ചാത്തന്നൂര്‍: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കരാര്‍ ജീവനക്കാരായ ഹൗസ് കീപ്പിങ് തൊഴിലാളികളുടെ ദുരിതം കാണാതെ അധികൃതര്‍. മെഡിക്കല്‍ കോളേജില്‍ വിവിധ മേഖലകളിലായി ഏജന്‍സി മുഖേന തൊഴിലെടുക്കുന്ന 175 ജീവനക്കാരാണ് നിത്യവൃത്തിക്കായി വലയുന്നത്.
മൂന്നര മാസത്തെ ശമ്പളം ഇതുവരെ നല്‍കിയില്ല. ഏപ്രില്‍ വരെയുള്ള ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ വേതനം ആഗസ്റ്റ് പകുതി കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല. വീട്ടുവാടക കൊടുക്കാന്‍ നിര്‍വാഹമില്ലാത്തവരും ഇവിടുത്തെ ജോലി കൊണ്ട് കുടുംബം പോറ്റുന്നവരുമാണ് ഭൂരിഭാഗവും. കടം വാങ്ങിയാണ് പലരും ജീവിതം തള്ളിനീക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കടം വാങ്ങിയ തുകപോലും തിരികെ നല്‍കാനായിട്ടില്ല. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും കൂടാതെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലിക്കെത്തുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.
ദൂരെ നിന്നും ജോലിക്ക് എത്തുന്ന തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ദിവസവും 100 മുതല്‍ 150 രൂപയാണ് ഇവരുടെ യാത്രാച്ചെലവ്. ആഹാരത്തിനും മറ്റും വേറെ വേണം. മെഡിക്കല്‍കോളേജ് അധികൃതരും കരാറെടുത്തവരും തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കൊവിഡ് മഹാമാരിയില്‍ സ്വന്തം ജീവന്‍പോലും പണയംവെച്ച് ആശുപത്രിക്കൊപ്പം നിന്നു പ്രവര്‍ത്തിച്ച തൊഴിലാളികളുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
കരാര്‍പ്രകാരം യഥാസമയം ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വം പാലിക്കാന്‍ കരാറുകാരും തയ്യാറാകുന്നില്ല. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ശമ്പളവര്‍ധനയും ഇതുവരെ നടപ്പാക്കിയില്ല. വിലക്കയറ്റം രൂക്ഷമായിട്ടും മറ്റെല്ലാ മേഖലയിലും വേതനവര്ധനയുണ്ടായിട്ടും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹൗസ് കീപ്പിങ് തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: