ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് വീണ്ടും കോവിഡ് ബാധിച്ചതായി കോണ്‍ഗ്രസ്. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നേരത്തെ ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസയച്ചതിന് പിന്നാലെ ജൂണ്‍ രണ്ടിന് സോണിയ്‌ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
കോവിഡ് പരിശോധനയില്‍ സോണിയാഗാന്ധിക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേഷ് ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ പ്രൊട്ടോക്കോള്‍ അനുസരിച്ച് സോണിയ ഒറ്റയ്‌ക്ക് കഴിയുമെന്നും ജയ്റാം രമേഷ് പറഞ്ഞു.
നേരത്തെ ജൂണ്‍ എട്ടിന് ഇഡി ചോദ്യം ചെയ്യാനിരിക്കെ ജൂണ്‍ രണ്ടിന് സോണിയയെ കോവിഡ് പോസിറ്റീവ് കാരണം തനിയെ പാര്‍പ്പിച്ചിരുന്നു. പിന്നീട് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലായിലാണ് സോണിയയെ ചോദ്യം ചെയ്തത്.
സോണിയ രോഗത്തില്‍ നിന്നും വേഗത്തില്‍ മുക്തി നേടട്ടെ എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആശംസിച്ചു. ഇതിനിടെ സോണിയാഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കുമെതിരെ നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുരുക്കുകള്‍ മുറുകുകയാണ്. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട സ്വത്തുക്കളുടെ ഉടമയായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് എന്ന കമ്പനിയെ 50 ലക്ഷത്തിന് സ്വന്തമാക്കുകയായിരുന്നു യംഗ് ഇന്ത്യന്‍ എന്ന കമ്പനി. ഈ കമ്പനിയില്‍ 76 ശതമാനം സ്വത്തും രാഹുലിന്റെയും സോണിയയുടെയും പേരിലാണ്. ബാക്കി ഓഹരികള്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ എന്നിവരുടെ പേരിലായിരുന്നു. ഇതില്‍ മോത്തിലാല്‍ വോറ 2020ല്‍ മരിച്ചു. ഓസ്കാര്‍ ഫെര്‍ണാണ്ടസ് 2021ലും മരിച്ചു.
കോണ്‍ഗ്രസിന്റെ മാധ്യമമായ നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട ഏകദേശം 900 കോടി വിലയുള്ള മുഴുവന്‍ സ്വത്തുക്കളും(ഇന്ത്യയിലെ പല നഗരങ്ങളിലും പ്രധാനപ്പെട്ട ഇടങ്ങളില്‍ ഭൂമിയും കെട്ടിടങ്ങളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ പേരില്‍ ഉണ്ട്. ) കൈമാറപ്പെട്ടതിന് പിന്നില്‍ ഒട്ടേറെ സംശയാസ്പദ ഇടപാടുകള്‍ നടന്നതായി പറയപ്പെടുന്നു. ഈ സാമ്പത്തിക ഇടപാടുകള്‍ എല്ലാം നടത്തിയത് കോണ്‍ഗ്രസ് ട്രഷററായ മോത്തിലാല്‍ വോറയാണെന്ന് മൊഴി നല്‍കി രക്ഷപ്പെടാനാണ് സോണിയയും രാഹുലും ശ്രമിക്കുന്നത്. 2020ന് മോത്തിലാല്‍ വോറ മരണപ്പെട്ടിരുന്നു. എന്നാല്‍ മോത്തിലാല്‍ വോറയാണ് ഈ സാമ്പത്തിക ഇടപാടുകള്‍ എല്ലാം നടത്തിയിരുന്നതെന്ന് തെളിയിക്കാനുള്ള ഒരു രേഖകളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടില്ല. വീണ്ടും ഇഡി സോണിയയെയും രാഹുല്‍ഗാന്ധിയെയും ചോദ്യം ചെയ്യാനിരിക്കുകയാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഈ കേസ് 2010 മുതലുള്ള കോടതി വാദങ്ങളിലൂടെ പുറത്ത് കൊണ്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: