നാഗ്പുര്‍: ഇന്ത്യയുടെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ്. വൈവിധ്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ലോകം ഇന്ത്യയെ കണ്ട് പഠിക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ‘ഭാരത്@2047: മൈ വിഷന്‍ മൈ ആക്ഷന്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റനോട്ടത്തില്‍ നമ്മള് വ്യത്യസ്തരായി തോന്നാം. നമ്മള് വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നവരും, വ്യത്യസ്തമായ വിശ്വാസവും പ്രാര്‍ത്ഥനകളും ഉള്ളവരും, വ്യത്യസ്ത വസ്ത്രം ധരിക്കുന്നവരുമാണ്. എന്നാല്‍ നമ്മുടെ അസ്ഥിത്വത്തില്‍ ഐക്യമുണ്ട്. ഇന്ത്യയുടെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ്.
സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. രാജ്യത്തിനായി ഞങ്ങള്‍ തൂക്കുമരം കയറും. ഞങ്ങള്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി പാട്ടുകള്‍ പാടും. ജീവിതം ഇന്ത്യക്കായി സമര്‍പ്പിക്കണം.
ലോകം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് എന്നാല്‍ ഭിന്നസംസ്കാരങ്ങളെ ഒന്നിച്ചു കൊണ്ടു പോകുന്ന രീതി ഇന്ത്യയില്‍ മാത്രമേ ഉണ്ടാകൂ. ഭാഷയിലും വസ്ത്രധാരണത്തിലും സംസ്കാരത്തിലും ഇന്ത്യക്കാര്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ട്. പക്ഷേ ഇടുങ്ങിയ മനോഭാവം മാറ്റിവച്ച് ദേശീയതയുടെ വിശാലമായ അര്‍ത്ഥം ഉള്‍ക്കൊണ്ട് കാര്യങ്ങളെ സമീപിക്കാന്‍ സാധിക്കണം. രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ് രാജ്യത്ത് വിവിധ ജാതി സമൂഹങ്ങളുണ്ട് എന്നാല്‍ എല്ലാവരേയും സമത്വത്തോടെ കാണാന്‍ നമ്മുക്ക് സാധിക്കണം.
ആരും നമ്മോട് പറയാത്തതും നമ്മെ പഠിപ്പിക്കാത്തതുമായ നിരവധി ചരിത്ര സംഭവങ്ങള്‍ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സംസ്കൃത വ്യാകരണത്തിന്റെ ഉത്ഭവ സ്ഥാനം ഇന്ത്യയിലല്ല. അത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചോദ്യമുയര്‍ന്നിട്ടുണ്ടോ? ഇതിന് പ്രധാന കാരണം നാം നമ്മുടെ ജ്ഞാനവും അറിവും മറന്നുപോയി എന്നതാണ്. ഇതിന് പിന്നാലെ നമ്മുടെ ഭൂമി വിദേശീയര്‍ കീഴടക്കുകയും ചെയ്തത് ആ മറവിക്ക് ആക്കം കൂട്ടി. നാം ജാതിക്കും സമാനമായ മറ്റ് ഘടനകള്‍ക്കും അനാവശ്യമായി പ്രാധാന്യം നല്‍കിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
തൊഴിലിന് വേണ്ടി രൂപീകരിച്ച സംവിധാനങ്ങളെ ജനങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമിടയില്‍ വ്യത്യാസങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ചു. ഭാഷ, വസ്ത്രം, സംസ്കാരം എന്നിവയില്‍ ചെറിയ വ്യത്യാസങ്ങള്‍ നമ്മള് തമ്മിലുണ്ടായിരിക്കാം. എന്നാല്‍ ഇത്തരം ചെറിയ വ്യത്യാസങ്ങളില്‍ മനസിനെ അകപ്പെടുത്തി കളയരുത്. രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്. വിവിധ ജാതികളില്‍ നിന്നുള്ള എല്ലാ മനുഷ്യരും തന്റേത് കൂടിയാണ്. അത്തരമൊരു വാത്സല്യ മനോഭാവമാണ് നമ്മളിലുണ്ടാകേണ്ടതെന്നും സര് സംഘചാലക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: