കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ മതപണ്ഡിതനായ ഷെയ്ഖ് റഹിമുള്ള ഹഖാനി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച അദ്ദേഹത്തിന്റെ ഓഫീസിനുള്ളില്‍ വെച്ചാണ് ചാവേര്‍ ആക്രമണമുണ്ടായത്. കൃത്രിമ കാലില്‍ ബോംബ് ഒളിപ്പിച്ചെത്തിയാണ് ചാവേര്‍ സ്ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
അഫ്ഗാന് തലസ്ഥാന നഗരിയില്‍ ഇസ്ലാം മത പഠന കേന്ദ്രത്തിന് മുന്നിലായാണ് ചാവേര്‍ ആക്രമണമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന് അനുകൂലിയായ ഹഖാനി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ അനുകൂലിച്ചിരുന്നു. ഖൊറാസാന്‍ പ്രവിശ്യയിലെ ഐഎസ് നീക്കങ്ങളുടെ കടുത്ത വിമര്‍ശകനും അഫ്ഗാനിലെ താലിബാന് ഭരണത്തെ പിന്തുണച്ച മതനേതാവുമായിരുന്നു. അദ്ദേഹത്തെ ലക്ഷ്യമിട്ട് ഐഎസ് ഇതിന് മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്.
2020ല്‍ പാക്കിസ്ഥാനിലെ പെഷാവാറില്‍ ഒരു സ്കൂളിന് നേരെ ആക്രമണം നടക്കുമ്പോള്‍ ഹഖാനി അവിടെയുണ്ടായിരുന്നു. ഈ സംഭവത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടെങ്കിലും അന്ന് ഹഖാനി രക്ഷപ്പെട്ടിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
താലിബാന് അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തശേഷം ഐഎസ് കൊലചെയ്യുന്ന രാജ്യത്തെ ഏറ്റവും പ്രമുഖ നേതാവാണ് ഹഖാനി. അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് ഒരു തീരാ നഷ്ടമാണെന്ന് മുതിര്‍ന്ന താലിബാന് നേതാവ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചിട്ടുണ്ട്. മുമ്പ് രണ്ട് തവണഹഖാനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: