ബീഹാറില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസ്സും മറ്റും ഉള്‍പ്പെടുന്ന മഹാഗഢ്ബന്ധന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അധാര്‍മികമാണ്. ബിജെപിക്കൊപ്പം ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ജനവിധിയെ വഞ്ചിക്കുകയും, ബീഹാറിലെ ജനതയെ അപമാനിക്കുകയുമാണ് ഇതിലൂടെ നിതീഷ് ചെയ്തിരിക്കുന്നത്. ആര്‍ജെഡി നേതൃത്വം നല്‍കിയ ‘ജങ്കിള്‍രാജിനെ’ തള്ളി ബിജെപിക്കൊപ്പം ചേര്‍ന്നയാളാണ് നിതീഷ്. ഒരിക്കല്‍ക്കൂടി അവര്‍ക്കൊപ്പം കൈകോര്‍ക്കുമ്പോള്‍ അഴിമതി വാഴ്ച തിരിച്ചുകൊണ്ടുവരികയാണ് നിതീഷ് ചെയ്യുന്നത്. എന്‍ഡിഎ സഖ്യം വിടാന്‍ നിതീഷ് പറയുന്ന കാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. തന്നെ ബിജെപി അപമാനിച്ചുവെന്ന് നിതീഷ് പറയുന്നത് നന്ദിയില്ലായ്മയാണ്. തരംതാണ രാഷ്‌ട്രീയമാണ് ഇതിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ എന്‍ഡിഎ ജയിച്ചത് മോദി സര്‍ക്കാരിനുള്ള അംഗീകാരത്തിലാണ്. ഏറ്റവും കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് ലഭിച്ചിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കിത് ബിജെപി നേതൃത്വത്തിന്റെ മഹാമനസ്‌കതകൊണ്ടായിരുന്നു. ഒരുതരത്തിലുള്ള അവഗണനയും ബിജെപിയില്‍നിന്നോ കേന്ദ്രസര്‍ക്കാരില്‍നിന്നോ ഉണ്ടായിട്ടില്ല. നേരെ മറിച്ച് ബീഹാറിന്റെ വികസനത്തിനുവേണ്ടി കലവറയില്ലാതെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ നിതീഷ് പലപ്പോഴും അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇത് ബീഹാറിലെ ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യവുമാണ്.
നിതീഷ് കുമാര്‍ എന്ന രാഷ്‌ട്രീയ നേതാവിന്റെ അധികാരമോഹവും സംശയരോഗവുമാണ് എന്‍ഡിഎ സഖ്യത്തില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ പ്രേരിപ്പിച്ചത്. പതിനാറ് വര്‍ഷമായി ബീഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന നിതീഷ് പ്രധാനമന്ത്രി പദം മനസ്സില്‍ താലോലിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. പൊതുതെരഞ്ഞെടുപ്പുകളുടെ കാലത്ത് ചില മാധ്യമങ്ങള്‍ നിതീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ യോഗ്യനാണെന്ന് പറയുക പതിവാണ്. ഇത് നിതീഷിന്റെ വ്യാമോഹം വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന് ചിലരെങ്കിലും കരുതുന്ന പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടിയതും, സ്വന്തം പാര്‍ട്ടിയുടെ ഉപാധ്യക്ഷനാക്കിയതും പ്രധാനമന്ത്രി പദത്തില്‍ കണ്ണുവച്ചായിരുന്നു. ബിജെപിക്കൊപ്പം നിന്നാല്‍ ഈ മോഹം പൂവണിയാന്‍ പോവുന്നില്ലെന്നു മനസ്സിലാക്കിയാണ് നിതീഷ് കളംമാറ്റി ചവിട്ടിയിരിക്കുന്നത്. രാഷ്‌ട്രീയ നേതാവെന്ന നിലയ്‌ക്ക് തന്റെ പാര്‍ട്ടിയായ ജെഡിയുവില്‍പ്പോലും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന നേതാവാണ് നിതീഷ്. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനായ ആര്‍.സി.പി സിങ്ങിന് കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത് നിതീഷിനെ അസഹിഷ്ണുവാക്കി. കൂടുതല്‍ കാര്യശേഷിയുള്ള ആര്‍സിപി പാര്‍ട്ടിയില്‍ തന്നെ മറികടന്നുപോകുമോയെന്ന് നിതീഷ് ഭയന്നു. രാജ്യസഭയില്‍ രണ്ടാമൂഴം നല്‍കാതെ സിങ്ങിന് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെടുത്തിയത് ഇതിനാലാണ്. ആര്‍സിപിയെ ഉപയോഗപ്പെടുത്തി ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണം നിതീഷ് ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. മഹാരാഷ്‌ട്രയില്‍ ശിവസേന പിളര്‍ന്ന് ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് ഇത്തരമൊരു ആക്ഷേപം വിറ്റഴിക്കാനുള്ള അവസരമായെടുക്കുകയും ചെയ്തു.
ചില മാധ്യമങ്ങളുടെ കഥമെനയിലനപ്പുറം ദേശീയമായ അംഗീകാരമോ കാര്യപ്രാപ്തിയോ ഉള്ള നേതാവല്ല നിതീഷ് കുമാര്‍. ബീഹാറില്‍പ്പോലും സ്വന്തമായി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷിയില്ല. ബീഹാറിനപ്പുറത്ത് ആരും നിതീഷിനെ നേതാവായി കരുതുന്നുമില്ല. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ സഖ്യത്തെ നയിക്കുക നരേന്ദ്ര മോദി തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. ബിജെപിക്കും മോദിക്കും ബദലില്ലെന്ന് രാഷ്‌ട്രപതി-ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുകയും ചെയ്തിരിക്കുന്നു. നല്ലൊരു മത്സരം കാഴ്ചവയ്‌ക്കാന്‍ പോലുമുള്ള കരുത്ത് കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്നില്ല. ബിജെപിയെ നേരിടുന്നതില്‍ പ്രതിപക്ഷത്തെ ഈ ആശയക്കുഴപ്പം മുതലെടുക്കാനാണ് നിതീഷ് നോക്കുന്നത്. ദേവഗൗഡയും ഐ.കെ. ഗുജ്‌റാളും ചന്ദ്രശേഖറുമൊക്കെ പ്രധാനമന്ത്രിമാരായതാണ് നിതീഷിനെ വ്യാമോഹിപ്പിക്കുന്നത്. ദേവഗൗഡയുടെയും ഗുജ്‌റാളിന്റെയുമൊക്കെ ഭരണം രാജ്യത്തിന് ദുരന്തമായത് എങ്ങനെയാണെന്ന അനുഭവം ജനങ്ങള്‍ക്കു മുന്നിലുണ്ട്. നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം പോലും പ്രതിപക്ഷത്തെ പല കക്ഷികളും അംഗീകരിക്കില്ല എന്നതാണ് വസ്തുത. അധികാരത്തിനുവേണ്ടി തരാതരംപോലെ ആരുമായും കൂട്ടുചേരുന്ന, വിശ്വാസ്യത തീരെയില്ലാത്ത ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. എല്ലാറ്റിനുമുപരി വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്ന സ്ഥിരതയുള്ള ഭരണമാണ് മോദി സര്‍ക്കാര്‍ കാഴ്ചവയ്‌ക്കുന്നത്. അധികാരത്തിനുവേണ്ടി മാത്രം ഒന്നിക്കുന്നവരെ ഇതിനു ബദലായി ജനങ്ങള്‍ കാണുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: