മുംബൈ: ചെറുപ്പം മുതലേ ഓഹരി വിപണിയോട് വലിയ കമ്പക്കാരനായിരുന്നു രാകേഷ് ജുന്ജുന്വാല. ഡിഗ്രി പഠനം കഴിഞ്ഞ ശേഷമാണ് 1985ല് സ്വന്തമായി ഓഹരിക്കച്ചവടം തുടങ്ങിയത്. വെറും 5000 രൂപ മാത്രമായിരുന്നു കൈമുതല്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു അച്ഛന്. അദ്ദേഹം സുഹൃത്തുക്കളുമായി ഓഹരിവിപണിയെക്കുറിച്ചു പറയുന്നത് സാകൂതം കേട്ടിരുന്നാണ് രാകേഷ് ജുന്ജുന്വാല ഓഹരിക്കച്ചവടത്തിന്റെ ആദ്യപാഠങ്ങള് ഹൃദിസ്ഥമാക്കിയത്. പിന്നീട് ഓഹരിക്കച്ചവടത്തിന് സഹോദരന്റെ സുഹൃത്ത് 2.5 ലക്ഷം കൊടുത്തു- ബാങ്ക് പലിശയേക്കാള് കൂടുതല് ലാഭം നേടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തുക നല്കിയത്. ഈ തുക പ്രയോജനപ്പെടുത്തി രാകേഷ് ജുന്ജുന്വാല ഉയരങ്ങളിലേക്ക് കുതിച്ചു.
ഓഹരി ബിസിനസില് ആദ്യ കുതിപ്പുണ്ടായത് ടാറ്റാ ടീയുടെ ഓഹരിയില് നിന്നാണ്. 43 രൂപ വിലയുണ്ടായിരുന്ന ടാറ്റാ ടീയുടെ 5,000 ഓഹരികള് രാകേഷ് ജുന്ജുന്വാല വാങ്ങി. മൂന്ന് മാസം കഴിഞ്ഞപ്പോള് ടാറ്റാ ടീയുടെ വില കുതിച്ചുയര്ന്ന് 143 രൂപയിലെത്തി. ഈ ഓഹരികള് വിറ്റ് നേടിയത് മൂന്ന് മടങ്ങ് ലാഭം. ഇതില് അഞ്ച് ലക്ഷം രൂപയുടെ ലാഭമുണ്ടാക്കി. അടുത്ത ഏതാനും വര്ഷങ്ങളില് തുടര്ച്ചയായി ഓഹരി വിപണിയില് നിന്നും നല്ല ലാഭം ഉണ്ടാക്കി.
1986നും 1989നും ഇടയില് 20 മുതല് 25 ലക്ഷം ലാഭം നേടി. പിന്നീട് സെസ ഗോവ (ഇപ്പോഴത്തെ വേദാന്ത) എന്ന കമ്പനിയില് നിക്ഷേപിച്ചു. 28 രൂപയ്ക്ക് വാങ്ങിയ ഈ ഓഹരി 65 രൂപയിലേക്ക് കുതിച്ചു. ഇതിലും ലക്ഷങ്ങള് നേട്ടമുണ്ടാക്കി.
ഇതിനിടെ ഭാര്യ രേഖ റെയര് എന്റര്പ്രൈസസ് എന്ന പേരില് ഓഹരിക്കച്ചവടം നടത്താന് ഒരു കമ്പനി മുംബൈയില് തുടങ്ങി. 2002-2003ല് രാകേഷ് ജുന്ജുന്വാല ടൈറ്റന് കമ്പനിയുടെ ഓഹരി മൂന്ന് രൂപ എന്ന ശരാശരി വിലയ്ക്ക് വാങ്ങി. ടാറ്റയുടെ വാച്ച് കമ്പനിയായ ടൈറ്റന് കമ്പനിയുടെ 4.4 കോടി ഓഹരികള് ഒരു ഘട്ടത്തില് രാകേഷ് വാങ്ങിയിരുന്നു. അതായത് ടൈറ്റന് കമ്പനിയുടെ ആകെ ഓഹരികളില് 5.1 ശതമാനത്തോളം ഓഹരികള്. ഈ ഓഹരികള് ഇന്നും രാകേഷ് ജുന്ജുന്വാലയുടെ കൈകളിലുണ്ട്. ഇതിന്റെ ഇപ്പോഴത്തെ ഒരു ഓഹരി വില 2140 രൂപയാണ്. ഈ ഓഹരികളുടെ ഇപ്പോഴത്തെ വിപണി വില 9544 കോടി രൂപയാണ്.
2004ല് വാങ്ങിയ പ്രജ് ഇന്ഡസ്ട്രീസ് ഓഹരി 250 മടങ്ങ് ലാഭത്തിനാണ് വിറ്റത്. ലൂപിന് എന്ന കമ്പനിയുടെ ഓഹരി 150 രൂപയ്ക്ക് വാങ്ങി വിറ്റത് 635 രൂപയ്ക്ക്. ഇതുകൂടാതെ പല ഇരട്ടിയായി വാങ്ങി വിറ്റ മറ്റ് ഓഹരികളില് ക്രിസില്, ഓരോബിന്ദോ ഫാര്മസി എന്നിവ ഉള്പ്പെടും.
2021ല് രാകേഷ് ജുന്ജുന്വാല പത്രവാര്ത്തകളില് ഇടം പിടിച്ചത് വെറും എട്ട് ദിവസത്തിനുള്ളില് 50 കോടി ലാഭമുണ്ടാക്കിയ ഇടപാടിന്റെ പേരിലായിരുന്നു. ടൈറ്റന്, സ്റ്റാര് ഹെല്ത്ത്, ടാറ്റാ മോട്ടോഴ്സ്, എസ്കോര്ട്സ്, ക്രിസില് എന്നീ അഞ്ച് ഓഹരികളില് നിന്നായിരുന്നു ഈ ലാഭം.
ഇദ്ദേഹം നിരവധി കമ്പനികളിലും നിക്ഷേപം നടത്തിയിരുന്നു. ആപ്ടെക്, ഹംഗാമ ഡിജിറ്റല് മീഡിയ എന്നിവയില് അദ്ദേഹം നിക്ഷേപിച്ചു. പ്രൈം ഫോകസ്, ജിയോജിത് ഫിനാന്ഷ്യല്, ബില്കെയര്, പ്രജ് ഇന്ഡസ്ട്രീസ്, പ്രൊവോഗ്,കോണ്കോര്ഡ്, മിഡ് ഡേ മള്ട്ടിമീഡിയ, നാഗാര്ജുന കണ്സ്ട്രക്ഷന്, വൈസറോയി ഹോട്ടല്സ്, ടോപ്സ് സെക്യൂരിറ്റി എന്നീ കമ്പനികളുടെ ഡയറക്ടര് ബോര്ഡില് ചേര്ന്നു. ഇപ്പോള് ബില് കെയര് എന്ന കമ്പനിയുടെ 13 കോടി രൂപയുടെ ഓഹരികള് കൈവശമുണ്ട്. കാനറ ബാങ്കിന്റെ 742 കോടി രൂപയുടെ ഓഹരികള്, ജിയോജിത്തിന്റെ 90 കോടി രൂപയുടെ ഓഹരികള്, ജൂബിലന്റ് ഇന്ഗ്രേവയുടെ 250 കോടി രൂപയുടെ ഓഹരികള്, ടൈറ്റന്റെ 9544 കോടി രൂപയുടെ ഓഹരികള്, എന്സിസിയുടെ 455 കോടി രൂപയുടെ ഓഹരികള്, ഫോര്ടിസ് ഹെല്കെയറിന്റെ 808 കോടി രൂപയുടെ ഓഹരികള് എന്നിവ ജുന്ജുന്വാലയുടെ കൈകളില് ഉണ്ട്.
പുതുതായി സാധാരണക്കാര്ക്ക് കുറഞ്ഞ നിരക്കില് യാത്ര ചെയ്യാവുന്ന ആകാശ എയര് എന്ന വിമാനക്കമ്പനിയുടെ സഹസ്ഥാപകനായിരുന്നു. ആകാശ എയര് പ്രവര്ത്തനം തുടങ്ങിയ മാസത്തില് തന്നെയാണ് ആകസ്മികമായി മരണം ഇദ്ദേഹത്തെ തട്ടിയെടുത്തത്. 35 വര്ഷത്തിന്റെ ഓഹരിക്കച്ചവടത്തില് അദ്ദേഹത്തിന്റെ ആസ്തി 40,000 കോടി രൂപയായി വളര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: