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ തനത് കലയായ കൃഷ്ണനാട്ടം, അവതാരം കഥയിലൂടെയാണ് ഇന്ന് അരങ്ങ് തകര്‍ക്കുന്നത്. ഒട്ടനവധി സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളെ കോര്‍ത്തിണക്കി ഭഗവദ് സ്വരൂപം ഭക്തരുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നടത്തുന്ന തരത്തിലാണ് അവതാരം കഥ, കളിയായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭൂമിയില്‍ ദുഷ്ടജനങ്ങളുടെ സാന്നിധ്യത്താല്‍ ഭാരം താങ്ങാനാവുന്നില്ലെന്ന് ബ്രഹ്മാവിനോട് ഭൂമീദേവി സങ്കടം ബോധിപ്പിക്കുന്ന സങ്കീര്‍ണമായ സാഹചര്യത്തോടെയാണ് അവതാരം കഥ തുടങ്ങുന്നത്. രാത്രി 10 ന് ആരംഭിക്കുന്ന കളി, ശ്രീകൃഷ്ണ ഭഗവാന്റെ ജനന സമയമായ 12 ന് അവതാരമെടുക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.
പൊന്നുണ്ണിക്കണ്ണന്റെ പിറന്നാള്‍ ആഘോഷമായ ദിനമായ ഇന്ന്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ശ്രീകൃഷ്ണാവതാരം കഥയിലൂടെ ദേവകി-വസുദേവരുടെ എട്ടാമത്തെ പുത്രനായ കണ്ണനാണ് ഇന്ന് അരങ്ങില്‍ നിറഞ്ഞാടുന്നത്. ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക് പിറന്നാളാഘോഷത്തിനെത്തുന്ന പതിനായിരങ്ങള്‍, കണ്ണന്റെ മായാവിലാസങ്ങളില്‍ മതിമറന്ന് അലിഞ്ഞുചേരും. ദേവകിയും, വസുദേവരും, കൃഷ്ണനും, പൂതനയും, യശോദയും, ഒപ്പം കംസനും പ്രധാന വേഷങ്ങളിലെത്തുന്ന അവതാരം കളി, ആയുരാരോഗ്യ-സല്‍സ്വഭാവ ഐശ്യര്യ സമ്പല്സമൃദ്ധിയോടെയുള്ള സന്താന സൗഭാഗ്യത്തിനായി ഭക്തര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന വഴിപാട് കൂടിയാണ്.
ജനനത്തിനു മുമ്പ് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണിക്കുന്ന കണ്ണനോട് ബാലരൂപത്തില്‍ അവതരിക്കാന്‍ ആവശ്യപ്പെടുന്നതും, തുടര്‍ന്ന് ഉണ്ണിക്കണ്ണനാകുന്നതും, ആ കണ്ണനെ അമ്പാടിയില്‍ ചേര്‍ക്കുന്നതും കഥയെ ശോഭനമാക്കുന്നു. ഭഗവാന് ശ്രീകൃഷ്ണന്റെ ജനനവും, തുടര്‍ന്നുള്ള ബാല ലീലകളുമാണ് അവതാരം കൃഷ്ണനാട്ടത്തിലെ പ്രധാന ഇനം. വെണ്ണക്കള്ളനെ കയ്യോടെ മാതാപിതാക്കളെ ഏല്‍പ്പിക്കുമ്പോള്‍, മുല്ലവള്ളി കൊണ്ടുള്ള അമ്മയുടെ പ്രഹരത്തില്‍ കണ്ണുനീര് പൊഴിക്കുന്ന കൃഷ്ണന്റെ ദയനീയ അവസ്ഥയില്‍, ഗോപികമാര്‍ വിഷമിക്കുന്ന രംഗവും ഈ കളിയിലെ പ്രധാന ഇനമാണ്. കണ്ണന് ജനിച്ച വിവരമറിഞ്ഞ് ആക്രോശത്തോടെ കംസനെത്തുന്നു. അമ്പാടിയില്‍ ചേര്‍ത്ത കണ്ണനാരെന്നറിയാതെ മായാദേവിയെ വധിക്കാന്‍ ശ്രമിക്കുന്നതും അവതാരം കഥയെ സമ്പന്നമാക്കുന്നു. കുഞ്ഞ് അമ്പാടിയില്‍ എത്തുന്നതുള്പ്പടെ സംഭവബഹുലമായ കഥയെ കോര്‍ത്തിണക്കി നാട്യരൂപത്തില്‍ അരങ്ങേറുന്ന കൃഷ്ണനാട്ടം, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഇന്ന് നടക്കുന്ന അവതാരം കഥയില്‍, കൃഷ്ണനായി കൈലാസ് നാഥന് അരങ്ങേറ്റം കുറിക്കുമ്പോള്‍, ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ വിരമിച്ച ആശാന്മാരായ അരവിന്ദ പിഷാരോടി വസുദേവരായും, സുകുമാരന്‍ പൂതനയായും അരങ്ങുതകര്‍ക്കും. കംസനായി ആശാന് സേതുമാധവനും, ദേവകിയായി കൃഷ്ണകുമാറും, യശോദയായി മനീഷും, ബലരാമനായി ആദിത്യ ഹരിയും അരങ്ങില്‍ നിറഞ്ഞാടും. രാത്രി 10ന് തുടങ്ങുന്ന അവതാരം കൃഷ്ണനാട്ടം കളി, രാത്രി ഒന്നര വരെ നീണ്ടുനില്‍ക്കും.
കെ. വിജയന് മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: