തൃശൂര്‍: കര്‍ക്കിടക വറുതിക്ക് വിട ചൊല്ലി ഐശ്വര്യത്തിന്റേയും സമൃദ്ധിയുടെയും പുത്തന്‍പ്രതീക്ഷകളുമായി പുതുവര്‍ഷപ്പിറവിയുടെ പൊന്നിന്‍ചിങ്ങം ഇന്ന് തുടങ്ങുന്നു. ചിങ്ങം ഒന്ന്, കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളുമായി ഒരു ചിങ്ങമാസം കൂടി പിറന്നു. മാവേലിതമ്പുരാനെ വരവേല്‍ക്കാന്‍ കേരളീയര്‍ മാത്രമല്ല, പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസമെന്നാണ് വിശ്വാസം.
ഓണത്തിന്റെ വരവറിയിച്ചാണ് കൊല്ലവര്‍ഷത്തിലെ ആദ്യ മാസമായ ചിങ്ങത്തിന്റെ പിറവി. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമെല്ലാം മലയാളി മനസിനെ എക്കാലവും ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്. ഏത് നാട്ടിലായാലും മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. ചിങ്ങം പിറന്നാല്‍ പിന്നെ നാടെങ്ങും പൂക്കളാല്‍ നിറയും. തുമ്പയും മുക്കുറ്റിയും ചെമ്പരത്തിയും ചെണ്ടുമല്ലിയും ഉള്‍പ്പെടെ പാടത്തും പറമ്പുകളിലും പൂക്കളുടെ വസന്തോത്സവമാണ് ഓണനാളുകള്‍. അത്ത തലേന്ന് മുതല്‍ തിരുവോണം വരെ വര്‍ണപ്പൂക്കളമിടാനുള്ള പൂക്കള്‍ തേടി തൊടിയിലും പറമ്പുകളിലും കുട്ടിസംഘങ്ങള്‍ നിറയും.
നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ കൂടി ചിങ്ങം ഉണര്‍ത്തുന്നു. മലയാളികളുടെ പുതുവര്‍ഷമായ ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. കൃഷി വകുപ്പ് കര്‍ഷക ദിനമായാണ് ഇന്ന് ആഘോഷിക്കുന്നത്. മികച്ച കര്‍ഷകരെ ഇതോടനുബന്ധിച്ച് ആദരിക്കും. രാമായണ മാസത്തിന്റെ സമാപന ദിവസം കൂടിയായിരുന്നു ഇന്നലെ. ആടിയറുതി എന്ന പേരില്‍ ചിങ്ങത്തലേന്നായ ഇന്നലെ വീടുകളില്‍ ഒരുക്കങ്ങള്‍ നടന്നു. വീട് വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തി. ചാണകം മെഴുകിയ നിലങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് വീടുകളില്‍ ഇപ്പോഴുമുണ്ട്.
ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകള്‍ നടക്കും. മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ രാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തും. ചിങ്ങം പിറന്നതോടെ വിപണികളും സജീവമാകും. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ചിങ്ങ മാസം വ്യാപാര മേഖലയ്‌ക്ക് ചാകരക്കാലമാണ്. ഓണത്തോട് അനുബന്ധിച്ച് വിപണി ഉണരുകയും ചെയ്യും. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ഓണം കടന്നുപോയത് മലയാളികളുടെ കണ്ണീരിലൂടെയാണ്. കൊവിഡ് ഭീഷണി ഇപ്രാവശ്യം കാര്യമായില്ലെന്നതിനാല്‍ ചിങ്ങമാസത്തെയും ഓണത്തേയും കേരളീയര്‍ അളവറ്റ ആഹ്ലാദത്തോടെയും ഏറെ പ്രതീക്ഷകളോടെയാണ് വരവേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: