ജസ്റ്റിസ് കെ. ടി. തോമസ് (റിട്ട. സുപ്രീംകോടതി ജഡ്ജി)
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമാകുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ റിപ്പബ്ലിക്കായി. ഭരണഘടനയുടെ കീഴിലാണ് എല്ലാം. ആരാണ് ഭരണഘടന സൃഷ്ടിച്ചതെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പറയുന്നു. ‘ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി നിര്‍മിച്ചിരിക്കുന്ന ഭരണഘടന.’- അതില്‍ അടിസ്ഥാനതത്വങ്ങളെല്ലാം പറയുന്നുണ്ട്. ജുഡീഷ്യറിയും ലെജിസ്ലേറ്റീവും മറ്റെല്ലാം ആ ഭരണഘടനക്കുള്ളിലാണ്. ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അത്ഭുതം ഇന്ത്യന്‍ ഭരണഘടനയാണ്. 1950 ജനുവരി 26 മുതല്‍ ഇന്ന് ഈ നിമിഷം വരെ നമ്മുടെ രാജ്യവും ജനാധിപത്യവും കുഴപ്പമൊന്നുമില്ലാതെ സഞ്ചരിച്ചത്, ഇനിയും സഞ്ചരിക്കുന്നത് അതിന്റെ കരുത്തിലാണ്. ഇതാണ് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേകത.
1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എനിക്കു പത്തുവയസ്സാണ്. ഞാനന്ന് സിഎംഎസ് കോളജ് ഹൈസ്കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുകയാണ്. അതായത് ഇന്നത്തെ അഞ്ചാം ക്ലാസില്‍. സര് സിപിയുടെ ഭരണത്തിലാണ് അന്നു തിരുവിതാംകൂര്‍. തിരുനക്കര മൈതാനത്തിന്റെ തൊട്ടു കിഴക്കുഭാഗത്താണ് ഞങ്ങളുടെ തറവാട്. പുരയിടത്തിനു ചുറ്റും കടമുറികളൊക്കെയുണ്ട്. ഇന്നത്തെപ്പോലെയല്ല അന്നു റോഡ്. കാളവണ്ടികളൊക്കെയേ അതുവഴി പോകാറുള്ളൂ. വല്ലപ്പോഴും ഒരു ബസോ കാറോ പോകും. പണ്ട് ആഴ്ചച്ചന്തയ്ക്കെത്തിയിരുന്ന കാളവണ്ടികള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലം പില്ക്കാലത്ത് മൈതാനമായി മാറിയതാണ്. എന്റെ ഓര്മ തുടങ്ങുന്ന കാലം തൊട്ട് അത് തിരുനക്കര മൈതാനമാണ്. അതിനു നാലുചുറ്റും കമ്പിയഴികള്‍ നാട്ടിയിട്ടുണ്ട്. അതിനുമപ്പുറത്ത് ഇന്ന് ജോസ്കോ ജ്വല്ലേഴ്സ് ഇരിക്കുന്ന സ്ഥലത്താണ് അന്നത്തെ പോലീസ് സ്റ്റേഷന്.
സ്വാതന്ത്ര്യം കിട്ടിയ ദിവസം അതിരാവിലെ ഉണര്ന്നപ്പോള്ത്തന്നെ തിരുനക്കര മൈതാനത്ത് പ്രധാനപ്പെട്ട എന്തെങ്കിലും നടക്കുമെന്ന് എനിക്കു തോന്നി. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ അതിനുള്ള ഒരുക്കവും നടന്നുകാണുമല്ലോ. അതൊന്നറിയാമെന്നു കരുതി ഞാന്‍ മൈതാനത്തേക്കു നടന്നു. റോഡ് മുറിച്ചുകടന്ന് കമ്പിയഴികള്‍ക്കിടയിലൂടെ മൈതാനത്തെത്തി. ഏഴുമണിയായിട്ടുണ്ടാവും. മൈതാനത്ത് ആുരമില്ല. അതിന്റെ ഒത്തനടുക്ക് വലിയൊരു കമുക് കൊടിമരമായി നാട്ടിയിട്ടുണ്ട്. അതിന്റെ മുകളില്‍ ഒരു ത്രിവര്‍ണ്ണ പതാക മടക്കി കെട്ടിവച്ചിരിക്കുന്നു. എനിക്കു കൗതുകമായി. അന്നുവരെ ഞാന്‍ കണ്ടിട്ടുള്ളത് പതാക താഴെനിന്ന് ചരടില്‍കെട്ടി വലിച്ചുയര്‍ത്തുന്നതാണ്. ഇവിടെ പക്ഷേ ഉയര്‍ത്തിവച്ചിരിക്കുന്നു. അതും മടക്കിക്കെട്ടി. അതിന്റെ ചരട് താഴേക്ക് നീണ്ടുകിടക്കുന്നുമുണ്ട്. കുസൃതി കൊണ്ടോ ആകാംഷ കൊണ്ടോ, ഞാനാ ചരടില്‍ പിടിച്ചു പതിയെ വലിച്ചു നോക്കി. പെട്ടെന്നു പതാക കെട്ടഴിഞ്ഞു വിടര്‍ന്നു. അതിനുള്ളില്‍ നിന്ന് പൂക്കള്‍ താഴേക്കു ചിതറിവീണു. പതാക കാറ്റില്‍ പറക്കുകയാണ്. ചെയ്തതു മണ്ടത്തരമായെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അപ്പുറത്ത് പോലീസ് സ്റ്റേഷനിലിരുന്ന ഒരു പോലീസുകാരന് ഇതു കണ്ടു. ‘ഡാ’ എന്നൊരലര്‍ച്ചയും. ഭയന്നുപോയ ഞാന്‍ ഒരൊറ്റയോട്ടം. ഓടി വീട്ടിലെത്തി മുറിക്കകത്തു കയറി ഒളിച്ചു. എന്തായാലും പോലീസുകാരന് പിന്നാലെ വന്നില്ല.
എട്ടുമണിക്ക് പതാകയുയര്‍ത്താന്‍ മൈതാനത്തെത്തിയ ആളുകള്‍ നോക്കുമ്പോള്‍ കൊടിമരത്തിനു മുകളില്‍ പതാക വിടര്‍ന്നു പറക്കുകയാണ്. ആരാണ് ഉയര്‍ത്തിയതെന്ന് ചര്‍ച്ചയായി. ഞാനപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി പതിയ ആളുകള്‍ക്കിടയിലൂടെ അവിടെച്ചെന്നു. ഞാനാണ് ഉയര്‍ത്തിയതെന്ന് ആര്‍ക്കുമറിയില്ലല്ലോ. അടുത്ത നടപടിയെപ്പറ്റിയാണ് ചര്‍ച്ച. എന്റെയോര്‍മ ശരിയാണെങ്കില്‍ സി. കെ. മാണി എന്നൊരാളാണ് പതാകയുയര്‍ത്തലിന്റെ നേതാവ്. അദ്ദേഹവും മറ്റു നേതാക്കളുമായി കൂടിയാലോചിച്ചു. ആരെയെങ്കിലും കയറ്റി പതാക അഴിക്കാനൊന്നും ഇനി പറ്റില്ലല്ലോ. അതുകൊണ്ട് പതാക ഉയര്‍ത്തിയതായി അവര്‍ പ്രഖ്യാപിച്ചു. അവരെല്ലാം കോണ്‍ഗ്രസുകാരാണ്. ഖദര്‍ധാരികള്‍. അവര്‍ വന്ദേമാതരം പാടി പതാകയെ വന്ദിച്ചു. പിന്നെ മധുരപലഹാരം വിതരണം ചെയ്തു പിരിഞ്ഞു. അതോടെ രാവിലത്തെ പരിപാടി കഴിഞ്ഞു. എന്റെ പേടിയും പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: