ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയക്കെടുതി പതിവായിട്ടും പാഠമുള്‍ക്കൊള്ളാതെ സംസ്ഥാന സര്‍ക്കാര്‍. എസി കനാല്‍ നവീകരിച്ച് തുറന്നു കൊടുത്താല്‍ വെള്ളപ്പൊക്കത്തിനു പരിഹാരമാകുമെന്ന പഠന റിപ്പോര്‍ട്ടുകളില്‍ നടപടിയില്ല.
ഡോ. എം.എസ്. സ്വാമിനാഥന് കമ്മിഷന് പാക്കേജില്‍ പ്രഥമ പരിഗണന നേടിയ പദ്ധതികളിലൊന്നാണ് എസി കനാല്‍ നവീകരണം. മനയ്ക്കച്ചിറ മുതല്‍ ഒന്നാംകര വരെയുള്ള കനാല്‍ 50 മീറ്റര്‍ വീതിയിലെങ്കിലും നെടുമുടിയിലേക്കും അവിടെ നിന്നു പള്ളാത്തുരുത്തി ആറ്റിലേക്കും തുറന്നാലേ കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കാനാകൂയെന്നതായിരുന്നു പാക്കേജിലെ പ്രധാന നിര്‍ദേശം. ഇതനുസരിച്ച് കേന്ദ്ര ജല കമ്മിഷന്റെ നിര്‍ദേശാനുസരണം ജലവിഭവ വകുപ്പ് 80 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കി. മൂന്നു ഘട്ടമായി നവീകരിക്കാനായിരുന്നു പദ്ധതി. നിര്‍ദേശം പരിഗണനയിലാണെന്നും മദ്രാസ് ഐഐടി പഠനം നടത്തുകയാണെന്നുമായിരുന്നു മന്ത്രിമാരുടെ പ്രഖ്യാപനം. എന്നാല്‍ പഠനം എന്തായെന്ന് ആര്‍ക്കുമറിയില്ല.
ആദ്യഘട്ടം നടന്നെങ്കിലും രണ്ടും മൂന്നും ഘട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല. ആദ്യഘട്ടത്തിന്റെ ഭാഗമായി മനയ്ക്കച്ചിറ മുതല്‍ ഒന്നാംകര വരെ ആഴം കൂട്ടി, സംരക്ഷണ ഭിത്തി കെട്ടി. രണ്ടാം ഘട്ടം ഒന്നാംകര മുതല്‍ നെടുമുടി വരെയും മൂന്നാം ഘട്ടം നെടുമുടി മുതല്‍ പള്ളാത്തുരുത്തി വരെയുമുള്ള ഭാഗങ്ങള്‍ തുറക്കാനായിരുന്നു തീരുമാനം.
ഇതിനായി സര്‍വേ നടത്തിയിരുന്നു. കൈയേറ്റമൊഴിപ്പിക്കലും പുനരധിവാസവുമാണ് തുടര്‍ നടപടികള്‍ക്കു തടസ്സമായത്. ഒന്നാംകര-പള്ളാത്തുരുത്തി ഭാഗത്ത് 258 കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. റവന്യൂ വകുപ്പിനായിരുന്നു സര്‍വേ ചുമതല. സംഘടിത മതശക്തികളും വന്‍ സ്വാധീനമുള്ളവരുമായിരുന്നു കൈയേറ്റക്കാരില്‍ കൂടുതലും. ഇവരുടെ സമ്മര്‍ദത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ശത കോടികള്‍ മുടക്കി എസി റോഡ് നവീകരിക്കുന്നതിനു മുമ്പു കനാല്‍ നവീകരണം പൂര്‍ത്തിയായിരുന്നെങ്കില്‍ ചെറുമഴയില്‍ തന്നെ റോഡില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: